സർക്കാർ ഉടമസ്ഥതയിലുള്ളതും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളിൽ ഒന്നുമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന് (CSL) നിരവധി പദ്ധതികളാണ് മുന്നോട്ടുള്ളത്. 2025-26ലെ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ അവയ്ക്ക് വലിയ ഉത്തേജനം പകരുന്നവയുമാണ്. ഇന്ത്യയെ ദീർഘകാലാടിസ്ഥാനത്തിൽ മികച്ച അഞ്ച് ആഗോള സമുദ്ര കേന്ദ്രമായി ഉയർത്തുന്നതിന് സഹായിക്കുന്നതിനായി മാരിടൈം ഡെവലപ്‌മെന്റ് ഫണ്ടിലേക്ക് (MDF) 25,000 കോടി രൂപയുടെ ബജറ്റ് വിഹിതമാണുള്ളത്. പുതുക്കിയ കപ്പൽ നിർമ്മാണ സാമ്പത്തിക സഹായ നയത്തിലും പ്രതീക്ഷകൾ അർപ്പിക്കുന്നതായി സിഎസ്‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു.എസ്.നായർ പറഞ്ഞു.

വിദേശ കപ്പൽ നിർമ്മാണ കമ്പനികളുമായുള്ള സാങ്കേതിക സഹകരണത്തോടൊപ്പം സാമ്പത്തിക സഹായവും വലിയ വ്യാപാര കപ്പലുകളുടെ നിർമ്മാണത്തിൽ വേഗത്തിൽ പുരോഗതി കൈവരിക്കാൻ സിഎസ്എല്ലിനെ പ്രാപ്തമാക്കും. കപ്പൽ നിർമ്മാണ വ്യവസായത്തിൽ നിലവിൽ കൊറിയൻ, ചൈനീസ്, ജാപ്പനീസ് കമ്പനികളാണ് ആധിപത്യം പുലർത്തുന്നത്. എന്നാൽ സമീപഭാവിയിൽത്തന്നെ ആഗോള ഷിപ്പിംഗ് കമ്പനികൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇന്ത്യയെയും സിഎസ്എല്ലിനേയും സമീപിക്കുമെന്നും മധു.എസ്.നായർ വ്യക്തമാക്കി