ഭാവിയിൽ, കേരളത്തിന്റെ നേട്ടങ്ങളുടെ കണക്കുപുസ്തകം തുറന്നുനോക്കുമ്പോൾ, ഈ ദിവസം അതായത്, 2025 മെയ് 2-ാം തീയതി അസാധാരണ ശോഭയുള്ളതായിരിക്കും. കാരണം ഇന്ത്യയുടെ തുറുമുഖ ചരിത്രത്തിലെ നാഴികക്കല്ലായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കപ്പെട്ട ദിവസം! ഈ ആഴക്കടൽ തുറമുഖം, ഇന്ത്യയുടെ ആദ്യത്തെ സെമി-ഓട്ടോമാറ്റിക് ട്രാൻഷിപ്മെന്റ് ഹബ്ബാണ് എന്നുള്ളത്, കേരളത്തിന് അവസരങ്ങളുടെ ചാകര ഒരുക്കുമെന്ന് ഉറപ്പാണ്. കേരളത്തിനെ സംബന്ധിച്ച് ഒരു നൂറ്റാണ്ടിന് മുമ്പ് തുറന്ന കൊച്ചി തുറമുഖവും പുതിയ വിഴിഞ്ഞവും താരതമ്യം ചെയ്യാൻ പോലുമാകില്ല. എന്തെന്നാൽ കണ്ടെയ്നർ ചരക്ക് നീക്കത്തിലും അനുബന്ധ സംരംഭക അസവരങ്ങളും കടലോളം സാധ്യതയാണ് വിഴിഞ്ഞം തുറന്നിടുന്നത്.
മറ്റ് തുറമുഖങ്ങളിൽ, വലിയ ഭീമാകാരമായ മദർഷിപ്പുകൾ ആഴക്കടലിൽ നങ്കുരമിട്ട്, തുറമുഖത്തോട് ചേർന്നുള്ള ഭാഗത്തെ മണ്ണും ചെളിയും ഡ്രെജ്റുപയോഗിച്ച് നീക്കം ചെയ്താൽ മാത്രമേ, ആ ഷിപ്പിന് അടുക്കാനാകൂ, കാരണം ആഴം ഒരു പ്രശ്നമാണ്. എന്നാൽ ലോകത്ത് നിലവിൽ നിർമ്മിക്കപ്പെട്ട ഏറ്റവും വലിയ കാർഗോഷിപ്പിന് വരുന്ന വഴിക്ക് നേരെ വന്ന്, ഈസിയായി വിഴിഞ്ഞത്ത് അടുക്കാം. കാരണം വിഴിഞ്ഞത്തിന്റെ സ്വാഭാവിക ആഴം 20 മീറ്ററാണ്. ഇനി തുറമുഖത്തേക്ക് വരാൻ കപ്പലുകൾക്ക് അധികം സഞ്ചരിക്കേണ്ട ആവശ്യമില്ല, കാരണം ഷിപ്പുകൾ കണ്ടെയ്നറുമായി തലങ്ങും വിലങ്ങും പോകുന്ന അന്താരാഷ്ട്ര കപ്പൽ ചാലിൽ നിന്ന് കേവലം 10 നോട്ടിക്കൽ മൈൽ (ഏതാണ്ട് 20 കിലോമീറ്റർ) അടുത്താണ് വിഴിഞ്ഞം തുറമുഖം. ഗ്ലോബൽ മാരിടൈം ട്രാഫിക് അത്ര ചേർന്നാണെന്ന് അർത്ഥം, മെയിൻ റോഡിൽ നിന്ന് ഒന്ന് തിരിഞ്ഞാൽ മതി എന്ന് പറയുന്ന പോലെ!

മറ്റൊന്ന്, ടെക്നോളജിയിലെ പുതുമയാണ്. ഒരു ഷിപ് പോർട്ടിൽ അടുത്താൽ വേഗം കണ്ടെയ്നർ ഇറക്കി തിരികെ പോകാം. ഇത് മാരിടൈം ബിസിനസ്സിൽ വളരെ പ്രധാനമാണ്. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡായ വിഴിഞ്ഞം തുഖമുഖത്ത് ഷിപ്പിൽ നിന്ന് വളരെ വേഗം കണ്ടെയ്നർ എടുത്ത് ലോറിയിലേക്ക് വെക്കാൻ യന്ത്രക്കൈകൾ പ്രവർത്തിക്കുന്നു. മനുഷ്യന്റെ ഇടപെടൽ കുറച്ചുമതി, ഓട്ടോമേറ്റഡായ സിസ്റ്റം അക്കാര്യങ്ങൾ സ്വയം നിയന്ത്രിച്ച് കൊള്ളും. വരുന്ന അന്താരാഷ്ട്ര കപ്പലുകൾക്ക് ചരക്കിറക്കി അടുത്ത ഡെസ്റ്റിനേഷനിലേക്ക് വേഗം പോകാനാകും. ചരക്കിറക്കാൻ കാത്ത് കിടന്ന് സമയവും പണവും പോവില്ല, കപ്പൽ മുതലാളിമാർക്ക്! അവരുടെ ഭാഷയിൽ പറഞ്ഞാൽ വിഴിഞ്ഞത്ത് വന്നാൽ ടേൺ എറൗണ്ട് സമയം കുറവാണ് അതുവഴി ഓപ്പറേഷണൽ കോസ്റ്റ് കപ്പലുകൾക്ക് കുറയ്ക്കാനാകും.

കണക്കുകൂട്ടിയതിലും അപ്പുറം ഓപ്പറേഷണൽ മികവ് വിഴിഞ്ഞം കാട്ടിത്തന്നു കഴിഞ്ഞു. അത്രയ്ക്ക് ചുണക്കുട്ടിയാണിവൻ! കഴിഞ്ഞ ജൂലൈയിൽ ട്രയൽ ഓപ്പറേഷൻ തുടങ്ങിയതാണ് വിഴിഞ്ഞത്ത്. അതായത് 10 മാസം മുമ്പ്. 277 കപ്പലുകൾ ചരക്കുമായി വന്നു, അതിൽ പലതും ലോകത്തെ വലിയ കാർഗോ ഷിപ്പുകളായിരുന്നു, MSC Turkiye പോലെ. 30 മീറ്ററിലധികം ആഴവും, 400 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള ആ ഭീമാകാരനെ വളരെ നൈസായിട്ടാണ് വിഴിഞ്ഞം കൈകാര്യം ചെയ്ത് വിട്ടത്. MSC Turkiye വന്നുപോയതോടെ അന്താരാഷ്ട്ര കാർഗോ കപ്പൽ വ്യവസായ ബിസിനസ്സ് കേന്ദ്രങ്ങളിൽ നിന്ന് നമ്മുടെ വിഴിഞ്ഞത്തിന് ചെറിയ പ്രശംസയല്ല കിട്ടിയത്. ട്രയൽ റൺ സമയത്ത് 6 ലക്ഷം ടിഇയു കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്, കണക്കുകൂട്ടയതിലും അധികം!
ഇത്രയും പറഞ്ഞത്, കടലും തുറമുഖവും കപ്പലുമായി ബന്ധപ്പെട്ട കാര്യം, കരയിൽ എന്ത് പ്രയോജനം എന്നാണ് അടുത്ത ചോദ്യം? വിഴിഞ്ഞം പൂർണ്ണ സജ്ജമാകുന്നതോടെ 4500 പേർക്ക് നേരിട്ട് തൊഴിൽ കിട്ടും. അതിലുപരി, അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് 20,000 അനുബന്ധ തൊഴിലവരങ്ങൾ തുറക്കും. ലോജിസ്റ്റിക് ഹബ്ബുകൾ, മാനുഫാക്ചറിഗം ക്ലസ്റ്ററുകൾ, സ്പെഷ്യൽ എക്കണോമിക് സോൺ തുടങ്ങിയ തുറമുഖത്തിന് അനുബന്ധമായി വന്നേ പറ്റൂ. അവയൊക്കെ നൂറുകണക്കിന് സംരംഭക അവസരങ്ങളും തൊഴിലും സാമ്പത്തിക മുന്നേറ്റവും സൃഷ്ടിക്കും.
മികച്ച ഇൻഫ്രാസ്ട്രക്ചറും ആഴവും ടെക്നോളജിയുമുള്ള പോർട്ടുകൾ ഇന്ത്യയ്ക്ക് കുറവായിരുന്നു. അത് പോരായ്മയായിരുന്നു ഇതുവരെ. വിഴിഞ്ഞം ആ കുറവ് നികത്തുകയാണ്. കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ പോർട്ടുകളെ ആശ്രയിച്ചിരുന്ന ഇന്ത്യയ്ക്ക് ഇനി വിഴിഞ്ഞം തുറുപ്പുചീട്ടാണ്.
വിഞ്ഞത്തിന്റെ പൊസിഷനിംഗ് വളരെ ഇംപോർട്ടന്റാണ്. തെക്കേ മുമ്പിൽ ഇത്രയും സജ്ജീകരണങ്ങളുള്ള തുറമുഖം പ്രതിരോധമേഖലയിലുള്ളവർ വലിയ അഡ്വാന്റേജായി കാണുന്നു, പ്രത്യേകിച്ച് പുതിയ ജിയോ-പൊളിറ്റിക്കൽ സാഹചര്യങ്ങളിൽ!
എന്താണ് ഭാവി?
ആകെ 20,000 കോടി മുതൽമുടക്കാണ് വിഴിഞ്ഞം തുറമുഖത്തിന് കണക്കാക്കുന്നത്. 2028-ൽ പൂർണ്ണമായും സജ്ജമാകുമ്പോൾ വിഴിഞ്ഞത്തിന്റെ ശേഷി 30 ലക്ഷം TEU (Twenty-Foot Equivalent Unit) ആകും. വിഴിഞ്ഞത്തിന്റെ രണ്ടാംഘട്ട വികസനത്തിന് 10,000 കോടി രൂപ അദാനി പോർട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. മൊത്തം മൂന്ന് ഘട്ടങ്ങളാണുള്ളത്. അപ്പോഴേക്ക് മൂന്നിരട്ടി സ്റ്റോറേജ് കപ്പാസിറ്റിയാകും. അതിനായി 77 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കേണ്ടി വരും.
തുറമുഖ ചരക്ക് ഗതാഗതത്തിൽ ഇന്ത്യയുടെ ചിരകാല സ്വപ്നമാണ് വിഴിഞ്ഞത്തിലൂടെ യാഥാർത്ഥ്യമാകുന്നത്. അതിൽ കേരളം തന്ത്രപരമായ പങ്കാളിയാകുന്നു എന്നത് സംസ്ഥാനത്തിന്റെ പൊതുവികസനത്തിലും വരുമാനത്തിലും വ്യവസായ പുരോഗതിയിലും തൊഴിൽഅവസരങ്ങളിലും കാര്യമായ പ്രതിഫലനം ഉണ്ടാക്കും. അടുത്ത 5-10 വർഷങ്ങളിൽ വരാൻപോകുന്ന മാറ്റത്തെ വേണം മുന്നിൽകാണാൻ. കാരണം നിർമ്മിച്ചെടുക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും എപ്പോഴും സമയം എടുക്കുമല്ലോ, പൊളിക്കാനും തീർക്കാനും സെക്കന്റുകൾ മതിയെങ്കിലും…
വിഴിഞ്ഞം നാൾവഴി
- 2015 ജൂൺ 10: പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി
- 2015 ഓഗസ്റ്റ് 17: കേരള സർക്കാരും അദാനി തുറമുഖവും കരാറിൽ ഒപ്പുവച്ചു
- 2023 ജൂൺ: അദാനിക്ക് പണി പൂർത്തിയാക്കാൻ സർക്കാർ പുതിയ സമയപരിധി നിശ്ചയിച്ചു
- 2024 ജൂലൈ 13: ട്രയൽ ചരക്ക് നീക്കം ആരംഭിച്ചു
- 2024 ഡിസംബർ 3: വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു
- 2025 ഏപ്രിൽ 9: വിജിഎഫ് (വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്) സംബന്ധിച്ച കരാർ
- 2025 മെയ് 2: പ്രധാനമന്ത്രി തുറമുഖം കമ്മീഷൻ ചെയ്തു
Vizhinjam Port, India’s newest deep-sea transshipment hub, enhances maritime efficiency with its natural depth, automation, and strategic positioning.