ലോകമലയാളികൾ കാത്തിരുന്ന മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രേക്ഷക പ്രതികരണമാണ് എമ്പുരാന് ലഭിക്കുന്നത്. ആരാധകർ തിയേറ്ററുകൾ പൂരപ്പറമ്പാക്കിയപ്പോൾ ആദ്യ ദിനം തന്നെ ചിത്രം കലക്ഷൻ റെക്കോർഡുകൾ തകർക്കുമെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനുള്ളത്. പടം സൂപ്പറാണെന്നാണ് ആദ്യ ഷോ കഴിഞ്ഞപ്പോഴുള്ള പ്രേക്ഷക പ്രതികരണം.

കിടിലൻ പടമാണെന്നും ഹോളിവുഡ് സിനിമ കാണുന്ന പോലെയുണ്ട് എന്നുമാണ് ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷകർ പ്രതികരിച്ചത്. ആളുകളെ പിടിച്ചിരുത്തുന്ന ചിത്രം മികച്ച ദൃശ്യാനുഭവം നൽകുന്നതാണെന്നും ആളുകൾ പ്രതികരിച്ചു. എമ്പുരാൻ കലക്ഷൻ ആയിരംകോടി കടക്കുമെന്നാണ് ചില ആരാധകർ ആദ്യ ഷോ കഴിഞ്ഞ് പ്രതികരിച്ചിട്ടുള്ളത്.

മലയാളത്തിലെ ഹോളിവുഡ് മൂവിയെന്നും പ്രേക്ഷകർ എമ്പുരാനെ വിശേഷിപ്പിക്കുന്നു. പടം അടിമുടി ‘സ്വാഗ്’ ആണെന്നും മേക്കിങ്ങിൽ ചിത്രത്തിന് നൂറിൽ നൂറ് മാർക്കും നൽകുന്നതായും പ്രേക്ഷകർ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ചിത്രം മികച്ച റിവ്യൂ നേടുന്നു.

രാവിലെ ആറുമണിയോടെയാണ് മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാൻറെ’ ആദ്യ പ്രദർശനം തുടങ്ങിയത്. പല സ്ക്രീനുകളിലും ഒരുദിവസം തന്നെ നിരവധി ഷോകളാണ് ചിത്രത്തിന് വേണ്ടി ഒരുക്കിയിരിട്ടുള്ളത്. മോഹൻലാൽ ഉൾപ്പെടെയുള്ള നീണ്ട താരനിരയും ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് എത്തി. കൊച്ചി കവിതാ തീയേറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങൾ ആദ്യഷോയ്ക്ക് എത്തിയത്.