ശബ്ദ മാന്ത്രികത കൊണ്ട് ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങുന്ന പാട്ടുകളാണ് അർജിത് സിങ്ങിന്റേത്. ഹിന്ദി, തെലുഗു, മറാത്തി, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷകളിലായി വൈകാരികത തുളുമ്പുന്ന നിരവധി ഗാനങ്ങൾ 38കാരനായ അർജിത് സമ്മാനിച്ചു കഴിഞ്ഞു. വിവിധ ഭാഷകളിലായി 300ലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള അർജിത്തിന്റെ ശബ്ദം ഇന്ന് ബോളിവുഡിലെ നിത്യസാന്നിദ്ധ്യമായി മാറിയിരിക്കുന്നു. ഈ കഴിവും അവസരങ്ങളും എല്ലാം സ്വാഭാവികമായും അദ്ദേഹത്തിന്റെ സമ്പത്തിലും പ്രതിഫലിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഗായകരിൽ ഒരാളായ അർജിത് സിങ്ങിന്റെ ആസ്തി 414 കോടി രൂപയാണ്.
ബോളിവുഡിൽ ഒരു പാട്ടിന് പത്ത് ലക്ഷം രൂപയാണ് അദ്ദേഹം ഈടാക്കുന്നത്. ഇതിനുപുറമേ ലൈവ് ഷോകളിൽ നിന്നും വൻ വരുമാനം അദ്ദേഹം നേടുന്നു. 50 ലക്ഷം രൂപ മുതൽ 1.5 കോടി രൂപ വരെയാണ് ലൈവ് ഷോകളിൽ അദ്ദേഹത്തിന്റെ പ്രതിഫലം. മുംബൈയിൽ മാത്രം താരത്തിന് നാല് ലക്ഷ്വറി അപാർട്മെന്റുകളുണ്ട്. ഇവ ഓരോന്നിനും ഏതാണ് 10 കോടിയോളം രൂപ വില വരും എന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ പ്രീമിയം കാറുകളായ റേഞ്ച് റോവർ വോഗ്, ഹമ്മർ എച്ച് 3, മെഴ്സിഡീസ് ബെൻസ് തുടങ്ങിയവും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
ഫെയിം ഗുരുകുൽ, 10 കെ 10 ലേ ഗയേ ദിൽ തുടങ്ങിയ മ്യൂസിക് റിയാലിറ്റി ഷോകളിലൂടെയാണ് അർജിത് സിങ് ആദ്യം ശ്രദ്ധ നേടിയത്. 2013ൽ ഇറങ്ങിയ ആഷിഖി 2വിലെ തും ഹി ഹോ എന്ന പാട്ട് അർജിത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ച് അദ്ദേഹത്തിന്റെ ഇതിഹാസ കരിയറിന് തുടക്കം കുറിച്ചു.