മെയ് 1 മുതൽ രാജ്യത്ത് എടിഎം നിയമങ്ങളും ചാർജും മാറും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) നിർദ്ദേശം ആർബിഐ അംഗീകരിച്ചതോടെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നത് ഇനി മുതൽ ചിലവേറിയതാകും. ഇതുവരെ മറ്റ് ബാങ്ക് എടിഎമ്മിൽ നിന്ന് നിശ്ചിത പരിധിക്ക് ശേഷം പണം പിൻവലിക്കുന്നതിന് 17 രൂപയായിരുന്നു നിരക്ക്. മെയ് 1 മുതൽ ഇത് 19 രൂപയായി വർധിക്കും. കൂടാതെ ബാലൻസ് പരിശോധിക്കുന്നതിനുള്ള ചാർജും 7 രൂപയിൽ നിന്ന് 9 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. മറ്റ് എടിഎമ്മുകളിൽ മെട്രോ നഗരങ്ങളിൽ മാസത്തിൽ 5 സൗജന്യ ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ 3 സൗജന്യ ഇടപാടുകളും എന്ന പരിധിയാണ് ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നത്. ഇതിനു മുകളിലുള്ള ഇടപാടുകൾക്ക് വർദ്ധിച്ച ചാർജ് ഈടാക്കും.

എടിഎം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരും വൈറ്റ് ലേബൽ എടിഎം കമ്പനികളും ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കണമെന്ന ആവശ്യപ്പെട്ടതിനെ തുടർന്നാണ് എടിഎം ചാർജുകൾ വർദ്ധിപ്പിച്ചത്. അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള ചിലവുകൾ മുമ്പത്തേക്കാൾ വർദ്ധിച്ചു എന്നാണ് എടിഎം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാരും വൈറ്റ് ലേബൽ എടിഎം കമ്പനികളും കാരണമായി പറയുന്നത്. ഈ സാഹചര്യത്തിൽലാണ് നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റിസർവ് ബാങ്കിന് മുന്നിൽ നിരക്ക് വർധന ആവശ്യം വെതും ആർബിഐ പച്ചക്കൊടി നൽകിയതും.
എടിഎം ചാർജുകളുടെ വർദ്ധനവ് നിലവിൽ എടിഎം നെറ്റ്‌വർക്കിനായി മറ്റു ബാങ്കുകളെ ആശ്രയിക്കുന്ന ബാങ്കുകളെ കൂടുതൽ ബാധിക്കും. ഹോം ബാങ്ക് ഇതര എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനോ ബാലൻസ് പരിശോധിക്കുന്നതിനോ ഉപഭോക്താക്കളും കൂടുതൽ ചാർജുകൾ നൽകേണ്ടിവരും. അധിക ചാർജുകൾ ഒഴിവാക്കാൻ ഉപഭോക്താക്കൾ ഹോം ബാങ്കിന്റെ എടിഎം ഉപയോഗിക്കുകയോ ഡിജിറ്റൽ പേയ്‌മെന്റ് ഓപ്ഷനിലേക്ക് കടക്കുകയോ വേണം.