2018ൽ സ്ഥാപിതമായ ഓൾ ഇലക്ട്രിക് റൈഡ് ഷെയറിങ് കമ്പനിയാണ് ബ്ലൂസ്മാർട്ട് (BluSmart). ഗുരുഗ്രാം ആസ്ഥാനമായുള്ള കമ്പനി സ്ഥാപിതമായതു മുതൽത്തന്നെ സെലിബ്രിറ്റികൾ അടക്കമുള്ള നിരവധി നിക്ഷേപകരാണ് കമ്പനിയിലേക്ക് ആകർഷിക്കപ്പെട്ടിട്ടുള്ളത്. കമ്പനിയുടെ പ്രാരംഭ ഘട്ടത്തിൽത്തന്നെ ബോളിവുഡ് താരം ദീപിക പദുക്കോൺ ബ്ലൂസ്മാർട്ടിൽ നിക്ഷേപം നടത്തിയിരുന്നു. 2024ൽ ക്രിക്കറ്റ് താരം എം.എസ്. ധോനിയും കമ്പനിയിൽ നിക്ഷേപവുമായി എത്തി. എന്നാലിപ്പോൾ ഫണ്ട് വഴിതിരിച്ചുവിടൽ, ഭരണ വീഴ്ച എന്നിവ ചൂണ്ടിക്കാട്ടി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കമ്പനിയെ സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ നിന്ന് സെബി വിലക്കിയിരിക്കുകയാണ്.

കമ്പനിയുടെ ക്യാപിറ്റൽ റെയ്സിങ്, സെക്യൂരിറ്റി ട്രേഡിങ്, ക്യാപിറ്റൽ മാർക്കറ്റ് ആക്സസ്, ഇൻവെസ്റ്റർ കോൺഫിഡൻസ് തുടങ്ങിയവയെ സെബി നടപടി പ്രതികൂലമായി ബാധിക്കും. എൻഡിടിവി റിപ്പോർട്ട് അനുസരിച്ച് ബ്ലൂസ്മാർട്ടിന്റെ 25 ശതമാനം പങ്കാളിത്തവും ഉടമ അൻമോൾ സിങ് ജഗ്ഗിയുടെ കൈവശമാണ്. അദ്ദേഹത്തിന്റെ സഹോദരൻ പുനീത് സിങ്ങിന് കമ്പനിയിൽ അഞ്ച് ശതമാനം പങ്കാളിത്തമുണ്ട്. ബജാജ് ഫിൻസെർവ് എംഡി സഞ്ജീവ് ബജാജ്, ഭാരത് പേ സഹസ്ഥാപകൻ അഷ്നീർ ഗ്രോവർ, രജത് ഗുപ്ത തുടങ്ങിയ പ്രമുഖർക്കും കമ്പനിയിൽ നിക്ഷേപമുണ്ട്.
അതേസമയം ബ്ലൂസ്മാർട്ട് പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഡൽഹി-എൻസിആർ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ നിരവധി യാത്രക്കാർക്ക് ബുധനാഴ്ച മുതൽ റൈഡ് ഹെയ്‌ലിംഗ് ആപ്പ് ആയ ബ്ലൂസ്മാർട്ട് വഴി ക്യാബുകൾ ബുക്ക് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിവിധ ഉപഭോക്താക്കൾ പറയുന്നതനുസരിച്ച്, ബുധനാഴ്ച വൈകുന്നേരം മുതൽ ബ്ലൂസ്മാർട്ട് റൈഡുകൾ ബുക്ക് ചെയ്യാനുള്ള ഒന്നിലധികം ശ്രമങ്ങൾ പരാജയപ്പെട്ടു. വ്യാഴാഴ്ചയും ആപ്പ് പ്രവർത്തനരഹിതമായിരുന്നു.