ഇന്ത്യൻ ബഹിരാകാശ രംഗത്തെ സുപ്രധാന നാഴികക്കല്ലായ നിരവധി റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ISRO) ചുക്കാൻ പിടിച്ചിട്ടുണ്ട്. ചരിത്രം സൃഷ്ടിച്ച ഐഎസ്ആർഒയുടെ പ്രധാന റോക്കറ്റ് വിക്ഷേപണങ്ങൾ നോക്കാം.

1975ൽ വിക്ഷേപിച്ച ആര്യഭട്ടയാണ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹം. എന്നാൽ ഐസ്ആർഒ നിർമിത ഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചത് സോവിയറ്റ് സഹകരണത്തോടെയായിരുന്നു. അഞ്ച് വർഷങ്ങൾക്കു ശേഷം 1980ൽ എസ്എൽവി 3 വഴി രോഹിണി ആർഎസ് 1 ഉപഗ്രഹം ഇന്ത്യ ബഹിരാകാശത്തെത്തിച്ചു. ഇതോടെ തദ്ദേശീയമായി ഉപഗ്രഹ വിക്ഷേപണം നടത്താൻ കഴിവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിച്ചു. ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 1 ആണ് ഐഎസ്ആർഓയുടെ മറ്റൊരു പ്രധാന നേട്ടം. പിഎസ്എൽവി സി 11 ഉപയോഗിച്ചുള്ള ദൗത്യം ചന്ദ്രേപരിതലത്തിൽ ജല തന്മാത്രകൾ കണ്ടെത്തി വൻ ശാസ്ത്ര നേട്ടവും സ്വന്തമാക്കി.
പിന്നീട് പിഎസ്എൽവി സി 37ലൂടെ ഐഎസ്ആർഒ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി. ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങൾ വിന്യസിച്ച് ലോക റെക്കോർഡ് സ്ഥാപിച്ച പിഎസ്എൽവി സി 37 ഒന്നിലധികം പേലോഡുകളുള്ള സങ്കീർണ ദൗത്യങ്ങൾ കൗകാര്യം ചെയ്യുന്നതിൽ ഐസ്ആർഓയുടെ കഴിവ് പ്രകടമാക്കി. ജിഎസ്എൽവി ഡി 5ലൂടെ ഇന്ത്യ ആദ്യത്തെ വിജയകരമായ ക്രയോജനിക് എഞ്ചിൻ നേട്ടം കൈവരിച്ചു. നൂതന റോക്കറ്റ് പ്രൊപ്പൽഷൻ സാങ്കേതിക വിദ്യയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിലെ നാഴികക്കല്ലാണ് ജിഎസ്എൽവി ഡി 5.
ചന്ദ്രയാൻ 2 വിക്ഷേപണത്തിൽ ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ജിഎസ്എൽവി എംകെ III എം 1 ആണ് ഉപയോഗിച്ചത്. നിരവധി വെല്ലുവിളികൾക്ക് ഇടയിലും ഓർബിറ്റർ വിലപ്പെട്ട ചാന്ദ്ര വിവരങ്ങൾ നൽകുന്നത് തുടർന്നു. പിഎസ്എൽവി സി 25 അഥവാ മാർസ് ഓർബിറ്റർ മിഷൻ എന്ന മംഗൾയാനിലൂടെ ഇന്ത്യ ചൊവ്വാദൗത്യം ആരംഭിച്ചു. ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യ ഏഷ്യൻ രാജ്യമെന്ന റെക്കോർഡ് ഇതിലൂടെ ഇന്ത്യയെ തേടിയെത്തി.
ചെറിയ ഉപഗ്രഹ വിന്യാസങ്ങൾക്കായുള്ള വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന എസ്എസ്എൽവി ഡി 2വും ഇന്ത്യൻ ബഹിരാകാശ നേട്ടത്തിൽ പ്രധാനമാണ്. ഇതിലുപരി എൽവിഎം3 എം 4 എന്ന ചന്ദ്രയാൻ 3യിലൂടെ ചരിത്രപരമായ ചാന്ദ്ര ദക്ഷിണധ്രുവ ലാൻഡിങ്ങും ഇന്ത്യ നടത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് സോഫ്റ്റ ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം എന്ന സുപ്രധാന നേട്ടമാണ് ഇന്ത്യ ഇതിലൂടെ നേടിയത്.
