ഇലക്ട്രിക് പാസഞ്ചർ വാഹന ഉപയോഗത്തിൽ വൻ മുന്നേറ്റവുമായി കേരളം. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയെക്കുറിച്ചുള്ള ബിഎൻപി പാരിബാസ് 2025 റിപ്പോർട്ട് (BNP Paribas) പ്രകാരം മാർച്ചിൽ 9.1% പെനട്രേഷൻ നിരക്കാണ് കേരളത്തിൽ വൈദ്യുതി പാസഞ്ചർ വാഹന ഉപയോഗത്തിൽ ഉണ്ടായത്. ദേശീയ ശരാശരിയായ 2.9% നേക്കാൾ വളരെ കൂടുതലാണ് കേരളത്തിലെ ഇലക്ട്രിക് പാസഞ്ചർ വാഹന ഉപയോഗം. 2025 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള പെനട്രേഷൻ നിരക്കായ 5.4%ൽ നിന്ന് വൻ വളർച്ച നേടാനും കേരളത്തിനു സാധിച്ചു.

ഇലക്ട്രിക് പാസഞ്ചർ വാഹനങ്ങളുടെ ഉപയോഗത്തിൽ കേരളത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിൽ നിരവധി ഘടകങ്ങൾ പങ്കുവഹിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന വരുമാനം, പ്രീമിയം ഉൽപ്പന്നങ്ങളോടുള്ള കമ്പം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഈ ഘടകങ്ങൾ ഉയർന്ന ചിലവുകൾക്കിടയിലും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗത്തിന് വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റുന്നു.

കേരളത്തിലെ താമസ രീതി ഇലക്ട്രിക് വാഹന ഉടമകൾക്ക് അനുകൂലമായിട്ടുള്ള ഒന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുംബൈ, ബെംഗളൂരു പോലുള്ള ഉയർന്ന ഇടങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ ജനങ്ങൾ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളേക്കാൾ സ്വന്തം വീടുകളിലും വില്ലകളിലുമാണ് താമസിക്കുന്നത്. ഇത് ഹോം ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളെ കൂടുതൽ ആക്സസ് ചെയ്യാൻ മലയാളിയെ സഹായിക്കുന്നു. പൊതു ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കാതെ താമസക്കാർക്ക് ഒറ്റ രാത്രികൊണ്ട് ഇലക്ട്രിക് വാഹനങ്ങൾ എളുപ്പത്തിൽ പാർക്ക് ചെയ്യാനും ചാർജ് ചെയ്യാനും ഇതിലൂടെ കഴിയുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം 2025 മാർച്ച് വരെയുള്ള കണക്ക് അനുസരിച്ച് 86.3% പെനട്രേഷൻ നിരക്കോടെ ഇലക്ട്രിക് ത്രീ-വീലർ (E3W) വിഭാഗത്തിൽ ഡൽഹി ആധിപത്യം തുടരുകയാണ്. തലസ്ഥാനത്തെ വായു മലിനീകരണ പ്രതിസന്ധിയും ഇതിനെ തുടർന്നുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകളുമാണ് E3W വിഭാഗത്തിൽ ഡൽഹി മുൻപന്തിയിലെത്താൻ കാരണം.
Kerala leads in electric car adoption while Delhi tops in electric three-wheelers, as per BNP Paribas report. Discover how regional factors and policy shifts are shaping India’s EV revolution.