ഉദ്ഘാടനത്തിന് ഒരുങ്ങി കർണാടകയിലെ ഏറ്റവും നീളം കൂടിയ കേബിൾ സ്റ്റേ പാലം. ശിവമോഗ ജില്ലയിലെ സാഗർ താലൂക്കിൽ ശരാവതി നദിക്ക് കുറുകെ നിർമിച്ച കേബിൾ പാലം അടുത്ത രണ്ട് മാസങ്ങൾക്കുള്ളിൽ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. അംബരുഗൊഡ്ലുവിനെ തുമാരിയുമായി ബന്ധിപ്പിക്കുന്ന പാലം 2.44 കിലോമീറ്റർ ആണ് നീളം. 423 കോടി രൂപ ചിലവിലാണ് നിർമാണം.

2018 ഫെബ്രുവരിയിൽ കേന്ദ്ര ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരിയാണ് പാലത്തിന്റെ കല്ലിടൽ കർമം നിർവഹിച്ചത്. നിലവിൽ പാലത്തിനു മുകളിലുള്ള അസ്ഫാൽറ്റിംഗ് നടന്നുവരികയാണെന്നും പെയിന്റിംഗ് ഉൾപ്പെടെയുള്ള ബാക്കി ജോലികൾ മെയ് മാസത്തോടെ പൂർത്തിയാക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. കേന്ദ്രത്തിൽ നിന്നുള്ള തീയതി ലഭിക്കുന്നതോടെ പാലത്തിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്ന്
ശിവമോഗ എംപി ബി.വൈ. രാഘവേന്ദ്ര പറഞ്ഞു.
ദീർഘകാലമായി ഫെറികളാണ് ഈ മേഖലയിലെ ജനങ്ങളുടെ പ്രധാന ഗതാഗത മാർഗം. പാലത്തിന്റെ വരവോടെ ഇതിന് പരിഹാരമാകും. ചൗഡേശ്വരി ക്ഷേത്ര തീർത്ഥാടകർക്കും പാലം വലിയ അനുഗ്രഹമാകും. 17 തൂണുകളും രണ്ട് അബട്ട്മെന്റുകളും ഉപയോഗിച്ചാണ് കേബിൾ സ്റ്റേ പാലം നിർമ്മിച്ചത്. സാധാരണ പാലത്തിന് ഏകദേശം 100 തൂണുകൾ വേണം. കേബിൾ സ്റ്റേ പാലങ്ങൾ തൂക്കുപാലങ്ങളേക്കാൾ കൂടുതൽ കരുത്തുള്ളതാണെന്നും അധികൃതർ അറിയിച്ചു.