സൂപ്പർതാരം ദുൽഖർ സൽമാന് മൂലധന നിക്ഷേപമുള്ള ഇലക്ട്രിക് ഇരുചക്രവാഹന കമ്പനിയാണ് അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് (Ultraviolette Automotive). ടിവിഎസ് മോട്ടോർ, ക്വാൽകോം വെഞ്ച്വേർസ് തുടങ്ങിയവയുടെ പിന്തുണയുള്ള കമ്പനി ഇനീഷ്യൽ പബ്ലിക് ഓഫറിങ്ങിലൂടെ (IPO) 500 മില്യൺ ഡോളർ (4,343 കോടി രൂപ) സമാഹരിക്കാൻ പദ്ധതിയിടുകയാണ്. 2026-27ലാകും ഐപിഒ പ്രവേശനമെന്ന് അൾട്രാവയലറ്റ് സിഇഒ നാരായണൻ സുബ്രഹ്മണ്യം അറിയിച്ചു. 2026-27ൽ അൾട്രാവൈലറ്റ് ലിസ്റ്റിംഗ് പരിഗണിക്കുന്നു. വൈവിധ്യമാർന്ന ഉൽപ്പന്ന പോർട്ട്ഫോളിയോയും വിപണികളുമായി കൂടുതൽ സാന്നിധ്യം സ്ഥാപിക്കുകയാണ് ലക്ഷ്യം-അദ്ദേഹം പറഞ്ഞു.

ബെംഗളൂരു ആസ്ഥാനമായുള്ള അൾട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ഐപിഒ ഫലപ്രദമായാൽ ഒരു ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളുടെ രണ്ടാമത്തെ വലിയ ഐപിഒ ആയി അത് മാറും. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഒല ഇലക്ട്രിക് ഐപിഒ വഴി 6,145 കോടി രൂപ സമാഹരിച്ച് റെക്കോർഡ് ഇട്ടിരുന്നു.

അടുത്ത മാസം ലിസ്റ്റ് ചെയ്യാനിരിക്കുന്ന ഹീറോ മോട്ടോകോർപ്പിന്റെ പിന്തുണയുള്ള ഏഥർ എനർജി ഓഹരി വിൽപ്പനയിലൂടെ 400 മില്യൺ ഡോളർ (3,474 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിടുന്നുമുണ്ട്. ഇതിനു പിന്നാലെയാണ് അൾട്രാവയലറ്റിന്റെ ഐപിഒ പ്രഖ്യാപനം.
Ultraviolette Automotive, backed by TVS Motor, Qualcomm Ventures, and Dulquer Salmaan, plans a $500 million IPO in 2026-27. The Bengaluru-based EV startup aims to expand its product portfolio and market presence.