മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫൗജി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. നിർമ്മാതാക്കൾ ചിത്രത്തിനായി വൻ തുക ചിലവാക്കുന്നതായാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം ₹600 കോടിക്കാണ് മെഗാ പ്രോജക്റ്റ് ഒരുങ്ങുന്നത്. ഇതോടെ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെതന്നെ ഏറ്റവും ചിലവേറിയ പ്രോജക്റ്റുകളിൽ ഒന്നായി ഫൗജി മാറുകയാണ്.

ചിത്രത്തെക്കുറിച്ചും പ്രഭാസിന്റെ വിപണി ശേഷിയെക്കുറിച്ചും മൈത്രി മൂവി മേക്കേഴ്സ് ഏറെ ആത്മവിശ്വാസം പുലർത്തുന്നു. റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണം തുടരുന്ന ചിത്രത്തിന്റെ സംവിധായകൻ ഹനു രാഘവപുഡിയാണ്. ദുൽഖർ സൽമാനെ നായകനാക്കി പാൻ ഇന്ത്യൻ ഹിറ്റായ സീതാ രാമം സമ്മാനിച്ച സംവിധായകനാണ് ഹനു രാഘവപുഡി എന്നതും ഫൗജിയെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നു.
പ്രഭാസിനൊപ്പം ഹനു രാഘവപുഡിയുടെയും കഴിവുകളിൽ വിശ്വാസമർപ്പിച്ചാണ് മൈത്രി മൂവി മേക്കേഴ്സ് ചിത്രത്തിനായി വൻ തുക ചിലവഴിക്കുന്നത് എന്നത് വ്യക്തമാണ്.
എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. പ്രഭാസിന്റെ മാർക്കറ്റ് പോൾ അസാധാരണമാംവിധം വലുതാണെങ്കിലും ആ കണക്കുകളിൽ പോലും, ₹600 കോടി എന്ന മെഗാ നിക്ഷേപം വിശദീകരിക്കാൻ കഴിയുന്നതിനും അപ്പുറമാണെന്ന് ചില സിനിമാ നിരൂപകർ കരുതുന്നു. അതുകൊണ്ടുതന്നെ ഈ ചിലവേറിയ ചൂതാട്ടം പ്രൊഡക്ഷൻ ഹൗസിന് ഫലം നൽകുമോ എന്ന് കണ്ടറിയണമെന്നാണ് നിരൂപകർ വിലയിരുത്തുന്നത്
