ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ വിജയികൾക്ക് നൽകുന്ന ട്രോഫിയാണ് പട്ടൗഡി ട്രോഫി. വിഖ്യാതമായ പട്ടൗഡി ട്രോഫി പിൻവലിക്കാൻ ബിസിസിഐയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും (ECB) ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഇത് മുതിർന്ന നടിയും ഇതിഹാസ ക്രിക്കറ്റ് താരം മൻസൂർ അലി ഖാന്റെ പത്നിയുമായ ഷർമിള ടാഗോറിനെ നിരാശയാക്കിയിരിക്കുകയാണ്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിന്റെ 75ആം വാർഷികത്തോട് അനുബന്ധിച്ച് 2007ലാണ് പട്ടൗഡി ട്രോഫി ആദ്യമായി അവതരിപ്പിച്ചത്. ഇതിഹാസ ക്രിക്കറ്റ് താരം മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും പിതാവ് ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയുടെയും സ്മരണാർത്ഥമാണ് ട്രോഫിക്ക് ഈ പേര് നൽകിയത്. ജോസെലിൻ ബർട്ടൺ രൂപകൽപ്പന ചെയ്ത ട്രോഫി ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കുടുംബങ്ങളിലൊന്നായ പട്ടൗഡി കുടുംബത്തോടുള്ള ആദരമാണ്.

മകനും ബോളിവുഡ് താരവുമായ സെയ്ഫ് അലി ഖാൻ വഴിയാണ് തീരുമാനത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഷർമിള ടാഗോർ പ്രതികരിച്ചു. ഇസിബി സെയ്ഫിന് നീക്കത്തെക്കുറിച്ച് ഔദ്യോഗികമായി കത്ത് അയച്ചതായി അവർ പറഞ്ഞു. ബിസിസിഐയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ടൈഗർ പട്ടൗഡിയുടെ പാരമ്പര്യം ഓർമ്മിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ബിസിസിഐ ആണെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ഷർമിള പറഞ്ഞു. ട്രോഫി മൻസൂർ അലി ഖാൻ ക്രിക്കറ്റിൽ ചെലുത്തിയ സ്വാധീനത്തിന്റെ ശാശ്വത തെളിവാണെന്നും അത് നിർത്തലാക്കുകയാണെങ്കിൽ വേദനാജനകമാണെന്നും ഷർമിള കൂട്ടിച്ചേർത്തു.

ഈ വർഷം ജൂണിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ജേതാക്കൾക്ക് പട്ടൗഡി ട്രോഫി നൽകില്ലെന്നും പകരം ഈയിടെ ക്രിക്കറ്റിൽ നിന്നും വിരമിച്ച ഇതിഹാസങ്ങളുടെ പേരിലായിരിക്കും പുതിയ ട്രോഫിയെന്നും ക്രിക്ബസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
The future of the Pataudi Trophy, awarded to the India-England Test series winner, is in question. Sharmila Tagore voices disappointment as BCCI and ECB reportedly consider retiring the iconic trophy honoring Tiger Pataudi’s legacy.
