ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാന് എതിരെ കടുത്ത നയതന്ത്ര നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചത് അടക്കമുള്ള ഇന്ത്യയുടെ നടപടികൾ പാകിസ്ഥാനു മേൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചു പൂട്ടുക, പാക് പൗരൻമാർക്ക് യാത്രാ വിലക്ക്, പാക്ക് പൗരൻമാർ 48 മണിക്കൂറുകൾക്കുള്ളൽ ഇന്ത്യ വിടുക, നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കുക തുടങ്ങിയ നടപടികൾക്ക് ഒപ്പമാണ് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറും ഇന്ത്യ റദ്ദാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിച്ച തീരുമാനങ്ങളിൽ പാകിസ്ഥാന് ഏറ്റവും വലിയ പ്രഹരമാകാൻ പോകുന്നതും കരാർ റദ്ദാക്കിക്കൊണ്ടുള്ള ഇന്ത്യയുടെ ഈ നടപടിയാണ്.

സിന്ധു നദിയിൽ നിന്നും പോഷകനദികളിൽ നിന്നുമുള്ള വെള്ളമാണ് പാകിസ്ഥാൻ കൃഷിക്കും കുടിവെള്ളത്തിനുമായി ആശ്രയിച്ചു വരുന്നത്. സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുന്നതോടെ പാകിസ്ഥാന്റെ കിഴക്കൻ മേഖലയിലെ ജലലഭ്യതയെ അത് പൂർണമായും ബാധിക്കും. ഉടമ്പടി താൽക്കാലികമായി നിർത്തിവെച്ചാൽ പോലും പാകിസ്ഥാൻ കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങും. പാകിസ്ഥാനിലെ പ്രധാന കാർഷിക കേന്ദ്രമായ പഞ്ചാബിലേക്കും സിന്ധിലേക്കും കൃഷിക്കാവശ്യമായ വെള്ളമെത്തിക്കുന്നതിൽ സിന്ധു നദീജല കരാർ പ്രധാന പങ്ക് വഹിക്കുന്നു. ജലലഭ്യത കുറഞ്ഞാൽ ഈ മേഖലയിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലാകും. ഇപ്പോൾത്തന്നെ സാമ്പത്തിക വെല്ലുവിളികൾ രൂക്ഷമായ പാകിസ്ഥാനെ ഇതോടെ ഭക്ഷ്യ പ്രതിസന്ധി കൂടി പിടികൂടും. മൊത്തത്തിൽ കരാർ മരവിപ്പിക്കുന്നതിലൂടെ പാകിസ്ഥാന്റെ ഭാവി അത്ര സുഖകരമായിരിക്കില്ല.
സിന്ധു നദിയിൽ നിന്നും പോഷകനദികളിൽ നിന്നും ജലം പങ്കിടുന്നതിനായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19ന് ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാക് പ്രസിഡന്റ് അയ്യൂബ് ഖാനും കറാച്ചിയിൽ വെച്ചാണ് ഉടമ്പടി ഒപ്പുവെച്ചത്. പാകിസ്ഥാന് ജലത്തിന്റെ 80 ശതമാനം പങ്കുനൽകി, ഇന്ത്യയിൽ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജല ഉപയോഗത്തിൽ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാർ പ്രകാരം ചെയ്തിരുന്നത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം പല തവണ വഷളായപ്പോഴും കരാർ പുനഃപരിശോധിച്ചിരുന്നില്ല. 1965, 1971 ഇന്ത്യ-പാക് യുദ്ധകാലത്ത് പോലും കരാർ തുടർന്നു. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2019 പുൽവാമ ആക്രമണം തുടങ്ങിയവയുടെ പശ്ചാത്തലത്തിലും ഇന്ത്യ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല.