ഇന്ത്യൻ ഐടി മേഖലയിലെ ഭീമൻമാരാണ് ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). രത്തൻ ടാറ്റ വളർത്തിയെടുത്ത ടിസിഎസ് യഥാർത്ഥത്തിൽ സ്ഥാപിച്ചത് ഫഖീർ ചന്ദ് കോഹ്ലിയും ജെആർഡി ടാറ്റയും ചേർന്നാണ്. വിഭജനത്തിനു മുമ്പുള്ള പെഷവാറിൽ ജനിച്ച കോഹ്ലി അക്കാദമിക് മികവ്, എംഐടി പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പഠനം എന്നിവയിലൂടെ ടിസിഎസ്സിന്റെ അടിത്തറ പാകുന്നതിൽ പ്രധാന പങ്കുവഹിച്ചു.

പഠനാനന്തരം ഇന്ത്യയിലേക്ക് മടങ്ങിയ കോഹ്ലി ടാറ്റ ഇലക്ട്രിക്കിൽ ചേർന്നു. അവിടെ അദ്ദേഹത്തിന്റെ കഴിവുകൾ ജെആർഡി ടാറ്റയുടെ ശ്രദ്ധ പിടിച്ചുപറ്റി. 1969ൽ ജെആർഡി ടാറ്റ അദ്ദേഹത്തിന് ടിസിഎസ്സിന്റെ പൂർണ മേൽനോട്ടം നൽകി. പ്രാരംഭത്തിൽ അദ്ദേഹം അതേറ്റെടുക്കാൻ മടി കാണിച്ചെങ്കിലും പിന്നീട് ടിസിഎസ്സിനെ ആഗോള പ്രശസ്തിയിലേക്ക് നയിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായി. ഇത് അദ്ദേഹത്തിന് “ഇന്ത്യൻ ഐടിയുടെ പിതാവ്” എന്ന പേര് നൽകി.

കോഹ്ലിയുടെ നേതൃത്വത്തിൽ ടിസിഎസ് അതിവേഗ വളർച്ച കൈവരിച്ചു സമഗ്ര ഐടി സേവന ദാതാവായി. അമേരിക്കൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള നിർണായക കരാറുകൾ ടിസിഎസ് നേടിയതും അദ്ദേഹത്തിന്റെ കാലത്താണ്.

കോഹ്ലിയുടെ സമീപനം വൈ2കെ പോലുള്ള ഘട്ടങ്ങളിൽ കമ്പനിക്ക് താങ്ങായി. 2003ഓടെ ടിസിഎസ്സിനെ ബില്യൺ ഡോളർ വരുമാനത്തിലെത്തിക്കാൻ അദ്ദേഹത്തിനായി. കോഹ്ലിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വം തിരിച്ചറിഞ്ഞ രത്തൻ ടാറ്റ അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചു. 2020ൽ ആയിരുന്നു ഫഖീർ ചന്ദ് കോഹ്ലിയുടെ അന്ത്യം.
Faqir Chand Kohli, the Father of the Indian IT Industry, pioneered the growth of TCS and India’s digital revolution. His vision shaped India’s global IT dominance.