സംരംഭക വര്‍ഷം പദ്ധതിക്കുള്ള അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ പുരസ്കാരം ഏറ്റു വാങ്ങി കേരളം. തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യാവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ കേരളം 1 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സമ്മേളനത്തെ ഓൺലൈനായി അഭിസംബോധന ചെയ്ത വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. കേരളത്തിൽ സംരംഭം തുടങ്ങാനുള്ള എളുപ്പവഴികളും മന്ത്രി വിശദീകരിച്ചു . വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കേന്ദ്ര ടൂറിസം അഡീഷണല്‍ സെക്രട്ടറിയും കേരള വ്യവസായ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സുമന്‍ ബില്ല പുരസ്കാരം ഏറ്റുവാങ്ങി.
എംഎസ്എംഇ മേഖലയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനു കേരള സര്‍ക്കാര്‍ 2022-23 ല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിക്കു കഴിഞ്ഞതായി മന്ത്രി പി. രാജീവ് ചൂണ്ടിക്കാട്ടി . വാഷിങ്ടണ്‍ ഡിസിയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ (എഎസ്പിഎ) വാര്‍ഷിക സമ്മേളനത്തില്‍ ‘സംരംഭക വര്‍ഷം: കേരളത്തിലെ സംരംഭകത്വ ആവാസവ്യവസ്ഥയും അതിന്‍റെ വിജയകരമായ നടപ്പാക്കലും’ എന്ന വിഷയത്തില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ നയങ്ങള്‍, പൊതുഭരണം തുടങ്ങിയ മേഖലകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ 10,000 -ത്തിലേറെ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന സംഘടനയാണ് എഎസ്പിഎ.
കേരളത്തില്‍ സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഏകദേശം 3.5 ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. 22135 കോടി രൂപയുടെ നിക്ഷേപവും 7,31,652 തൊഴിലും സംസ്ഥാനത്തുണ്ടായി. ഒരു ലക്ഷത്തിലധികം വനിതാ സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും അഭിമാനകരമായ നേട്ടമാണ്. പുതിയ സംരംഭകരില്‍ 31 ശതമാനം സ്ത്രീകളാണെന്നും പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിലവിലുള്ള വ്യവസായ ആവാസവ്യവസ്ഥയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2022ല്‍ സംരംഭക വര്‍ഷം പദ്ധതിക്ക് തുടക്കമിട്ടതെന്ന് മന്ത്രി പറഞ്ഞു. സമഗ്ര വ്യാവസായിക പ്രോത്സാഹനത്തിന് അടിത്തറ പാകുന്നതിനായി നയരൂപകര്‍ത്താക്കള്‍ മുതല്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ വരെയുള്ളവരെ ഇതിന്‍റെ ഭാഗമാക്കി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സഹകരണവും പിന്തുണ നേടാനും പദ്ധതിക്കായി.
2022-23 ല്‍ 1,39,839 പുതിയ സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു. 8421.64 കോടിയുടെ നിക്ഷേപമാണ് ഇത് കൊണ്ടുവന്നത്. 3,00,049 തൊഴിലവസരങ്ങളും ഇത് സാധ്യമാക്കി. 2023-24 ല്‍ 1,03,596 പുതിയ സംരംഭങ്ങളും 7048.66 കോടി രൂപയുടെ നിക്ഷേപവും 2,18,179 തൊഴിലസരങ്ങളുമാണ് സംരംഭക വര്‍ഷത്തിലൂടെ കേരളത്തില്‍ ഉണ്ടായത്. സംരംഭക വര്‍ഷത്തിന്‍റെ തുടര്‍ച്ചയായ മൂന്നാം വര്‍ഷത്തിലും ഈ നേട്ടം നിലനിര്‍ത്താന്‍ കേരളത്തിനായി. 2024-25 ല്‍ 1,09,369 പുതിയ എംഎസ്എംഇ യൂണിറ്റുകളാണ് ആരംഭിച്ചത്. 7186.09 കോടി രൂപയുടെ നിക്ഷേപവും 2,30,785 തൊഴിവസരങ്ങളുമുണ്ടായി.
സംസ്ഥാനത്ത് ഓരോ സാമ്പത്തിക വര്‍ഷവും ചുരുങ്ങിയത് 1,00,000 സംരംഭങ്ങളെങ്കിലും സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംരംഭക വര്‍ഷം പദ്ധതി ആരംഭിച്ചത്. എന്‍റര്‍പ്രൈസ് ഫെസിലിറ്റേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്താനും സംസ്ഥാനത്ത് അഭിവൃദ്ധി പ്രാപിക്കുന്ന സംരംഭക ആവാസവ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതിന് ആകര്‍ഷകമായ പിന്തുണാ നടപടികള്‍ അവതരിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. സുസ്ഥിരമായ വ്യവസായ വളര്‍ച്ച പരിപോഷിപ്പിക്കുന്നതിനും അതുവഴി കേരളത്തിലെ സാമ്പത്തിക വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിബദ്ധത സംരംഭക വര്‍ഷം പദ്ധതിക്കുണ്ട്.
കേരളത്തിന്‍റെ വ്യവസായ മേഖലയ്ക്ക് ദേശീയ അംഗീകാരം നേടിത്തന്ന പദ്ധതിയാണ് ‘സംരംഭക വര്‍ഷം’. പ്രധാനമന്ത്രിയുടെ യോഗത്തില്‍ രാജ്യത്തെ എംഎസ്എംഇ മേഖലയിലെ ഏറ്റവും മികച്ച പ്രാക്റ്റീസായി സംരംഭക വര്‍ഷം 2023-24 ല്‍ അവതരിപ്പിച്ചു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍റെ നോവല്‍ ഇന്നൊവേഷന്‍ ഇന്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ അംഗീകാരവും പദ്ധതി നേടി. ഇതിന്‍റെ പശ്ചാത്തലത്തിലാണ് എഎസ്പിഎയുടെ വാര്‍ഷിക സമ്മേളനത്തില്‍ സംരംഭക വര്‍ഷത്തെക്കുറിച്ച് അവതരണം നടത്തിയത്.
സംരംഭക വര്‍ഷത്തിന്‍റെ വിജയത്തെക്കുറിച്ച് ഐഐഎം ഇന്‍ഡോര്‍ നടത്തിയ പഠനം അനുസരിച്ച് എംഎസ്എംഇ പങ്കാളികളില്‍ 92 ശതമാനവും പദ്ധതിയുടെ ആനുകൂല്യങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ വികസനം പ്രോത്സാഹിപ്പിക്കുന്ന നൂതന പദ്ധതിയായ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 33 പുതിയ വ്യാവസായിക ഫാമുകള്‍ സ്ഥാപിച്ചു. അക്കാദമിയ-ഇന്‍ഡസ്ട്രി ബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങളും വ്യവസായ വകുപ്പ് നടത്തിവരുന്നു. വ്യാവസായിക വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിനായി സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്‍റുകള്‍ നല്‍കുന്നത് ഇതിന്‍റെ ഭാഗമാണ്. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഒരു നൂതന പദ്ധതിയായി സര്‍ക്കാര്‍ അവതരിപ്പിച്ചു. ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ വ്യവസായ സംരംഭം എന്ന നിലയിലുള്ള ഒഎല്‍ഒപി ആണ് മറ്റൊരു നൂതന പദ്ധതി. വ്യവസായ വകുപ്പിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ കേരളത്തില്‍ ഒരു സംരംഭം ആരംഭിക്കാനുള്ള ലൈസന്‍സ് എടുക്കാന്‍ മിനിറ്റുകള്‍ മതി. ഇപ്രകാരം കെ-സ്വിഫ്റ്റ് ഇന്‍ പ്രിന്‍സിപ്പല്‍ അക്നോളജ്മെന്‍റ് സര്‍ട്ടിഫിക്കറ്റ് വഴി സംരംഭം തുടങ്ങിയാല്‍ അടുത്ത മൂന്നര വര്‍ഷത്തിനുള്ള എല്ലാ ലൈസന്‍സുകളും എടുത്താല്‍ മതിയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
Kerala won the American Society of Public Administration Award for its Entrepreneurial Year Project, which started in 2022-23 to boost businesses and jobs. In three years, 3.5 lakh new businesses were set up, bringing ₹22,135 crore in investment and 7.3 lakh jobs. The project aims to help Kerala grow into a $1 trillion economy by making it easier to start businesses. 31% of new entrepreneurs are women, and special support is given to marginalized groups. The government’s K-SWIFT system makes business setup faster. The project has gained global recognition, with a presentation at a major U.S. conference.