വിഷുവെത്തി. കണി കാണാൻ അയൽപ്പക്കത്തു നിന്നോ സ്വന്തം തൊടിയിൽ നിന്നോ കൊന്നപ്പൂക്കൾ പറിച്ചെടുത്തിരുന്ന കാലം കഴിഞ്ഞു. കൊന്നയെല്ലാം വിഷുവിനും മാസങ്ങൾക്കു മുൻപു തന്നെ തളിരിട്ട്, പൂവായി കൊഴിഞ്ഞും പോയി. നഗരങ്ങളിലെ ഫ്ലാറ്റ് വാസികൾക്ക് തൊടിയിലെ കൊന്ന പണ്ടേ അന്യമായിരുന്നു. ഈ അവസ്ഥയിൽ പ്ലാസ്റ്റിക്-ആർട്ടിഫിഷ്യൽ കൊന്നപ്പൂ വ്യാപകമാകുകയാണ്.

കാലാവസ്ഥാ വ്യതിയാനം കാരണം വിഷുവിന് മുൻപ് തന്നെ കണിക്കൊന്ന അഥവാ കാസിയ ഫിസ്റ്റുല പൂക്കുന്നതുകൊണ്ടും നഗരങ്ങളിലെ ഫ്ലാറ്റുകളിൽ കണിക്കൊന്ന പോയിട്ട് ശീമക്കൊന്ന പോലും ഇല്ലാത്തത് കൊണ്ടുമാണ് ആർട്ടിഫിഷ്യൽ കൊന്നകൾക്ക് ആവശ്യക്കാർ ഏറുന്നത്. ഡ്യൂപ്ലിക്കേറ്റ് കണിക്കൊന്ന എന്നുപറഞ്ഞ് കളിയാക്കേണ്ട, വിഷു വിപണിയിൽ പടക്കത്തേക്കാളും ആവശ്യക്കാർ ഏറെയുള്ളത് ആർട്ടിഫിഷ്യൽ കൊന്നയ്ക്കാണ്. പ്ലാസ്റ്റിക് കണിക്കൊന്ന പരിസ്ഥിക്ക് ദോഷകരമാകും എന്നത് കൊണ്ട് പ്ലാസ്റ്റിക് അല്ലാത്ത വസ്തുക്കൾ കൊണ്ടുള്ള കണിക്കൊന്നയ്ക്കാണ് ആവശ്യക്കാർ ഏറുന്നത്.

പ്രത്യേക തരം തുണിത്തരങ്ങൾ കൊണ്ടാണ് പരിസ്ഥിതി സൗഹൃദ കണിക്കൊന്നകൾ നിർമിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള ലുക്കാണ് ഇവയ്ക്കുള്ളത്. ഒരു തവണ കണിയൊരുക്കിയാലും ക്രിസ്മസ് ട്രീ ഒക്കെപ്പോലെ ഒന്ന് പൊടി തട്ടിയെടുത്ത് ഇവ വീണ്ടും ഉപയോഗിക്കാനാകും. ഇലയും തണ്ടും അടങ്ങിയ ആർട്ടിഫിഷ്യൽ കണിക്കൊന്നകൾക്ക് 40 രൂപ മുതലാണ് വിഷു വിപണിയിലെ വില. ഒറിജിനൽ കൊന്നപ്പൂ വിഷുവിന് ദിവസങ്ങൾ മുൻപ് മാത്രം മാർക്കറ്റിൽ എത്തുമ്പോൾ കൃത്രിമ കൊന്നപ്പൂ ആഴ്ചകൾക്ക് മുൻപേ വിപണിയിൽ ഹാജരാണ്. സ്വാഭാവികമായും നഗരപ്രദേശങ്ങളിലാണ് കൃത്രിമ കൊന്നയ്ക്ക് ആവശ്യക്കാർ ഏറെയുള്ളതും.