വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒരേസമയം 10,576 ടിഇയു കൈകാര്യം ചെയ്തതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. മെയ് രണ്ടിന് ഉദ്ഘാടനത്തിന് ഒരുങ്ങവേയാണ് വിഴിഞ്ഞം മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നത്. ഒരു കപ്പലിൽ നിന്ന് 10576 ടിഇയു ചരക്കുനീക്കം നടത്തിയാണ് വിഴിഞ്ഞം കാര്യക്ഷമത തെളിയിച്ചിരിക്കുന്നത്. ഇത് കേരളതത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ സമുദ്ര അടിസ്ഥാന സൗകര്യങ്ങൾക്ക് സുപ്രധാന മുന്നേറ്റമാണ്.

പ്രവർത്തനത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള തുറമുഖത്തെ സംബന്ധിച്ച് ഈ നേട്ടം പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രമായി ഉയർന്നുവരാനുള്ള അതിന്റെ സാധ്യതയെ അടിവരയിടുന്നു. ഇത്രയും ചരക്ക് കൈകാര്യം ചെയ്യുന്നത് തുറമുഖത്തിന്റെ വിപുലമായ അടിസ്ഥാന സൗകര്യങ്ങൾ, കാര്യക്ഷമമായ ലോജിസ്റ്റിക്സ്, ആഴക്കടൽ ക്യാപബിലിറ്റീസ് എന്നിവ പ്രകടമാക്കുന്നതിനൊപ്പം കൂടുതൽ വലിയ കപ്പലുകളെയും ആഗോള വ്യാപാരത്തെയും ആകർഷിക്കും. വിഴിഞ്ഞത്ത് എത്തിയ എം.എസ്.സി പലോമ എന്ന കപ്പലിലാണ് 10576 ടിഇയു ചരക്കുനീക്കം നടത്തിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് ഏപ്രിൽ 15ന് എത്തിയ കപ്പൽ കഴിഞ്ഞ ദിവസം ചൈനയിലെ ടിയാൻജിന്നിലേക്ക് യാത്ര തിരിച്ചു.
ലോകത്തിലെ ഏതു വലിയ തുറമുഖത്തോടും കിടപിടിക്കാവുന്ന നിലയിലേക്ക് വിഴിഞ്ഞം വളരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നും ഇതിൽ കേരളത്തിന് അഭിമാനിക്കാമെന്നും കഴിഞ്ഞ ദിവസം തുറമുഖ മന്ത്രി വി.എൻ. വാസവൻ സമൂഹമാധ്യമ പോസ്റ്റിലൂടെ പറഞ്ഞു.