മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ 99ആം ജന്മവാർഷികമായിരുന്നു കഴിഞ്ഞയാഴ്ച. 1950 മുതൽ 39 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ ഏതാണ്ട് 780ഓളം സിനിമകളിൽ നസീർ പ്രധാന വേഷത്തിലെത്തി. ഇതിൽ പകുതിയോളം ചിത്രങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു. 400ലധികം സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്ന പ്രേം നസീറിന്റെ 50ഓളം ചിത്രങ്ങൾ ബ്ലോക്ക്ബസ്റ്ററുകളായിരുന്നു. ഇന്നും അദ്ദേഹത്തിന്റെ ഈ റെക്കോർഡ് തകർക്കാൻ മറ്റൊരു ഇന്ത്യൻ നടനും സാധിച്ചിട്ടില്ല.

1952ൽ പുറത്തിറങ്ങിയ ‘മരുമകൾ’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. അതേ വർഷം പുറത്തിറങ്ങിയ ‘വിശപ്പിന്റെ വിളി’ എന്ന ചിത്രം അദ്ദേഹത്തെ താരപ്പകിട്ടിലേക്ക് ഉയർത്തി. അന്നുവരെ കണ്ടിട്ടില്ലാത്ത അഭിനയശൈലിയും സൗന്ദര്യവുമാണ് പ്രേം നസീറിനെ ജനപ്രിയനാക്കിയത്. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമ അദ്ദേഹത്തിന്റെ കൈപിടിച്ചാണ് വളർന്നത്.

മിസ് കുമാരി മുതൽ അംബിക വരെ 85ലധികം നായികമാർക്കൊപ്പം നസീർ നായകവേഷം ചെയ്തു. ഷീലയ്ക്കൊപ്പം മാത്രം നൂറ്റിമുപ്പതിൽ അധികം ചിത്രങ്ങളിലാണ് നസീർ നായകനായെത്തിയത്. രണ്ടു ഗിന്നസ് റെക്കോർഡുകളും അദ്ദേഹത്തെ തേടിയെത്തി. 1983ൽ രാജ്യം പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. കാലങ്ങൾക്ക് ഇപ്പുറവും മലയാളത്തിന്റെ നിത്യഹരിത നായകനായി നസീർ മലയാളിയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു