എണ്ണ പാചകത്തിലെ പ്രധാന സാന്നിദ്ധ്യമാണ്. എന്നാൽ അടുക്കളയിലെ പാചക എണ്ണ മറഞ്ഞിരിക്കുന്ന ആരോഗ്യ അപകടമായും മാറാം. ഇന്ത്യയിൽ എണ്ണയിൽ മായം ചേർക്കപ്പെടുന്നതിന്റെ ഭീഷണി വ്യാപകമായ സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ. ശുദ്ധമെന്ന് വിശ്വസിക്കുന്ന എണ്ണയിൽ വിഷാംശമുള്ള രാസവസ്തുക്കൾ മുതൽ പെട്രോളിയം ഉത്പന്നമായ മിനറൽ ഓയിൽ വരെ കലർത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരം എണ്ണ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. നേപ്പാളിൽ നിന്നുള്ള തീരുവ രഹിത ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ കുത്തൊഴുക്ക് ഈ ഭയാനകമായ യാഥാർത്ഥ്യത്തെ കൂടുതൽ വഷളാക്കുന്നു.

ഈ സാഹചര്യത്തിൽ നേപ്പാളിൽ നിന്നുള്ള തീരുവ രഹിത ഭക്ഷ്യ എണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ വെജിറ്റബിൾ ഓയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (IVPA). 2025 ആദ്യ പാദത്തിൽ തന്നെ ഈ ഇറക്കുമതി 180,000 ടണ്ണായി ഉയർന്നു. ഇത് 2024ലെ മൊത്തം ഇറക്കുമതിയെക്കാൾ വളരെ കൂടുതലാണ്. നേപ്പാളിന്റെ ഉൽപാദനത്തിന്റെ പിന്തുണയില്ലാത്ത ഈ ഒഴുക്ക്, താഴ്ന്ന നിലവാരമുള്ളതോ മായം കലർന്നതോ ആയ എണ്ണകൾ ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നതിന് കാരണമാകുമെന്ന് ഐവിപിഎ വിലയിരുത്തുന്നു. ഈ എണ്ണ ഇറക്കുമതി ഇതിനകം തന്നെ അപകടകരമായ രീതിയിലേക്ക് ഉയർന്നിട്ടുണ്ട്. കൂടുതൽ ഇറക്കുമതി ഉപഭോക്താക്കളുടെ ആരോഗ്യത്തെയും സുരക്ഷയെയും അപകടത്തിലാക്കുമെന്നും ഐവിപിഎ മുന്നറിയിപ്പ് നൽകുന്നു.