ടാറ്റ ട്രെന്റിൽ (Trent) നിന്നുള്ള ബ്രാൻഡുകളാണ് സുഡിയോയും (Zudio) വെസ്റ്റ്‌സൈഡും (Westside). ലൈഫ്സ്റ്റൈൽ, ഫാഷൻ രംഗത്തെ ടാറ്റയുടെ ചേട്ടനും അനിയനുമാണ് വെസ്റ്റ്സൈഡും സുഡിയോയും എന്നു പറയാം. ചേട്ടനായ വൈസ്റ്റ്സൈഡ് 1998 മുതൽ നിലവിലുണ്ട്. അനിയൻ സുഡിയോ ആകട്ടെ വെറും ശിശു, തുടങ്ങിയത് 2016ൽ മാത്രം. എന്നാൽ സ്റ്റോറുകളുടെ എണ്ണത്തിലും വിൽപനയിലുമെല്ലാം സുഡിയോ വെസ്റ്റ്സൈഡിനെ കവച്ചുവെയ്ക്കുന്നു. രണ്ടും വസ്ത്രങ്ങൾ വിൽക്കുകയും ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ സേവിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും കൂടുതൽ സ്റ്റോറുകൾ ഉള്ളത് സുഡിയോയ്ക്കാണ്. വൈസ്റ്റ്സൈഡിന് 250ഓളം സ്റ്റോറുകൾ ഉള്ളപ്പോൾ 635ലധികം സ്റ്റോറുകളാണ് സുഡിയോയ്ക്ക് ഉള്ളത്. വെസ്റ്റ്‌സൈഡിനേക്കാൾ വളരെ വൈകിയാണ് സുഡിയോ ആരംഭിച്ചത് എന്നു കൂടി കണക്കിലെടുക്കുമ്പോൾ ഈ സ്റ്റോർ എണ്ണം വലിയ സവിശേഷതയാണ് എന്ന് കാണാം.

താങ്ങാനാവുന്ന വിലയിൽ മികച്ച വസ്ത്രങ്ങൾ ലഭ്യമാക്കുന്നു എന്നിടത്താണ് സുഡിയോയുടെ വിജയം. വേഗത്തിൽ പുതിയ സ്റ്റൈലുകൾ സ്റ്റോറുകളിലേക്ക് കൊണ്ടുവരുന്നതിലും സുഡിയോ മുന്നിലുണ്ട്. ഈ വേഗതയും വഴക്കവും സുഡിയോയുടെ വിൽപനയിലും പ്രകടമാണ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഓരോ മിനിറ്റിലും സുഡിയോ 90 ടീ-ഷർട്ടുകൾ വിറ്റഴിക്കുന്നുണ്ടത്രേ. വെസ്റ്റ്‌സൈഡ് സ്റ്റോറിന് ആവശ്യമുള്ളതിന്റെ പകുതിയോളം ചിലവിൽ സുഡിയോ സ്റ്റോർ ആരംഭിക്കാം എന്നതാണ് സുഡിയോയുടെ എണ്ണം കൂടാനുള്ള മറ്റൊരു കാരണം. സ്ഥലവും കുറച്ചു മതി. ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും വേഗത്തിൽ വികസിപ്പിക്കാൻ ഇത് സുഡിയോയെ സഹായിക്കുന്നു.