1953ൽ ഹ്യൂ ഹെഫ്നർ സ്ഥാപിച്ച പ്ലേബോയ് മാഗസിൻ ലൈഫ് സ്റ്റൈൽ, വിനോദ രംഗത്ത് വിപ്ലവം സൃഷ്ടിച്ചു. യുഎസ് ആർമിയിൽ സേവനമനുഷ്ഠിച്ച ഹെഫ്നർ പിന്നീട് ചിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലും ഇല്ലിനോയിസ് സർവകലാശാലയിലും പഠനം നടത്തി. എസ്ക്വയറിൽ നിന്നാണ് അദ്ദേഹത്തിന്റെ കരിയർ ആരംഭിച്ചത്. എന്നാൽ പ്രതിഫലത്തിലെ പ്രശ്നം കാരണം ജോലി വിട്ടു. തുടർന്ന് വെറും 1600 ഡോളർ ചിലവഴിച്ചാണ് ഹെഫ്നർ പ്ലേബോയ് മാഗസിൻ ആരംഭിച്ചത്.

മെർലിൻ മൺറോയെ കവർച്ചിത്രത്തിൽ അവതരിപ്പിച്ച മാഗസിന്റെ ആദ്യ പതിപ്പ് 50,000ത്തിലധികം കോപ്പികൾ വിറ്റു. 1958 ആയപ്പോഴേക്കും മാസികയുടെ വാർഷിക ലാഭം 4 മില്യൺ ഡോളറിലെത്തി. ഇതോടെ ഹെഫ്നർ ഒരു സെലിബ്രിറ്റിയായി മാറി. ചിത്രങ്ങൾക്കൊപ്പം എഴുത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പ്ലേബോയ് റേ ബ്രാഡ്ബറി, ഇയാൻ ഫ്ലെമിംഗ് തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരെ മാസികയിൽ കൊണ്ടുവന്നു. മൈൽസ് ഡേവിസ്, ഫിഡൽ കാസ്ട്രോ, ജിമ്മി കാർട്ടർ തുടങ്ങിയ വ്യക്തികളുമായി
നടത്തിയ അഭിമുഖങ്ങളിലൂടെയും മാസിക ശ്രദ്ധ നേടി.

1970കളുടെ തുടക്കത്തിൽ പ്ലേബോയിയുടെ ജനപ്രീതി അതിന്റെ ഉച്ചസ്ഥായിയിലെത്തി. അക്കാലത്ത് പ്രതിമാസം ഏഴ് ദശലക്ഷം കോപ്പികൾ വിറ്റ മാഗസിൻ അമേരിക്കൻ യുവാക്കളിൽ തരംഗം സൃഷ്ടിച്ചു. എന്നാൽ 1980കളുടെ അവസാനത്തിൽ മാഗസിൻ വളർച്ചയിൽ ഇടിവ് നേരിട്ടു. 2000 കളിൽ “ദി ഗേൾസ് നെക്സ്റ്റ് ഡോർ” എന്ന റിയാലിറ്റി ടിവി ഷോയിലൂടെ ഹെഫ്നർ പ്ലേബോയിയെ മറ്റൊരു തരത്തിൽ പുനരുജ്ജീവിപ്പിച്ചു. ഡിജിറ്റൽ രംഗത്ത് കരുത്തുകാട്ടിയ പ്ലേബോയ് അദ്ദേഹത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിപ്പിച്ചു. തുടർന്ന് ടെലിവിഷൻ, വെബ് സംരംഭങ്ങൾ, ക്ലബ്ബുകൾ എന്നിവ ഉൾക്കൊള്ളുന്ന ദശലക്ഷക്കണക്കിന് ഡോളർ സാമ്രാജ്യമായി പ്ലേബോയ് വളർന്നു.

2017ൽ 91ആം വയസ്സിൽ ഹെഫ്നർ അന്തരിച്ചു. ഇതോടെ മകൻ കൂപ്പർ ഹെഫ്നർ പ്ലേബോയ് ഏറ്റെടുത്തു. അപ്പോഴേക്കും 110 മില്യൺ ഡോളർ വിലമതിക്കുന്ന ബ്രാൻഡ് ആയി പ്ലേബോയ് മാറിയിരുന്നു. ഇന്ന് പ്ലേബോയിയുടെ വരുമാനം പ്രധാനമായും വിവിധ ഉൽപ്പന്നങ്ങൾക്കായി അതിന്റെ ഐക്കണിക് ബണ്ണി ലോഗോയ്ക്ക് ലൈസൻസ് നൽകുന്നതിലൂടെയാണ്. ലൈംഗിക സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന സാംസ്കാരിക പയനിയർ എന്ന നിലയിലാണ് തന്റെ പിതാവിന്റെ പങ്ക് കൂപ്പർ എടുത്തുകാണിക്കുന്നത്.
Explore the rise of Playboy magazine, its cultural impact, Hugh Hefner’s legacy, and how the brand evolved from print to a global lifestyle icon.