ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പൽ, ലോകത്തെ ഏറ്റവും വലുതും, മികച്ച പരിസ്ഥിതി സൗഹൃദവുമായ കപ്പൽ എന്നിങ്ങനെ പേരെടുത്ത എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തി.
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ സീരീസിലെ എം എസ് സി തുർക്കി വിഴിഞ്ഞത്ത് നങ്കൂരമിട്ടത് കേരളത്തിന് അഭിമാനമായി . ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്തേക്ക് ഈ ഭീമൻ കപ്പൽ ആദ്യമായിട്ടാണെത്തുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെ കരുത്തും ശേഷിയും ഒന്ന് കൂടി വിളിച്ചറിയിക്കുന്നതായി.
വിഴിഞ്ഞത്ത് എത്തിയ 257-ാംമത് കപ്പലാണ് എം എസ് സി തുർക്കി. വിഴിഞ്ഞം തുറമുഖത്തെത്തിയ കപ്പലിനെ ടഗ്ഗുകൾ തീരത്തേക്ക് അടുപ്പിച്ചു. സിംഗപ്പൂരിൽ നിന്നാണ് എം എസ് സി തുർക്കി വിഴിഞ്ഞത്ത് എത്തിയത്. ഇവിടെ ചരക്ക് ഇറക്കിയ ശേഷം ഘാനയിലേക്കാക്കും പോകുക.

ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ അൾട്രാലാർജ് ഇനത്തിലെ കപ്പലായ ഇതിന് 399.9മീറ്റർ നീളവും 61.3മീറ്റർ വീതിയുമുണ്ട്. 24,346 കണ്ടെയ്നറുകൾ വഹിക്കാം. ഏറ്റവും കുറച്ച് കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതും ഏറ്റവും ഇന്ധനക്ഷമതയുമുള്ളതുമായ കണ്ടെയ്നർ ഷിപ്പാണിത്.
.കഴിഞ്ഞ ജൂലായിൽ ട്രയൽ ഓപ്പറേഷനും ഡിസംബറിൽ വാണിജ്യ ഓപ്പറേഷനും തുടങ്ങിയ തുറമുഖം ഇതുവരെ 257 കപ്പലുകളിലായി 5ലക്ഷത്തോളം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. നിലവിൽ വിഴിഞ്ഞം തുറമുഖത്തു പ്രതിദിനം ശരാശരി 3000 കണ്ടെയ്നറുകൾ നീക്കുന്നു. എം എസ് സിയുടെ 24116 കണ്ടെയ്നർ ശേഷിയുള്ള കൂറ്റൻകപ്പലായ ക്ലൗഡ് ജിറാർഡെറ്റ് കഴിഞ്ഞ സെപ്തംബറിൽ വിഴിഞ്ഞത്ത് എത്തിയിരുന്നു. 155 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന എം.എസ്.സി കമ്പനിക്ക് 860കപ്പലുകളുണ്ട്. ജനീവയാണ് ആസ്ഥാനം. 22.5 ദശലക്ഷത്തിലധികം ടി.ഇ.യു കാർഗോ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് എം.എസ്.സി.
MSC Turkey, the world’s largest and most eco-friendly container ship, docks at Vizhinjam Port in Kerala for the first time, showcasing the port’s global capabilities.