മാരുതി 800 വാഹനങ്ങളിലൂടെ ഇന്ത്യൻ വാഹന രംഗത്ത് വിപ്ലവം സൃഷ്ടിച്ച വ്യക്തിയായിരുന്നു കഴിഞ്ഞ വർഷം അന്തരിച്ച ഒസാമു സുസുക്കി.
സുസുക്കി മോട്ടോർ മുൻ ചെയർമാൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ പേരിൽ ഇന്ത്യയിൽ ഒസാമു സുസുക്കി സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുമെന്ന് സുസുക്കി മോട്ടോർ കോർപ്പറേഷനും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും അറിയിച്ചു. രാഷ്ട്രനിർമ്മാണത്തിനായുള്ള ഒസാമു സുസുക്കിയുടെ സംഭാവനകളെ തിരിച്ചറിയുന്നതിനും മാരുതി സുസുക്കിയുടെ വിജയത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ നിർമ്മാണ തത്ത്വചിന്തയുടെ വ്യാപകമായ പ്രചാരണത്തിനുമായാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കപ്പെടുന്നത്.

2024 ഡിസംബർ 25നായിരുന്നു സുസുക്കി മോട്ടോർ കോർപ്പറേഷൻ ചെയർമാൻ ഒസാമു സുസുക്കിയുടെ വിയോഗം. ഡൽഹി യശോഭൂമിയിൽ കഴിഞ്ഞ ദിവസം നടന്ന ഒസാമു സുസുക്കി അനുസ്മരണ പരിപാടിയുടെ ഭാഗമായാണ് ഒസാമു സുസുക്കി സെന്റർ ഓഫ് എക്സലൻസ് (OSCOE) സ്ഥാപിക്കാനുള്ള പ്രഖ്യാപനം. ഗുജറാത്തിലും ഹരിയാനയിലുമാണ് ഓസ്കോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ജാപ്പനീസ് വാഹനനിർമാണ രീതി പ്രചരിപ്പിക്കുന്നതിന് അക്കാദമിക് മേഖലയുമായും സഹകരിച്ച് അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നതിനായാണ് എക്സലൻസ് സെന്റർ ലക്ഷ്യമിടുന്നത്. ഓട്ടോമോട്ടീവ് മേഖലയ്ക്ക് അപ്പുറം മറ്റ് ഉൽപ്പാദന മേഖലകളിലേക്കും സെന്റർ വ്യാപിപ്പിക്കുമെന്ന് പ്രതിനിധികൾ അറിയിച്ചു.

ഇന്ത്യയിലെ സാധാരണക്കാർക്ക് കാർ എന്ന സ്വപ്നം പ്രാപ്യമാക്കുന്നതിലും ലോകത്തിലെ പ്രധാന കാർ ഉൽപ്പാദക രാജ്യമായി ഇന്ത്യ ഉയർന്നുവരുന്നതിലും നിർണായക പങ്ക് വഹിച്ച ദീർഘവീക്ഷണിയായിരുന്നു അദ്ദേഹമെന്ന് അനുസ്മരണത്തിൽ കമ്പനി പ്രതിനിധി പറഞ്ഞു. ഒസാമുവിന്റെ നിർമ്മാണ തത്ത്വചിന്ത മാരുതി സുസുക്കിയുടെ വിജയത്തിലേക്ക് നയിച്ചതിനൊപ്പം ആഗോളതലത്തിൽതന്നെ പ്രസക്തമായ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വളർച്ചയ്ക്കും വഴിവെച്ചു.

1930 ജനുവരി 30ന് ജനിച്ച ഒസാമു സുസുക്കി 1953 മാർച്ചിൽ ചുവോ സർവകലാശാലയിലെ നിയമ ഫാക്കൽറ്റിയിൽ നിന്ന് ബിരുദം നേടി. 1958 ഏപ്രിലിൽ സുസുക്കി മോട്ടോർ കോർപ്പറേഷനിൽ കരിയർ ആരംഭിച്ചു. 2025ൽ മരണാനന്തരം അദ്ദേഹത്തിന് ഇന്ത്യയിലെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ  നൽകി രാജ്യം ആദരിച്ചു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version