40 വർഷത്തിലേറെയായി ബഹ്റൈനിൽ കുടുങ്ങിപ്പോയ പ്രവാസി മലയാളി നാടണയുന്നു. നഷ്ടപ്പെടലിന്റേയും അതിജീവനത്തിന്റെയും ഹൃദയഭേദകമായ ജീവിതത്തിനു ശേഷമാണ് 74 കാരനായ ഗോപാലൻ ചന്ദ്രൻ എന്ന തിരുവനന്തപുരം സ്വദേശി നാട്ടിലേക്ക് മടങ്ങുന്നത്. ഏതൊരു പ്രവാസിയേയും പോലെ നിരവധി സ്വപ്നങ്ങളുമായാണ് അദ്ദേഹം 1983ൽ ബഹ്റൈനിൽ എത്തുന്നത്. എന്നാൽ കാലം അദ്ദേഹത്തിനായി കാത്തുവെച്ചത് അല്ലലുകൾ നിറഞ്ഞ, 42 വർഷം നീണ്ട പ്രവാസമായിരുന്നു.

ഗോപാലൻ ബഹ്‌റൈനിൽ എത്തിയ സമയത്ത് അദ്ദേഹത്തിന്റെ തൊഴിലുടമ മരണപ്പെട്ടു. പാസ്പോർട്ടും മറ്റ് രേഖകളുമെല്ലാം വിസ നൽകിയിരുന്ന തൊഴിലുടമയുടെ പക്കലായിരുന്നു. ഇതോടെയാണ് അദ്ദേഹം കുടുംബത്തെ കാണാനോ അവരെപ്പറ്റിയുള്ള വിവരങ്ങൾ അറിയാനോ ആകാതെ നീണ്ട നാല് പതിറ്റാണ്ടായി ബഹ്റൈനിൽ കുടുങ്ങിയത്. പ്രവാസി ലീഗൽ സെൽ എന്ന എൻജിഒ വഴിയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മടങ്ങിവരവ് സാധ്യമായിരിക്കുന്നത്.
തൊഴിലുടമ മരണപ്പെട്ടതോടെ രേഖകളെപ്പറ്റിയുള്ള യാതൊരു വിവരവും അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. ആശയവിനിമയ ഉപാധികളോ ഫോണോ ഉപയോഗിക്കാതിരുന്ന ഗോപാലന് നാട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചില്ല. ബഹ്റൈനിൽ പലയിടങ്ങളിലായി ജോലി ചെയ്ത് അദ്ദേഹം ജീവിതം തള്ളിനീക്കി. എന്നാൽ 2020ൽ അദ്ദേഹം രേഖകൾ ഇല്ലാത്തതിന്റെ പേരിൽ പോലീസ് പിടിയിലാവുകയും ജയിലിലാകുകകയും ചെയ്തു. ഈ ഘട്ടത്തിലാണ് പ്രവാസി ലീഗൽ സെല്ലിന്റെ വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളിലൂടെ ഗോപാലന്റെ മോചനം സാധ്യമായതും നാട്ടിൽ പോകാൻ വഴിയൊരുങ്ങിയതും.
അദ്ദേഹത്തിന്റെ യാത്രാ ചിലവുകൾ ഇന്ത്യൻ എംബസി വഹിക്കും. നാട്ടിലെത്തി 95 വയസ്സുള്ള അമ്മയേയും സഹോദരനേയും കാണാൻ ആകുമെന്ന സന്തോഷത്തിലാണ് ഗോപാലൻ ബഹ്റൈനിൽ നിന്നും മടങ്ങുന്നത്.