സംസ്കൃത സാഹിത്യവും വായന ഉപകരണങ്ങളും ഒരുമിച്ചു കൊണ്ടുവരുന്ന വെബ്സൈറ്റുമായി ഐഐടി ബിരുദധാരി. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള സോഫ്റ്റ് വെയർ എഞ്ചീയറായ അന്തരീക്ഷ് ബോത്തലെയാണ് SanskritSahitya.org എന്ന സൗജന്യ വെബ്സൈറ്റിനു പിന്നിൽ. സംസ്കൃത സാഹിത്യ ഗ്രന്ഥങ്ങളിലേക്ക് വേഗത്തിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്കായാണ് നാച്ചുറൽ ലാംഗ്വേജ് പ്രോസസിംഗിലെ (NLP) അനുഭവം ഉപയോഗിച്ച് അന്തരീക്ഷ് വെബ്സൈറ്റ് നിർമിച്ചിരിക്കുന്നത്.

ബോംബെ ഐഐടിയിൽ നിന്നും ബിരുദം നേടിയ അന്തരീക്ഷ് നിലവിൽ ഗൂഗിൾ കാലിഫോർണിയ സ്മാർട്ട് ഹോം അസിസ്റ്റ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. ഭാഷകളിലും ഭാഷാ ശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ താത്പര്യം കൊണ്ട് അദ്ദേഹം 2011 മുതൽ ലിംഗ്വിസ്ട്രിക്സ് എന്ന ബ്ലോഗും നടത്തുന്നുണ്ട്. ഇപ്പോൾ സംസ്കൃത സാഹിത്യം വായിക്കുന്നതും വിശകലനം ചെയ്യുന്നതും ഏറ്റവും മികച്ച അനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം വെബ്സൈറ്റുമായി എത്തിയിരിക്കുന്നത്.
സർഗം, അധ്യായം, കാണ്ഡം, ശ്ലോകം മുതലായവയെ അടിസ്ഥാനമാക്കിയുള്ള ഘടനാപരമായ നാവിഗേഷനാണ് വെബ്സൈറ്റിനുള്ളത്. എളുപ്പത്തിൽ പങ്കിടാവുന്ന പേജുകളാണ് വെബ്സൈറ്റിന്റെ സവിശേഷത. ഒറിജിനൽ ടെക്സ്റ്റിനൊപ്പം മെട്രിക്കൽ ടാഗിങ്, വ്യാഖ്യാനങ്ങൾ, വിവർത്തനങ്ങൾ, രൂപാന്തര വിശകലനം എന്നിവയുമുണ്ട്. കൂടുതൽ ഉള്ളടക്കം ഡിജിറ്റൈസ് ചെയ്യുന്നതിനാൽ ഇവ അപ്ഡേറ്റ് ചെയ്യപ്പെടും.
