1965-ലേയും 71-ലേയും ഇന്ത്യാപാക് യുദ്ധ സമയത്ത്, ഡൽഹിയിലും അതിർത്തിയിലുമൊക്കെ നമ്മുടെ സർക്കാർ ഉദ്യാഗസ്ഥരേയും, ആർമി ഓഫീസർമാരെയുമൊക്കെ വഹിച്ച് കുതിച്ചുപാഞ്ഞ ഒരു വാഹനമുണ്ടായിരുന്നു. യുദ്ധസമയത്തുള്ള കോ-ഓർഡിനേഷനും മറ്റും വേഗത്തിലാക്കാനായി അക്ഷീണം ഓടിയ വണ്ടി! അന്ന് ഈ രാജ്യത്തിന്റെ ഒഫീഷ്യൽ കാറായിരുന്ന നൊസ്റ്റാൾജിക് ബ്രാൻഡ്….
പഴയ ഇന്ത്യയിൽ, കാറെന്ന സ്വപ്നത്തിന് ആ ഒരു പേരേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്ര- ക്യാബിനറ്റ് മന്ത്രിമാരും, സംസ്ഥാനത്തെ മന്ത്രിമാരും, രാഷ്ട്രീയനേതാക്കളും, കളക്റ്ററും, ഡിജിപിയും, എംഎൽഎ-മാരും, ബിസിനസ്സുകാരും, കാശുള്ളവരും, കല്യാണപ്പെണ്ണും ചെറുക്കനും, ടാക്സിവിളിച്ചവരും, ടൂറ് പോയവരും, അടിയന്തിരത്തിന് ചെന്നവരും എല്ലാം സഞ്ചരിച്ച ആ ഒരേ വാഹനം. നാല് ചക്രത്തിൽ, ഇന്ത്യയുടെ റോഡുകളിൽ ഹൃദയതാളം പോലെ ഒഴുകിയ കാർ! ഇന്ത്യയാകമാനം അംബി എന്ന ഓമനപ്പേരിട്ട് വിളിച്ച ഇന്ത്യൻ റോഡുകളിലെ ഒരേ ഒരു രാജാവ്! അംബാസിഡർ!

ഇന്ന് ഇന്ത്യയിൽ ഇരുപതിലധികം ബ്രാൻഡുകൾ ചെറുതും വലുതുമായ കാറുകൾ വിൽക്കുന്നു. മാരുതി-യിൽ തുടങ്ങി ടാറ്റയും ഔഡിയും ബെൻസും ബിഎംഡബ്ളുവും അങ്ങനെ അങ്ങനെ.. ലക്ഷ്വറിയും പ്രീമിയവും അൾട്രാ പ്രീമിയവും ആയ വാഹനങ്ങൾ നിരത്തിലുണ്ട്. 4.50 ലക്ഷം രൂപ വില വരുന്ന മാരുതി ഓൾട്ടോ കെ 10 മുതൽ 12 കോടിയോളം വില വരുന്ന Rolls-Royce Phantom വരെ ഇന്ത്യയിലിന്ന് വാങ്ങാൻ കിട്ടും. 1 കോടി, 2 കോടി ഒക്കെ വിലവരുന്ന വാഹനങ്ങൾ നിരത്തിൽ സർവ്വസാധാരണം. ഇത് ഇന്നത്തെ കഥ.


എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ആത്മാവിലലിഞ്ഞ് അരനൂറ്റാണ്ടുകാലം കുടുംബങ്ങളുടെ ആഹ്ളാത്തിലും നോവിലും അസാധാരണമായ ഓർമ്മച്ചെപ്പായി ഒപ്പം നിന്ന ഒരു ബ്രാൻഡായിരുന്നു അംബാസിഡർ. ഹിന്ദുസ്ഥാൻ മോട്ടോഴ്സ് നിരത്തിലിറക്കിയ അംബാസിഡർ മാർക്ക് സീരീസ് കാറുകൾ. ഇംഗ്ളണ്ടിലെ Morris Oxford Series-ന്റെ മോഡൽ അതേപോലെയാണ് 1957-ൽ അംബാസിഡറായി അവതരിച്ചത്. ആരായിരുന്നു അംബാസിഡറിന്റെ മുതലാളി എന്നറിയുമോ? സാക്ഷാൽ ബിർള! ബ്രിജ് മോഹൻ ബിർളയാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ് തുടങ്ങിയതും British Morris Oxford Series III model-ന്റെ ലൈസൻസ് വാങ്ങി അത് അംബാസിഡറായി ഇവിടെ നിർമ്മിച്ചതും. ഇന്ത്യയുടെ ആദ്യ തദ്ദേശീയ കാറിന്റെ പിതാവ് ബിഎം ബിർളയാണ്.

ഇന്ത്യ സ്വന്തമായി മോട്ടോർ വാഹനങ്ങൾ നിർമ്മിക്കണമെന്ന അന്നത്തെ സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് അംബാസിഡർ, ബിർള നിർമ്മിക്കുന്നത്. പശ്ചിമ ബംഗാളിലെ ഉട്ടാർപ്പര (Uttarpara) പ്ലാന്റിൽ നിന്നാണ് ഏറെ നാൾ അംബാസിഡർ നിർമ്മിച്ച് രാജ്യമാകെ എത്തിയിരുന്നത്. ഇന്ത്യൻ റോഡുകൾക്ക് അനുയോജ്യമായ കാറായിരുന്നു അംബാസിഡർ. ഉരുണ്ട വലിയ ഹെഡ്ലൈറ്റുകൾ, നടുക്ക് ഗ്രിൽ ഡിസൈൻ, സെമി-monocoque ഡിസൈനിലിറങ്ങിയ അംബാസിഡർ ഡൽഹിയിലെയും ബോബെയിലുമുള്ള പെർഫെക്റ്റ് റോഡുകളിലും കുണ്ടും കുഴിയും നിറഞ്ഞ അന്നത്തെ ഹൈവകളിലും റോഡ് കണ്ടിട്ട് പോലുമില്ലാത്ത ഇന്ത്യൻ ഗ്രാമങ്ങളിലെ ചെമ്മൺ പാതകളിലും തളരാതെ ഓടി, സ്പേഷ്യസായ ഉൾവശം, വിശാലമായ ബെഞ്ച് സീറ്റുകൾ, സ്റ്റിയറിംഗിനോട് ചേർന്ന ഉണ്ടായിരുന്ന ഗിയർ സ്റ്റിക്ക് അങ്ങനെ അംബാസിഡർ എന്ന ബ്രാൻഡ്, ഇന്ത്യൻ വാഹനത്തിന്റെ അംബാസിഡറായി വാണിരുന്ന കാലം, അജയ്യനായിത്തന്നെ, എതിരാളികളില്ലാതെ 1980-കൾ വരെ!
പ്രീമീയർ പദ്മിനിയും, സ്റ്റാർഡേർഡ് 10 എന്നീ ബ്രാൻഡുകൾ ഉണ്ടായിരുന്നങ്കിലും, അതിൽ പദ്മിനി മാത്രമാണ് അംബാസിഡറിന്റെ മേൽക്കോയ്മയിലും പിടിച്ചു നിന്നത്. വാസ്തവത്തിൽ മൈലേജും ക്വാളിറ്റിയും അംബാസിഡറിന് തുടക്കകാലത്ത് കുറവായിരുന്നു. പക്ഷെ പദ്മിനി ബുക്ക് ചെയ്താൽ 5 വർഷം വരെ കാത്തിരിക്കണമെന്നത്, അംബാസിഡറിന് ഗുണമായി, അംബി ബുക്ക് ചെയ്താൽ 1 വർഷത്തിനുള്ളിൽ കിട്ടും. മാത്രമല്ല ഇന്ത്യയിലെ ടാക്സി കാർ എന്ന് പറയുമ്പോഴേ കറുപ്പും മഞ്ഞയും ബോഡി പെയിന്റുള്ള അംബാസിഡറാണ് ആരുടേയും മനസ്സിൽ വരിക. 2000-ത്തിൽ ടാറ്റ ഇൻഡിക്ക ടാക്സി കാറുകളുടെ കുത്തക ഏറ്റെടുക്കുന്ന വരെ!

1980-കളിൽ മാരുതി ഇന്ത്യയിൽ നിർമ്മാണം തുടങ്ങുന്നു. ചെറിയ വണ്ടി. കോസ്റ്റ് കുറവ്, മൈലേജ് കൂടുതൽ പോരാത്തതിന് കാണാൻ ഒരു ചന്തം ഒക്കെ ഉണ്ട്. അങ്ങനെ മാരുതി 1980-കളുടെ അവസാനത്തോടെ തന്നെ അംബാസിഡറിന് ഒത്ത എതിരാളിയായി. 1970-കളിലും 80-കളിലും ഒരു വർഷം 25,000 കാറുകൾ വരെ മാർക്കറ്റിൽ വിറ്റിരുന്ന അംബാസിഡർ, 2010- കാലഘട്ടമായപ്പോഴേക്ക് തന്നെ വിൽപ്പന കേവലും 2000 വണ്ടികളിലേക്ക് ചുരുങ്ങി. 2014-ൽ ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസിഡറിന്റെ പ്രൊഡക്ഷൻ അവസാനിപ്പിച്ചു. 2017-ൽ 80 കോടി രൂപയ്ക്ക് ഫ്രഞ്ച് കാർ മേക്കറായ പെഷ്ഷോ-ക്ക് (Peugeot) ബ്രാൻഡും ലോഗോയും എച്ച് എം വിറ്റു. നോക്കൂ, 1970-കളിൽ അംബാസിഡറിന്റെ പ്രൗഡ് ഓണറായിരുന്ന ഒരാളോട് അംബാസിഡർ ഒരുനാൾ ഔട്ടാകും എന്ന് പറഞ്ഞാൽ വിശ്വസിക്കുമായിരുന്നോ? ഇല്ല, അതിന് കാരണവുമുണ്ടായിരുന്നു.

കണ്ടാൽ ചെറിയ ടാങ്ക് മുരണ്ട് വരുന്നപോലൊരു രൂപം. കാൽനൂറ്റാണ്ട് മുമ്പ് ചുമന്ന ബീക്കൺ ലൈറ്റ് വെച്ച വെളുത്ത അംബാസിഡർ കാർ അധികാരത്തിന്റെ ചിഹ്നമായിരുന്നു. ആദ്യം പറഞ്ഞപോലെ മന്ത്രിമാരും കളക്ടറും ഒക്കെ നാടാകെ കറങ്ങിയ അധികാരത്തിന്റെ രൂപം. ഭരണപരമായ എത്രയോ തീരുമാനങ്ങൾ വെള്ള അംബാസിഡർ കാറിനുള്ളിൽ നടന്നിരിക്കുന്നു. ഓടുന്ന സർക്കാർ ഓഫീസായിരുന്ന അംബാസിഡർ അധികാരത്തിന്റെ സ്റ്റേറ്റ്മെന്റ് ആയിരുന്നു. ഏത് കുണ്ടും കുഴിയും താണ്ടും, കടുത്ത മഴയും വെള്ളപ്പൊക്കവും അതിജീവിക്കും ഒരു സ്പാനറുണ്ടേൽ നന്നാക്കാമെന്ന് ഏത് മെക്കാനിക്കിനും ആത്മിവിശ്വാസം, വഴിയിൽ കിടക്കാതെ ഓടുന്ന വണ്ടി..ഈ കാരണങ്ങളാൽ അംബാസിഡർ ഫാമിലികൾക്ക് പ്രിയങ്കരമായി. അംബാസിഡറില്ലാത്ത കല്യാണം ഉണ്ടോ? കല്യാണപന്തലിൽ നിന്ന് വീട്ടിലേക്ക് പുറകിലെ ആ ബക്കറ്റ് സീറ്റിലിരുന്ന് മടങ്ങുന്നത് സ്വപ്നം കണ്ട പുതുപ്പെണ്ണും ചെറുക്കനും. സിനിമകളിൽ നായകനോളം അനിവാര്യമായ അംബാസിഡർ കാറുകൾ, അമിതാഭ് ബച്ചന്റെ ഫൈറ്റ് സീനുകൾ മുതൽ, മലയാളത്തിലെ കിംഗിലും കമ്മീഷണറിലും എല്ലാം നിറഞ്ഞാടിയ അംബാസിഡർ. രോമാഞ്ചം കൊള്ളിക്കുന്ന എത്രയെത്ര സീനുകളിൽ സഹനടനേപ്പോലെ നിന്ന അംബാസിഡർ കാർ! 90-കളിലെ ഗ്ലോബലൈസേഷനോടെ പടികടന്ന് വന്ന വിദേശ വമ്പന്മാരോട് പിടിച്ച് നിൽക്കാൻ ഒരു ശ്രമമൊക്കെ ഹിന്ദുസ്ഥാൻ മോട്ടേഴ്സ് നടത്തി, പക്ഷെ നടന്നില്ല. അങ്ങനെ 2014-ൽ ആ വലിയ യുഗം അവസാനിച്ചു, ഫാക്ടറി സൈലന്റായി.. പക്ഷെ അംബാസിഡർ എന്ന അംബിക്ക് ഇന്നും യൗവനം. അതുകൊണ്ടല്ലേ, ആഴമുള്ള സീനുകളിൽ ഇന്നും ആ അംബാസിഡറിനെ തന്നെ നായകന് വന്നിറങ്ങാൻ പല പടങ്ങളും ഉപയോഗിക്കുന്നത്..
കുറച്ച് നാളുകളായി സോഷ്യൽ മീഡിയകളിൽ പരക്കുന്ന ചില ചിത്രങ്ങളുണ്ട്, അത് പുതിയ അംബാസിഡറിന്റെ ചിത്രങ്ങളാണ്. ഇന്ത്യൻ കാർ പ്രേമികളെ ആവേശഭരിതമാക്കുന്ന, അംബാസിഡർ ഇല്ക്രടിക് അവതാരമെന്ന അവകാശവാദത്തോടെയാണ് ആ ചിത്രങ്ങൾ. എന്നാൽ അത് ഒഫീഷ്യലി സ്ഥിരീകരിച്ച ഇമേജുകളല്ല. വാർത്ത സത്യമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വാഹന പ്രേമികളെങ്കിലും, 2026 മാർച്ചിൽ ഇന്ത്യൻ വാഹന മാർക്കറ്റിലേക്ക് ആ പഴയ ചക്രവർത്തി മടങ്ങി വരുമെന്ന വാർത്തകൾക്ക് ഒരു ഒഫീഷ്യൽ സ്ഥിരികരണവും ഇതുവരെ വന്നിട്ടില്ല.
ഇന്ന് പഴയ അംബാസിഡർ കാറ് കാണുമ്പോ, പഴയ ഗോലി സോഡയില്ലേ? അത് കുടിച്ച സുഖമാണ്. കാരണം അംബാസിഡർ ഈ രാജ്യത്തിന്റെ കാറായിരുന്നു. ആ കാറിന് ഒരു തിരിച്ചുവരവ് ഉണ്ടെങ്കിൽ നിങ്ങൾ അംബിക്ക് വീണ്ടും വീട്ടിലൊരു സ്ഥാനം കൊടുക്കുമോ? പുതിയ കാലഘട്ടത്തിന് അനുസരിച്ച് റീ-ബ്രാൻഡ് ചെയ്ത് എത്തിയാൽ നമ്മുടെ അംബാസിഡറിന് പഴയ പ്രതാപം തിരിച്ചുപിടിക്കാനാകുമോ? നിങ്ങൾ എന്ത് കരുതുന്നു………..
The Ambassador car, once the heartbeat of India’s roads, played a key role during the 1965 and 1971 wars by swiftly transporting government officials and army officers. Affectionately known as “Amby,” it became the dream car for ministers, bureaucrats, businessmen, and newlyweds alike, symbolizing power, pride, and stability. Manufactured by Hindustan Motors under B.M. Birla, based on the British Morris Oxford Series III, the Ambassador was India’s first true indigenous car, known for handling rough terrains with ease. Though its mileage and quality had early drawbacks, its ready availability and ruggedness made it a favorite across the country, especially as a taxi. With the rise of Maruti in the 1980s, the Ambassador’s dominance faded, leading to the end of production in 2014 and the sale of the brand to Peugeot in 2017. Yet even today, the Ambassador holds a timeless charm, appearing in films and old memories alike, while rumors of a modern electric revival by 2026 keep its legacy alive.