ഒരിക്കൽ ഇന്ത്യയിൽ നിന്ന് പിന്മാറേണ്ടി വന്ന കാർപൂളിംഗ് ആപ്പാണ് ബ്ലാബ്ലാ കാർ (BlaBlaCar). എന്നാലിന്ന് കമ്പനിയുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു. നഗരങ്ങൾക്കിടയിലെ ദൂരയാത്രകൾ കുറഞ്ഞ ചിലവിൽ നടത്താൻ ലക്ഷക്കണക്കിന് യുവാക്കൾ ഈ കാർപൂളിംഗ് ആപ്പിലേക്ക് തിരിയുന്നതായി ടെക് ക്രഞ്ച് (TechCrunch) റിപ്പോർട്ട് ചെയ്യുന്നു.

2015ൽ ഇന്ത്യയിൽ പ്രവേശിച്ച ഫ്രാൻസ് ആസ്ഥാനമായ ബ്ലാബ്ലാ കാറിന് തുടക്കത്തിൽ വലിയ പിന്തുണ ലഭിച്ചില്ല. ഊബറും ഓലയുമായുള്ള മത്സരത്തിൽ പിടിച്ചുനിൽക്കാനാകാതെ 2017ൽ ഇന്ത്യയിലെ ഓഫീസ് അടച്ചു, എന്നാൽ ആപ്പ് പ്രവർത്തനം തുടർന്നു. 2022നുശേഷം ഇന്ത്യയിൽ ആപ്പിന്റെ ഉപയോഗം അതിവേഗത്തിൽ ഉയർന്നതായി ടെക് ക്രഞ്ച് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ ഈ വർഷം ഏകദേശം 2 കോടി പേർ സേവനം ഉപയോഗിച്ചതായും കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതോടെ ഫ്രാൻസിനെയും ബ്രസീലിനെയും മറികടന്ന് ഇന്ത്യ ബ്ലാബ്ലാ കാറിന്റെ ഏറ്റവും വലിയ വിപണിയായി മാറിയിരിക്കുന്നു.
ഇന്ത്യയിലെ യുവാക്കളുടെ യാത്രാശൈലിയിലും റോഡ് സൗകര്യങ്ങളിലുമുള്ള പുരോഗതിയാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമെന്ന് കമ്പനി സിഇഒ നിക്കോളാസ് ബ്രുസ്സോൺ വ്യക്തമാക്കി. പലരും ട്രെയിനിനോ ബസിനോ പകരം കാർപൂളിംഗ് തിരഞ്ഞെടുക്കുകയാണ്. ഇന്ത്യയിലെ ഉപയോക്താക്കളിൽ 70 ശതമാനത്തിലധികം പേരും 18 മുതൽ 34 വയസ്സുവരെയുള്ള യുവാക്കളാണ്. മൊബൈൽ ആപ്പിലൂടെ തന്നെയാണ് 95 ശതമാനത്തിലധികം ബുക്കിംഗുകളും നടക്കുന്നത്.
കമ്പനി ഇപ്പോഴും ഇന്ത്യയിൽനിന്ന് നേരിട്ട് വരുമാനം ഈടാക്കുന്നില്ലെങ്കിലും, ഡ്രൈവർമാർക്ക് കഴിഞ്ഞ ഓഗസ്റ്റിൽ മാത്രം ഏകദേശം ₹71.3 കോടി രൂപ ലഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 2025 അവസാനത്തോടെ ഇന്ത്യയിൽ സ്ഥിരമായ ഓഫീസ് ആരംഭിക്കാനും ജീവനക്കാരെ നിയമിക്കാനും ബ്ലാബ്ലാ കാർ പദ്ധതിയിടുന്നുണ്ട്.
blablacar india, carpooling app, india largest market blablacar, blablacar comeback india, long distance travel india, ride-sharing india, nicolas brousson, blablacar growth