ലോക സംരംഭക ദിനത്തോടനുബന്ധിച്ചു കേരളം സ്റ്റാർട്ടപ്പ് എന്ന മേഖലകളിൽ നേടിയ നേട്ടങ്ങളും, ഇനിയങ്ങോട്ടുള്ള ലക്ഷ്യങ്ങളും വിവരിച്ചു  കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ , സിഇഒ അനൂപ്അംബിക. കേരളത്തിന്റെ നേട്ടം  പത്താമത് വര്‍ഷമെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 7031 സ്റ്റാര്‍ട്ടപ്പുകളടക്കം 13,306 സ്റ്റാര്‍ട്ടപ്പുകളും 8,000 ത്തില്‍പ്പരം കോടി രൂപയുടെ നിക്ഷേപവും കേരളത്തിലേക്കെത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു എന്നതാണ്.

ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സ്റ്റാര്‍ട്ടപ്പ് എന്ന വാക്കിന് ശരാശരി രക്ഷകര്‍ത്താക്കള്‍ കാര്യമായ വില കല്‍പ്പിച്ചിരുന്നില്ല. കൂട്ടുകാരുമൊത്ത് കറങ്ങി നടക്കാന്‍ മക്കള്‍ കണ്ടെത്തിയ ഒരു പാഴ്വേലയായി മാത്രം ഇതിനെ കണ്ട കാലമുണ്ടായിരുന്നു. അവിടെ നിന്നും ഇന്ന് ലോകം അംഗീകരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥയായി കേരളം മാറിയതും രക്ഷിതാക്കളടക്കമുള്ള പൊതുസമൂഹം സ്റ്റാര്‍ട്ടപ്പ് രംഗത്തെ പ്രതീക്ഷാ നിര്‍ഭരമായി കാണാന്‍ ശീലിച്ചതുമാണ് കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്‍റെ  സ്റ്റാര്‍ട്ടപ്പ് ചരിത്രത്തിലെ നാഴികക്കല്ല്.

പരമ്പരാഗതമായി സംരംഭകത്വത്തോട് മുഖം തിരിച്ചു നിന്ന ഇടത്തരം മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്നാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും ചടുലമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പെടുത്ത സംരംഭകരുണ്ടാവുന്നു എന്നതിനെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ അഭിമാനത്തോടെ കാണുന്നു. 2010-11 ല്‍ ബീജാവാപം സംഭവിച്ച് 2016 ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്ന ഔദ്യോഗിക സംവിധാനത്തിലേക്കെത്തുമ്പോള്‍ ലക്ഷ്യമിട്ടിരുന്നത് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 15,000 സ്റ്റാര്‍ട്ടപ്പുകളും അതു വഴി 10,000 കോടി രൂപയുടെ നിക്ഷേപവുമാണ്. പത്താമത് വര്‍ഷമെത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച 7031 സ്റ്റാര്‍ട്ടപ്പുകളടക്കം 13,306 സ്റ്റാര്‍ട്ടപ്പുകളും 8,000 ത്തില്‍പ്പരം കോടി രൂപയുടെ നിക്ഷേപവും കേരളത്തിലേക്കെത്തിക്കാന്‍ സ്റ്റാര്‍ട്ടപ്പ് മിഷന് കഴിഞ്ഞു.

സാങ്കേതികവിദ്യയുടെ ഉപയോഗം വഴി ഉത്പന്നം, അത് നിര്‍മ്മിക്കുന്ന വിധം, വിപണനം എന്നിവയില്‍ നിലവിലുള്ള രീതിയെ മാറ്റിമറിക്കാന്‍ തക്കവണ്ണമുള്ളവയും, അതു വഴി ബൃഹത്തായ ഒരു ഉപഭോക്തൃ സമൂഹത്തിന് സേവനമോ ഉത്പന്നമോ എത്തിക്കാന്‍ കഴിയുകയും അതിലൂടെ വലിയ അളവിലുള്ള ധനസമാഹരണം നടത്തുകയും ചെയ്യുന്ന സംരംഭങ്ങളെയാണ് സ്റ്റാര്‍ട്ടപ്പുകള്‍ എന്ന നിര്‍വചനത്തില്‍ കെഎസ്‌യുഎം  ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൂക്ഷ്മ- ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് വര്‍ഷത്തില്‍  ശരാശരി 30 ശതമാനം വരെയാണ് വളര്‍ച്ചാ നിരക്കെങ്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 1000 മടങ്ങ് വരെ വളര്‍ച്ചയുണ്ടാകാം.

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് വലിയ വിജയം കൈവരിച്ചിട്ടുള്ള സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ് (സാസ്) മേഖലയില്‍ കേരളവും മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതു വരെ യൂണികോണ്‍ വിഭാഗത്തിലേക്ക് നമ്മളുടെ കമ്പനികള്‍ എത്തിയിട്ടില്ല. ഈ കുറവ് പരിഹരിക്കാനും സാസ് മേഖലക്കപ്പുറം ഭാവിയുടെ ടെക്നോളജി കൂടി മുന്നില്‍ കണ്ടു കൊണ്ട് പുതിയ തലത്തിലേക്ക് കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ എത്തിക്കാനുമുള്ള നടപടികളാണ് കെഎസ്‌യുഎം വിഭാവനം ചെയ്യുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അഥവാ എഐ ആധിപത്യത്തിന്‍റെ പടിവാതിലിലാണ് ഇന്ന് ലോകം എത്തി നില്‍ക്കുന്നത്. പരമ്പരാഗത ജോലി രീതികളെയും, വിജ്ഞാന സമ്പദ് വ്യവസ്ഥയെയും എന്തിന് ദൈനംദിന ജീവിതത്തെ പോലും സാങ്കേതികമായി അലോസരപ്പെടുത്തുന്ന രീതിയിലാണ് ഇതിന്‍റെ പോക്ക്. ഈ പശ്ചാത്തലത്തില്‍ ശാസ്ത്ര-സാങ്കേതികവിദ്യയും എഐയും ഉപയോഗിച്ച് ലോകത്തിന് വേണ്ട ഡീപ് ടെക് ഉത്പന്നങ്ങളൊരുക്കുന്ന ഫാക്ടറിയാക്കി കേരളത്തെ അടുത്ത പത്ത് കൊല്ലത്തിനുള്ളില്‍ പരിണമിപ്പിക്കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വ്യക്തമായ ദിശാരേഖയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇതിനായി മുന്നോട്ടു വയ്ക്കുന്നത്.

അടുത്ത പത്ത് വര്‍ഷം കൊണ്ട് 1000 കോടി രൂപ വാര്‍ഷിക വരുമാനമുള്ള പത്ത് ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളെ വളത്തിയെടുക്കാനാണ് പദ്ധതി. ഈ ആവാസവ്യവസ്ഥയില്‍ 100 ഡീപ് ടെക് കമ്പനികളെ സൃഷ്ടിക്കണം. അഞ്ച് സുപ്രധാന മേഖലകളാണ് ഡീപ് ടെക് ആവാസ വ്യവസ്ഥയിലേക്ക് കെഎസ്‌യുഎം ലക്ഷ്യം വയ്ക്കുന്നത്. ഈ മേഖലയുടെ വികസനത്തിന് 500 കോടി രൂപ ചെലവില്‍ എമര്‍ജിംഗ് ടെക്നോളജി ഹബ് തിരുവനന്തപുരത്ത് സ്ഥാപിക്കും.

ആരോഗ്യമേഖലയും ജൈവശാസ്ത്ര ഗവേഷണവും യൂറോപ്യന്‍-അമേരിക്കന്‍ നിലവാരത്തിലുള്ള ആരോഗ്യ രംഗമാണ് കേരളത്തിനുള്ളത്. ആഗോള നിലവാരത്തിലുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി, റീജ്യണല്‍ കാന്‍സര്‍ സെന്‍റര്‍, മലബാര്‍ കാന്‍സര്‍ സെന്‍റര്‍  തുടങ്ങിയ സ്ഥാപനങ്ങള്‍ നമുക്കുണ്ട്. ഇത്തരം സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യ സാങ്കേതിക രംഗത്ത് ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളെ കെഎസ്‌യുഎം പ്രോത്സാഹിപ്പിക്കും. ഇമേജ് പ്രോസസ്സിംഗ്, മെഡിക്കല്‍ ഇലക്ട്രോണിക്സ്, റീജനറേറ്റീവ് മെഡിസിന്‍, ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്‍റര്‍ഫേസ് ഇങ്ങനെ നിരവധി മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകളെ സൃഷ്ടിക്കാനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നത്.

സ്പേസ് ടെക്- ഐഎസ്ആര്‍ഒ, വിഎസ്എസ് സി, എല്‍പിഎസ് സി, ഐ ഐ സ് ടി  എന്നീ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചെടുത്ത ഇക്കോസിസ്റ്റം നിലവിലുണ്ട്. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, ഗ്രൗണ്ട് സ്റ്റേഷന്‍ സേവനങ്ങള്‍, ലോ ഏര്‍ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങള്‍, ഡാറ്റ അനലിറ്റിക്സ് എന്നീ മേഖലകളിലാവും ശ്രദ്ധ വെക്കുക.

നവീന ഊര്‍ജ്ജ് സ്രോതസ്സുകള്‍- സൗരോര്‍ജ്ജത്തിനപ്പുറത്തേക്ക് പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്തുന്നതിനും അവക്ക്  സാങ്കേതിക വിദ്യകള്‍  വികസിപ്പിക്കുന്നതിനുമായി ഗവേഷണാടിസ്ഥാനത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നത്. പുത്തന്‍ തലമുറ സോളാര്‍ (പെറോവ്സ്കൈറ്റ് സെല്ലുകള്‍), ന്യൂക്ലിയര്‍ ഊര്‍ജ സ്രോതസ്സുകള്‍, സ്മാര്‍ട്ട് ഗ്രിഡ്സ്, മറൈന്‍ എനര്‍ജി, മണ്ണിനെ അടിസ്ഥാനപ്പെടുത്തി ഉള്ള തെര്‍മല്‍ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഗവേഷണ പരിധിയില്‍ വരും

ഡിജിറ്റല്‍ മീഡിയയും മറ്റു വിനോദോപാധികളും-കാര്‍ട്ടൂണ്‍, സിനിമ എന്നിവക്കപ്പുറത്തേക്കു  ഓഗ്മെന്‍റഡ്/ എക്സറ്റന്‍ഡഡ് /വിര്‍ച്വല്‍ റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകളുടെ വരവോടെ സമസ്തമേഖലകളിലും സര്‍ഗ്ഗാത്മക ഇടപെടലുകള്‍ അനിവാര്യമായി മാറി. ഈ രംഗത്ത് നൂതനാശയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വഴിയൊരുക്കും. വിദ്യാഭ്യാസം, ആരോഗ്യം, ജോലിസ്ഥലങ്ങള്‍, ടൌണ്‍ പ്ലാനിംഗ്  എന്നീ മേഖലകളില്‍ വല്യ സാധ്യതകളാണ് ഈ രംഗം തുറന്നിടുന്നത്

ഭക്ഷ്യ-കൃഷി മേഖല- കാപ്പി, തേയില, സുഗന്ധ വ്യഞ്ജനങ്ങള്‍, നാണ്യ വിളകള്‍, വിവിധയിനം പഴവര്‍ഗങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍, സമുദ്രോല്‍പ്പന്നങ്ങള്‍  ഇങ്ങനെ വൈവിധ്യമാര്‍ന്ന ഒരു ജൈവ സമ്പത്തു കേരളത്തിന് സ്വന്തമായുണ്ട്. ആധുനിക കൃഷി രീതികള്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, നൂതന മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ എന്നിവ സന്നിവേശിപ്പിച്ച  സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ രംഗത്ത് വലിയ സാധ്യതയാണുള്ളത്.

പരമ്പരാഗത സാങ്കേതികവിദ്യയില്‍ നിന്ന് മാറി നൂതനവും മാറ്റത്തിന് വിധേയമാകുന്നതുമായ ആധുനിക സാങ്കേതികവിദ്യകള്‍ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കായി അവലംബിക്കേണ്ടതുണ്ട്. ഡാറ്റാ സയന്‍സ്, ജെന്‍ എഐ, മെഷീന്‍ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിങ്, ബയോ ടെക്നോളജി , ജനറ്റിക് എന്‍ജിനീയറിംഗ്, ഐഒടി, സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍, ബ്ലോക്ക് ചെയിന്‍, നാനോ പ്രോഗ്രാമബിള്‍ മാറ്റര്‍, ന്യൂറോമോര്‍ഫിക് ആന്‍ഡ് ഒപ്ടിക്കല്‍ കമ്പ്യൂട്ടിംഗ്, 4ഉ  പ്രിന്‍റിങ്, സിന്തറ്റിക് ബയോളജി തുടങ്ങിയ സാങ്കേതിക വിദ്യകളാണ് മേല്‍പ്പറഞ്ഞ അഞ്ച് മേഖലകളുടെ നട്ടെല്ലായി വര്‍ത്തിക്കുന്നത്.

ഡീപ് ടെക് ആവാസവ്യവസ്ഥയ്ക്കായി നിലവില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍കയ്യെടുത്ത് നടത്തി വരുന്ന പദ്ധതികള്‍ക്കപ്പുറത്തേക്കുള്ള ദീര്‍ഘവീക്ഷണം ആവശ്യമാണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ശൈശവദശയിലുള്ള ധനസഹായത്തിനായി ഇനോവേഷന്‍ ഗ്രാന്‍റ്, വ്യവസായവകുപ്പ് നല്‍കുന്ന സീഡ് വായ്പ, കെഎസ്‌യുഎം പിന്തുണയുള്ള എയ്ഞ്ജല്‍ ഫണ്ട്, ഫണ്ട് ഓഫ് ഫണ്ട്സ്, കേന്ദ്രസര്‍ക്കാരിന്‍റെ നിധി പ്രയാസ്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഫണ്ട്, ഗവേഷണ ഗ്രാന്‍റ് എന്നിവ നല്‍കി വരുന്നു.  തുടക്കക്കാരായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഓഫീസ് ആവശ്യങ്ങള്‍ക്കായി 20 ലീപ് കോ-വര്‍ക്കിംഗ് ഇടങ്ങള്‍, ഗവേഷണങ്ങളുടെ വാണിജ്യ സാധ്യതകള്‍ ഉത്പന്നമാക്കി മാറ്റുന്നതിനുള്ള റിസര്‍ച്ച് ഇനോവേഷന്‍ നെറ്റ് വര്‍ക്ക് കേരള എന്നിവയും സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിലവിലുണ്ട്. ദേശീയ-അന്തര്‍ദേശീയ എക്സ്പോകളില്‍ പങ്കെടുക്കാനവസരം, ഗവണ്മെന്‍റ് ആസ് എ മാര്‍ക്കറ്റ് പ്ലേസ് പദ്ധതി വഴി 50 ലക്ഷം വരെയുള്ള കരാറുകള്‍ ടെന്‍ഡറില്ലാതെയും മൂന്ന് കോടി രൂപ വരെയുള്ള കരാറുകള്‍ ലിമിറ്റഡ് ടെന്‍ഡറായും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കി വരുന്നുണ്ട്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഐഐഐടിഎംകെ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കേരള) യും കേന്ദ്ര  ഇലക്ട്രോണിക് മന്ത്രാലയവും ചേര്‍ന്ന് തുടങ്ങിയ രാജ്യത്തെ ആദ്യ ഇലക്ട്രോണിക്  ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജില്‍ നിന്ന് നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് പ്രതിരോധ മേഖലയിലടക്കം പ്രവര്‍ത്തിക്കുന്നത്. ഐറോവ്, ഫ്യൂസലേജ്, കാവ്ലി വയര്‍ലെസ്സ് തുടങ്ങിയ കമ്പനികള്‍ കേരളത്തിന്‍റെ അഭിമാനാര്‍ഹമായ നേട്ടങ്ങളാണ്. 107 കോടി രൂപ നിക്ഷേപം ലഭിച്ച സെമി കണ്ടക്ടര്‍ കമ്പനിയായ നേത്ര സെമി, കോളേജ് ഓഫ് എന്‍ജിനീയറിംഗ് തിരുവനന്തപുരത്തെ ട്രെസ്റ്റ് പാര്‍ക്കില്‍ നിന്നും രൂപപ്പെട്ട മികച്ച കമ്പനികളില്‍ ഒന്നാണ്.

വിജയകരമായ ഈ ആവാസവ്യവസ്ഥയുടെ തുടര്‍ച്ചയായാണ് കേരളം ഡീപ് ടെക് സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ശ്രദ്ധയൂന്നുന്നതു. ഇതിനായി നിലവിലുള്ള IEDC (ഇനോവേഷന്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മന്‍റ് സെന്‍ററുകള്‍) സെന്‍ററുകളുടെ ജില്ലാടിസ്ഥാനത്തിലുള്ള വികേന്ദ്രീകൃത ക്ലസ്റ്ററുകള്‍ രൂപീകരിക്കാന്‍ പദ്ധതിയുണ്ട്. ഓരോ ജില്ലയിലും ജില്ലാകളക്ടറടക്കം ഇതില്‍ അംഗമായിരിക്കും. ഗവേഷണ കേന്ദ്രങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ സമൂഹങ്ങള്‍ എന്നിവയെ കോര്‍ത്തിണക്കിയാണ് ഈ ഡീപ് ടെക് ഇന്നോവേഷന്‍ ക്ലസ്റ്റര്‍ രൂപീകൃതമാകുന്നത്. ഗവേഷണ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവയിലെ പൂര്‍വവിദ്യാര്‍ഥികളെയടക്കം ഈ ക്ലസ്റ്ററുകളുടെ ഭാഗമാക്കാനും ഉദ്ദേശിക്കുന്നു. ഓരോ ക്ലസ്റ്ററുകള്‍ക്ക് വേണ്ടി കൂട്ടായ പ്രവര്‍ത്തനത്തിനും ചര്‍ച്ചകള്‍ സംഘടിപ്പിക്കാനുമായി ഫ്രീഡം സ്ക്വയറുകള്‍ ഓരോ ജില്ലയിലും സ്ഥാപിക്കാനും പദ്ധതിയുണ്ട്.

സ്കൂള്‍ കാലഘട്ടം മുതല്‍ക്ക് തന്നെ നൂതനത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തെ 200 സ്കൂളുകളില്‍ സെന്‍റര്‍ ഫോര്‍ ഏര്‍ളി ഇനോവേഷന്‍ കേന്ദ്രങ്ങള്‍ നടപ്പില്‍ വരുത്തുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ്, സര്‍വശിക്ഷാ കേരള എന്നിവയുടെ സഹകരണത്തോടെ 98 സ്കൂളുകളില്‍ ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ തെരഞ്ഞെടുത്ത 50 കോളേജുകളില്‍ ഫാബ് ലാബ് ആരംഭിക്കും.

ഡീപ് ടെക് കമ്പനികളെ സഹായിക്കുന്നതിനു വേണ്ടി ജിപിയു ക്ലസ്റ്റര്‍ വികസിപ്പിക്കും. ഏജന്‍റിക് എഐ ഹാക്കത്തോണ്‍ സംഘടിപ്പിക്കും. ഐഎസ്ആര്‍ഒ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് 60 വയസ് കഴിഞ്ഞ വിരമിച്ചവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനുള്ള ന്യൂ ഇന്നിങ്സ് എന്ന പദ്ധതിയിലൂടെ പ്രോത്സാഹനം നല്‍കും. സാമൂഹ്യ സംരംഭക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി സോഷ്യല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാം നടത്തും.

സംസ്ഥാനത്തിനു പുറത്തു നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കേരളത്തില്‍ വന്ന് ജോലി ചെയ്യാനായി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സ്റ്റാര്‍ട്ടപ്പ് പോഡുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരള ടൂറിസവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടത്തുന്നത്. വേള്‍ഡ് ബാങ്ക് പദ്ധതിയായ കേരയുമായി അനുബന്ധിച്ചു കാര്‍ഷിക മേഖലയില്‍ സമൂലമായ  ഇടപെടലുണ്ടാകും.

ആദ്യ പത്തു വര്‍ഷത്തില്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപീകരിക്കാനും പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പാലിക്കാനുമാണ് കെഎസ്‌യുഎം ലക്ഷ്യമിട്ടതെങ്കില്‍ അടുത്ത ദശകത്തിലെ ലക്ഷ്യങ്ങള്‍ ആഗോളമേഖലയിലാണ്. ഡീപ് ടെക് മേഖലയിലെ പ്രമുഖ കമ്പനികള്‍ പലതും ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഐബിഎമ്മിന്‍റെ ജെന്‍ എഐ കേന്ദ്രം, വിവിധ കമ്പനികളുടെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവ കേരളത്തിലുണ്ട്. മികച്ച പ്രൊഫഷണലുകള്‍ക്ക് പേരുകേട്ട സംസ്ഥാനത്തിന് ഇനി സംരംഭക മികവിലൂടെയും അന്താരാഷ്ട്ര വേദിയിലേക്കെത്തണം. അതിനുള്ള പരിശ്രമവും ലക്ഷ്യബോധവുമാണ് ലോക സംരംഭക ദിനത്തില്‍ കേരളം മുന്നോട്ടു വയ്ക്കുന്ന സന്ദേശവും.

On National Entrepreneur Day, Kerala Startup Mission CEO discusses the state’s achievements and future goals in building a deep tech ecosystem.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version