ലോകത്തെ ഏറ്റവും സമ്പന്നനായ നടൻ എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്താൻ സാധ്യതയുള്ളത് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ടോം ക്രൂയിസ്, ഡ്വെയിൻ ജോൺസൺ, ജോണി ഡെപ്പ് തുടങ്ങിയവരുടെ പേരുകൾ ആയിരിക്കാം. എന്നാൽ ഒരൊറ്റ ബ്ലോക്ക് ബസ്റ്റർ പോലും സ്വന്തം പേരിൽ ഇല്ലാത്ത ഒരു നടനാണ് ലോകത്തിലെ ഏറ്റവും സമ്പന്ന നടൻ. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ഹോളിവുഡ് നടൻ ടയ്ലർ പെരിയാണ് $1.4 ബില്യൺ ആസ്തിയുമായി നിലവിൽ ലോകത്തിലെ ഏറ്റവും സമ്പന്ന നടൻ.

1.1 ബില്യൺ ഡോളർ ആസ്തിയുമായി ജെറി സെൻഫെൽഡ് ആണ് സമ്പന്ന നടൻമാരിൽ രണ്ടാമതുള്ളത്. ടോം ക്രൂയിസ്, ബോളിവുഡ് താരം ഷാരൂഖ് ഖാൻ തുടങ്ങിയവരാണ് മറ്റ് സ്ഥാനങ്ങളിൽ. ടോം ക്രൂയിസിന് 800 മില്യൺ ഡോളറും ഷാരൂഖ് ഖാന് 770 മില്യൺ ഡോളറുമാണ് സമ്പാദ്യം. പട്ടികയിൽ ഇടംപിടിച്ച മറ്റ് സമ്പന്ന നടൻമാരെല്ലാം അതിപ്രശസ്തർ ആയിരിക്കുമ്പോൾ അത്രയൊന്നും പ്രശസ്തനല്ലാത്ത പെരി ഒന്നാമതായി എന്നതാണ് അത്ഭുതം. നിർമാതാവും നാടകകൃത്തും കൂടിയാണ് ടയ്ലർ പെരി.
കോമഡി ഫ്രാഞ്ചൈസായ മാഡിയയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷം. എന്നാൽ നിരവധി ഭാഗങ്ങളായെത്തിയ ഈ സീരീസ് ആഗോളവ്യാപകമായി 660 മില്യൺ ഡോളർ കലക്ഷൻ നേടി. ഇത് സീരീസിന്റെ പ്രൊഡ്യൂസറും രചയിതാവും ഡയറക്ടറും കൂടിയായ പെരിയുടെ സമ്പാദ്യം വർധിപ്പിച്ചു. ഇതിനു പുറമേ ടയ്ലർ പെരി സ്റ്റുഡിയോസ് എന്ന നിർമാണ കമ്പനി വഴിയും അദ്ദേഹം വൻ നേട്ടമുണ്ടാക്കുന്നു.
