റോഡുകളെ അഭിമുഖീകരിച്ചുള്ള ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇട്ടാൽ വൻ തുക പിഴ ഈടാക്കാൻ യുഎഇ തലസ്ഥാനമായ അബുദാബി. 2000 ദിർഹംസ് ആണ് ഇത്തരത്തിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർ പിഴയായി നൽകേണ്ടി വരിക. പൊതു റോഡുകളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിനും കൂടുതൽ സംഘടിത നഗര പരിസ്ഥിതി ഉറപ്പാക്കുന്നതിനുമായാണ് മാർഗ്ഗനിർദ്ദേശങ്ങൾ.

അബുദാബിയിലെ പൊതു റോഡുകളെ അഭിമുഖീകരിക്കുന്ന ജനലുകളിലും ബാൽക്കണികളിലും ക്ലോത്തിങ് റാക്ക് സ്ഥാപിക്കുന്നത് അടക്കമുള്ളവയ്ക്കാണ് കർശന പിഴ. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ 2,000 ദിർഹം വരെ പിഴയും ഇതിനുപുറമേ മറ്റ് പിഴയും ചുമത്തുമെന്ന് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് എക്സ് പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ആദ്യ തവണ നിയമലംഘനം നടത്തുന്നവർക്ക് 500 രൂപയാകും പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 1000, 2000 ദിർഹം എന്നിങ്ങനെയായി ഉയരും.