സാമ്പത്തിക – നിയമ പ്രതിസന്ധിയിലായ എഡ്ടെക് സ്റ്റാർട്ടപ് BYJU’S ന്റെ സ്ഥാപകനായ ബൈജു രവീന്ദ്രൻ തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചത് സമൂഹമാധ്യമത്തിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തിരികൊളുത്തിരിയിരിക്കുകയാണ്. വീണതാണ്, തകർന്നതല്ലെന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത കുറിപ്പിനൊപ്പം ബൈജു തന്റെ ഒരു പഴയകാല ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്റെ എഡ്ടെക് സാമ്രാജ്യം പുനർനിർമ്മിക്കുമെന്ന് ബൈജു രവീന്ദ്രൻ കട്ടായം പറയുന്നു. നെറ്റിസൺമാർ മറുപടിയായി എഴുതി, ‘സഹോദരാ ദയവായി ഞങ്ങളെ ഒഴിവാക്കൂ’
ബൈജുവിന്റെ കുറിപ്പിന് താഴെ അദ്ദേഹത്തിന്റെ മുൻകാല തീരുമാനങ്ങളെ പലരും വിമർശിക്കുന്നുണ്ട്. തന്റെ കമ്പനി നാടകീയമായ തകർച്ചയ്ക്ക് വിധേയമായിട്ടും പുനരുജ്ജീവിപ്പിക്കുമെന്ന് പറയുന്നതിനെ പലരും പരിഹസിക്കുന്നു. X-ൽ പോസ്റ്റ് ചെയ്ത ബൈജുവിന്റെ കുറിപ്പ് തന്നെ ഒരു ധിക്കാരപരമായ സന്ദേശമാണെന്ന് ചിലർ പറയുന്നു.
2022-ൽ 22 ബില്യൺ ഡോളർ മൂല്യം കണക്കാക്കിയിരുന്ന BYJU’S, അതിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. സാമ്പത്തിക കടത്തിൽ വീണതും, നിക്ഷേപകരുമായുള്ള നിയമ പോരാട്ടങ്ങളും ബൈജൂസിനെ തളർത്തി. പ്രശ്നങ്ങളെത്തുടർന്ന 2023 അവസാനം ഇന്ത്യയിൽ നിന്ന് വിട്ടുനിന്ന ബൈജു രവീന്ദ്രൻ, കുറച്ചുനാളത്തെ മൗനത്തിന് ശേഷമാണ് തിരിച്ചുവരവ് പ്രഖ്യാപിച്ച് പോസ്റ്റിട്ടത്.
നമ്മുടെ സ്വന്തം ആളുകളെ വീണ്ടും നിയമിക്കും’
സോഷ്യൽ മീഡിയ പോസ്റ്റിൽ, BYJU വിന്റെ തിരിച്ചുവരവിനെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം രവീന്ദ്രൻ പ്രകടിപ്പിക്കുന്നുണ്ട്. കമ്പനി പുനരാരംഭിക്കുമ്പോൾ, മുൻ ജീവനക്കാർക്ക് മുൻഗണന നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

“ഞങ്ങളുടെ കമ്പനി പുനരാരംഭിച്ചുകഴിഞ്ഞാൽ, BYJUs ലെ ജീവനക്കാരെ ഞങ്ങൾ വീണ്ടും നിയമിക്കും. എന്റെ ഈ അമിത ശുഭാപ്തിവിശ്വാസം ചിലർക്ക് ഭ്രാന്തമായി തോന്നിയേക്കാം. എന്നാൽ ഒന്നാം സ്ഥാനക്കാരനാകാൻ അസാധാരണമായി ചിന്തിക്കണമെന്ന് ബൈജു പറയുന്നു.
BYJU-വിന്റെ മുൻകാലങ്ങളെക്കുറിച്ച് പരാമർശിക്കവേ, ഒമ്പത് വർഷത്തിനിടെ 215,000 പുതിയ ബിരുദധാരികൾക്ക് ആദ്യമായി ജോലി അവസരങ്ങൾ നൽകിയതായി രവീന്ദ്രൻ അവകാശപ്പെട്ടു.
“അനുഭവപരിചയമില്ലാത്ത, അസാധാരണമായ കഴിവുള്ള, മികച്ച ഊർജ്ജമുള്ള ഈ 2 ലക്ഷം പുതുമുഖങ്ങളാണ് BYJU’S നിർമ്മിച്ചത്- ബൈജു എഴുതുന്നു.
എന്നാൽ അതിശക്തമായാണ് സോഷ്യൽ മീഡിയയിൽ ബൈജുവിനെതിരെ പലരും പോസ്റ്റുകളിട്ടത്. “സത്യസന്ധമായി, ആർക്കും നിങ്ങളെ ആവശ്യമില്ല! നിങ്ങളില്ലാതെ വളരെ നന്നായി പ്രവർത്തിക്കുന്ന ഇന്ത്യൻ എഡ്ടെക്കിൽ നിന്ന് ദയവായി അകന്നു നിൽക്കുക!” ഒരു കമന്റ് ഇങ്ങനെയാണ്.

മറ്റൊരാൾ അഭിപ്രായപ്പെട്ടു, “അഹങ്കാരവും അത്യാഗ്രഹവും നിങ്ങളെ വീഴ്ത്തി. നിങ്ങൾ പാഠങ്ങൾ പഠിച്ചുവെന്ന് പ്രതീക്ഷിക്കുന്നു.”
മറ്റാരു കമന്റ്- “BYJU’S അതിവേഗം വളരാനും സ്വയം നശിപ്പിക്കാനും ശ്രമിച്ചില്ലായിരുന്നുവെങ്കിൽ, ഇന്ത്യയിലെ ഏറ്റവും മികച്ച AI ട്യൂട്ടറെ നിർമ്മിക്കാൻ ആവശ്യമായ കസ്റ്റമർ അടിത്തറയും കണ്ടന്റും അവർക്ക് ഉണ്ടാകുമായിരുന്നു.”
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ മേൽ BYJU’S ചുമത്തിയ സാമ്പത്തിക ബാധ്യതയെക്കുറിച്ച് മറ്റൊരാൾ ചൂണ്ടിക്കാട്ടി, “നിങ്ങളുടെ അടുത്ത ബിസിനസ്സിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ്, ഇത് പരിഗണിക്കണം: കഴിഞ്ഞ ദശകത്തിൽ നിങ്ങൾ ചെയ്ത ജോലി കാരണം എത്ര താഴ്ന്ന കുടുംബങ്ങൾ കടക്കെണിയിലായി? നിങ്ങൾ സമ്പാദിച്ച സമ്പത്ത് ആസ്വദിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ?
Byju Raveendran announces his return, promising to rebuild BYJU’S. His post sparks mixed reactions, with critics questioning his leadership after the edtech giant’s downfall.