ഒരു പട്ടിയുടെ ‘വിലയെങ്കിലും’ തന്നുകൂടെ എന്ന് സെന്റി അടിക്കുന്നവർ ഇനി സൂക്ഷിക്കണം. കാരണം ആ വില ചിലപ്പോൾ അൻപത് കോടി രൂപ വരെയെങ്കിലും വരും. ആയിരമോ ലക്ഷമോ മാറി കോടി ആയതൊന്നുമല്ല. ബെംഗളൂരു സ്വദേശിയാണ് വൻ വിലയുള്ള അപൂർവയിനം നായയുടെ ഉടമ. അൻപത് കോടി രൂപയാണ് നായയുടെ വിലയെന്ന് ഉടമ അവകാശപ്പെടുന്നു.

ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന സങ്കരയിനം നായയ്ക്ക് കാഡബോംബ് ഒകാമി എന്നാണ് പേരിട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ നായയാണ് ഇതെന്നാണ് റിപ്പോർട്ട്. എത്ര അപൂർവ ബ്രീഡ് ആണെങ്കിലും ഇത്ര വില വരുമോ എന്ന് സമൂഹമാധ്യമങ്ങളിൽ അടക്കം ആളുകൾ സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ നിരവധി ആഗോള, ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ശരിയാണെന്ന തരത്തിൽ വാർത്ത നൽകിയിട്ടുണ്ട്.

ബെംഗളൂരു സ്വദേശിയായ ഡോഗ് ബ്രീഡർ എസ്. സതീശാണ് കാഡബോംബ് ഒകാമിയുടെ ഉടമ. 150ഓളം അപൂർവ നായ ബ്രീഡുകൾ കൈവശമുള്ള സതീശ് അവയെ വിവിധ പ്രദർശനങ്ങളിൽ എത്തിക്കാറുണ്ട്. ആ ശേഖരത്തിലെ ഏറ്റവും പുതിയ അതിഥിയാണ് ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും ചേർന്ന ഒകാമി. കഴിഞ്ഞ വർഷം 28 കോടി രൂപയ്ക്കാണ് ഒകാമിയെ വാങ്ങിയതെന്ന് സതീശ് പറയുന്നു. കമ്മീഷനും മറ്റ് ചിലവുകളും ചേർന്നപ്പോൾ വില 50 കോടി രൂപ ആയത്രേ. ചെന്നായയും കൊക്കേഷ്യൻ ഷെപ്പേർഡും തമ്മിൽ ബ്രീഡ് ചെയ്ത് ഉണ്ടാകുന്ന ലോകത്തിലെ ആദ്യ നായ ആണ് ഇതെന്നും അതുകൊണ്ടാണ് ഇത്ര വിലയെന്നുമാണ് റിപ്പോർട്ട്.

യുഎസ്സിൽ ജനിച്ച എട്ടു മാസം പ്രായമുള്ള നായക്കുട്ടിക്ക് 75 കിലോ ഭാരവും 30 ഇഞ്ച് ഉയരവുമുണ്ട്. കണ്ടാൽ ചെന്നായ ആണെന്ന് തോന്നും. എന്നാൽ അല്ല. ജോർജിയ, അർമേനിയ, അസർബൈജാൻ തുടങ്ങിയ മേഖലകളിലാണ് കൊക്കേഷ്യൻ ഷെപ്പേർഡ് ബ്രീഡ് അധികവും കണ്ടു വരുന്നത്. വേട്ടനായ്ക്കളായും കാവൽ നായ്ക്കളായും ഇവയെ ഉപയോഗിക്കുന്നു.
Cadabom Okami, a rare wolf-dog hybrid, is the world’s most expensive dog, sold for ₹50 crore. Owned by Indian breeder S. Satish, Okami weighs 75 kg at just 8 months old and appears at high-profile events.