പ്രദർശനം തുടങ്ങി ആറാം ദിവസം നൂറ് കോടി ക്ലബ്ബിൽ കയറി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും കഴിഞ്ഞ ദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ആശിർവാദ് സിനിമാസും ചിത്രത്തിന്റെ നേട്ടത്തെക്കുറിച്ച് പോസ്റ്റർ പങ്കുവെച്ചിരുന്നു. എമ്പുരാന് തൊട്ടുപിന്നാലെയാണ് മോഹൻലാലിന്റെ മറ്റൊരു ചിത്രം കൂടി നൂറ് കോടി ക്ലബ്ബിലെത്തുന്നത്. രണ്ട് ദിവസം കൊണ്ടായിരുന്നു എമ്പുരാൻ 100 കോടി നേട്ടം സ്വന്തമാക്കിയത്. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിവയ്ക്കു ശേഷം നൂറ് കോടി ക്ലബ്ബിൽ കയറുന്ന നാലാമത്തെ മോഹൻലാൽ ചിത്രം കൂടിയാണ് തുടരും.

കൊമ്പൻ നടക്കുമ്പോൾ കാടും ഒപ്പം നടക്കും എന്നാണ് ആശിർവാദ് സിനിമാസ് ചിത്രത്തിന്റെ 100 കോടി കലക്ഷൻ പ്രഖ്യാപന പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. ചിത്രത്തിന്റെ കലക്ഷൻ നേട്ട വിവരങ്ങൾ പുറത്തുവന്നതോടെ ആരാധകരും വൻ ആവേശത്തിലാണ്. അടുത്തടുത്ത മാസങ്ങളിൽ രണ്ട് നൂറ് കോടി ക്ലബ്ബ് ചിത്രങ്ങൾ സമ്മാനിച്ച ആദ്യ തെന്നിന്ത്യൻ താരമാണ് മോഹൻലാൽ എന്ന് ആരാധകർ അവകാശപ്പെടുന്നു. കഴിഞ്ഞ മാസം പുറത്തിറങ്ങിയ മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം 300 കോടിയിലേറെ കലക്ഷൻ നേടിയതിനു പിന്നാലെയാണ് ഇപ്പോൾ തുടരും 100 കോടി നേട്ടത്തിൽ എത്തിയിരിക്കുന്നത് എന്നതും ആരാധകരെ ആവേശത്തിലാഴ്ത്തുന്നു.
Mohanlal’s film Thudarum enters the 100 crore club in just six days, marking another box office triumph for the actor.