ദക്ഷിണേന്ത്യൻ പാൽ ഉത്പന്ന നിർമാതാക്കളായ മിൽക്കി മിസ്റ്റുമായി (Milky Mist) 400 കോടി രൂപയുടെ കരാറിൽ ഏർപ്പെട്ട് പാൽ ശേഖരണ-വിതരണ പ്ലാറ്റ്ഫോമായ മിൽക്ക്ലെയ്ൻ (MilkLane). ഇന്തോ-സ്വിസ് അഗ്രിടെക് പ്ലാറ്റ്ഫോമായ ഇന്നോടെറയുടെ (Innoterra) കീഴിലുള്ള മിൽക്ക്ലെയ്ൻ മൂന്ന് വർഷത്തേക്ക് പ്രതിദിനം 100,000 ലിറ്റർ പ്രീമിയം പാൽ വിതരണം ചെയ്യാനാണ് കരാർ. 10,000ത്തിലധികം കർഷകർക്ക് പങ്കാളിത്തം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരു കമ്പനികളുടേയും പ്രതിനിധികൾ അറിയിച്ചു.

മിൽക്ക്ലെയ്ൻ കർഷകരുടെ ശൃംഖലയും ഗുണനിലവാര നിയന്ത്രണ സംവിധാനവും വിതരണത്തിനായി ഉപയോഗിക്കും.

അതേസമയം മിൽക്കി മിസ്റ്റ് അതിന്റെ സംസ്കരണ സാങ്കേതികവിദ്യയും വിപണി വ്യാപ്തിയും ഉപയോഗിച്ച് ഉയർന്ന ഗുണനിലവാരമുള്ള പാൽ ഉത്പന്നങ്ങൾ വിതരണം ചെയ്യും. അസംസ്കൃത പാലിന്റെ ഗുണനിലവാരം, വിതരണ ശൃംഖല സുതാര്യത, പ്രവർത്തന കാര്യക്ഷമത എന്നിവയുൾപ്പെടെയുള്ള പ്രധാന വ്യവസായ വെല്ലുവിളികളെ നേരിടാൻ സഹകരണം സഹായകരമാകുമെന്ന് മിൽക്കി മിസ്റ്റ് സ്ഥാപകൻ ടി. സതീശ് കുമാർ പറഞ്ഞു. കർഷകർക്കും ഉപഭോക്താക്കൾക്കും സഹകരണത്തിലൂടെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
MilkLane partners with Milky Mist in a Rs 400 crore deal to supply 100,000 litres of premium milk daily, supporting farmers and ensuring high-quality dairy products.
