എല്ലാ ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാവുന്ന കവചിത പ്ലാറ്റ്‌ഫോമായ (all-terrain armoured platform) BvS10 സിന്ധു വാഹനങ്ങളുടെ തദ്ദേശീയ ഉത്പാദനത്തിനായുള്ള കരാർ ലാർസൻ & ട്യൂബ്രോയ്ക്ക് (L&T) നൽകി പ്രതിരോധ മന്ത്രാലയം. വൈവിധ്യമാർന്ന ഭൂപ്രദേശങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്‌ത ബിവിഎസ് 10 സിന്ധു ഇന്ത്യൻ സൈന്യത്തിന് വിതരണം ചെയ്യുന്നതിനുള്ള കരാറാണ് എൽ ആൻഡ് ടിക്ക് നൽകിയിരിക്കുന്നത്. 2027ലാകും ഇവയുടെ വിതരണം.
പ്രാരംഭ ഓർഡർ 18 ആണെങ്കിലും സൈന്യം ഭാവിയിൽ ഇത്തരത്തിലുള്ള 100 കവചിത പ്ലാറ്റ്ഫോമുകൾ വാങ്ങും. BvS10 പ്ലാറ്റ്‌ഫോമിന്റെ യഥാർത്ഥ നിർമാതാക്കളായ BAE സിസ്റ്റംസ് ഹാഗ്ലണ്ട്‌സിന്റെ സാങ്കേതിക, ഡിസൈൻ പിന്തുണയോടെ ഗുജറാത്തിലെ ഹസിറയിലുള്ള ആർമർഡ് സിസ്റ്റംസ് കോംപ്ലക്‌സിലാണ് എൽ ആൻഡ് ടി വാഹനങ്ങൾ നിർമ്മിക്കുക. വിന്യാസം, പരിപാലനം, ലൈഫ് സൈക്കിൾ സസ്റ്റൈൻമെന്റ് എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ ലോജിസ്റ്റിക്സ് പിന്തുണ കരാറിൽ ഉൾപ്പെടുന്നതായി എൽ ആൻഡ് ടി പ്രതിനിധി പറഞ്ഞു.
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ പ്രതിരോധത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ മുന്നേറ്റത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ കരാർ. ഹൈ ആൾട്ടിട്യൂഡ് മഞ്ഞുമലകൾ മുതൽ മരുഭൂമികളിലും ചതുപ്പുനിലങ്ങളിലും വരെ ഉപയോഗിക്കാനാകുന്ന രീതിയിലുള്ള പ്രത്യേക രൂപകൽപനയാണ് BvS10ന്റേത്.
L&T to manufacture and deliver BvS10 Sindhu all-terrain armoured vehicles to the Indian Army by 2027 under the Make in India initiative. Learn about its features.
