വരുന്ന ഒരു വർഷത്തിനുള്ളിൽ തന്നെ കേരളം തീവ്രദാരിദ്ര്യമില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പ്രഖ്യാപിച്ചതിനു പിന്നാലെ കേന്ദ്രത്തിന്റെ കണക്കുമെത്തി. രാജ്യത്ത് ചില്ലറ വിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനമായി തുടർച്ചയായ മൂന്നാംമാസവും കേരളം മുന്നിലാണ് .തെലുങ്കാനയും ഡൽഹിയും സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് വിലക്കയറ്റ തോതിൽ പിടിച്ചു നിൽക്കുന്നു.

ഓണവും ക്രിസ്മസും ഈദും ഒന്നിച്ചു ആഘോഷിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി സാക്ഷ്യപെടുത്തുമ്പോഴും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ തന്നെയാണ് റീട്ടെയ്ൽ പണപ്പെരുപ്പം ഏറ്റവും കൂടുതലെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഫെബ്രുവരിയിൽ കേരളത്തിൽ റീട്ടെയ്ൽ പണപ്പെരുപ്പം 7.31 ശതമാനമായിരുന്നത് മാർച്ചിൽ 6.59 ശതമാനത്തിലേക്ക് താഴ്ന്നെങ്കിലും കേരളത്തിനൊപ്പം മറ്റു സംസ്ഥാനങ്ങളുടെയും പണപ്പെരുപ്പം ആനുപാതികമായി കുറയുകയായിരുന്നു.
ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പമാണ് കേരളത്തിൽ ഏറെ രൂക്ഷം.മാർച്ചിൽ ഇത് 7.29 %മായിരുന്നു . നഗരങ്ങളിൽ 5.39 %വും. ജനുവരിയിൽ 6.79 ശതമാനവുമായാണ് കേരളം പണപ്പെരുപ്പ പട്ടികയിൽ ഒന്നാമതെത്തിയത്.
കർണാടക (4.44%), ഛത്തീസ്ഗഢ് (4.25%), ജമ്മു ആൻഡ് കശ്മീർ (4%), മഹാരാഷ്ട്ര (3.86%) എന്നിവയാണ് റീട്ടെയ്ൽ പണപ്പെരുപ്പത്തിൽ കേരളത്തിനു തൊട്ടുപിന്നാലെ യുള്ളത്.
തെലങ്കാനയിലാണ് റീറ്റെയ്ൽ പണപ്പെരുപ്പം ഏറ്റവും കുറവ് (1.04%). ഡൽഹി 1.48 ശതമാനവുമായി തൊട്ടടുത്തുണ്ട്. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശ് 2.50%, തമിഴ്നാട് 3.75% എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക്.
ദേശീയതലത്തിൽ കഴിഞ്ഞമാസം റീട്ടെയ്ൽ പണപ്പെരുപ്പം 2019 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും താഴ്ചയായ 3.34 ശതമാനത്തിലെത്തി. ഫെബ്രുവരിയിൽ 3.61 ശതമാനമായിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ രേഖപ്പെടുത്തിയ 14-മാസത്തെ ഉയരമായ 6.21 ശതമാനത്തിൽ നിന്നാണ് കഴിഞ്ഞമാസം പണപ്പെരുപ്പം മൂന്നര ശതമാനത്തിനും താഴേക്കെത്തിയത്.
വെളിച്ചെണ്ണ (+56.81%), നാളികേരം (+42.05%), സ്വർണം (+34.09%), വെള്ളി (+31.57%), മുന്തിരി (+25.55%) എന്നിവയ്ക്കാണ് കേരളത്തിലടക്കം മാർച്ചിൽ വില ഏറ്റവുമധികം കൂടിയത്. ഇഞ്ചി (-38.11%), തക്കാളി (-34.96%), കോളിഫ്ലവർ (-25.99%), ജീരകം (-25.86%), വെളുത്തുള്ളി (-25.22%) എന്നിവയാണ് വില ഏറ്റവുമധികം കുറഞ്ഞവയെന്നും സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പറയുന്നു
Kerala leads the country in retail inflation for the third consecutive month. Despite a slight decrease in March, the state faces higher inflation rates compared to others, with rural areas seeing the most severe impact.