ലോകത്തെ മറ്റ് പ്രമുഖ കണ്ടെയിനർ പോർട്ടുകളെ അപേക്ഷിച്ച് ഇന്ത്യ, ട്രാൻഷിപ്മെന്റ് പോർട്ടുകളിൽ വളരെ പിന്നിലാണ്. ഇന്ത്യക്ക് 22 മില്യൺ TEU അതായത് 2 കോടി 20 ലക്ഷം ടിഇയു കണ്ടെയ്നർ കപ്പാസിറ്റിയേ ഇപ്പോഴുള്ളൂ. പക്ഷെ ഷാങ്ഹായി പോർട്ട് മാത്രം എത്രയെന്ന് അറിയുമോ? 50 മില്യൺ TEU ആണ്. അതായത് 5 കോടി ടിഇയു കണ്ടെയ്നർ കപ്പാസിറ്റി. 3 കോടിയോ അതിന് മുകളിലോ കപ്പാസിറ്റിയുള്ള നിരവധി പോർട്ടുകൾ ചൈനയ്ക്ക് ഉണ്ട്. മഹാരാഷ്ട്രയിൽ പണി നടക്കുന്ന വാധാവൻ തുറമുഖം (Vadhavan Port) ആകും രാജ്യത്തെ ഏറ്റവും വലിയ തുറമുഖം. 2029-ൽ പണി പൂർത്തിയാകുമ്പോൾ 23 മില്യൺ, അതായത് 2 കോടി 30 ലക്ഷം ടിഇയു കപ്പാസിറ്റിയാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയ്ക്ക് ഒരിക്കലും ഡെഡിക്കേറ്റഡായ ഒരു ട്രാൻഷിപ്മെന്റ് ടെർമിനൽ ഉണ്ടായിരുന്നില്ല. മുംബൈയിലേയും മുന്ദ്രയിലേയും പോർട്ടുകളെ ആശ്രയിക്കുകയായിരുന്നു രാജ്യം ഇതുവരെ. ഇന്ത്യയുടെ കിഴക്കൻ തീരത്തിന് ഒരു നല്ല തുറമുഖമില്ലായിരുന്നു. അതുകൊണ്ട് തന്നെ ചരക്ക് നീക്കത്തിന് കൂടുതലായും കൊളംബോ, സിംഗപ്പൂർ തുറമുഖങ്ങളെ ആശ്രിയിക്കേണ്ട അവസ്ഥ നമുക്കുണ്ടായിരുന്നു. ഇത് എക്സ്പോർട്ടേഴ്സിനെ സംബന്ധിച്ച് ദൂരം കൂടുതലാണെന്ന് മാത്രമല്ല, ട്രാൻഷിപ്മെന്റിന് 2-3 ആഴ്ച അധികം എടുക്കും. നമ്മുടെ രാജ്യത്തെ എക്സ്പോർട്ട്-ഇംപോർട്ട് ചെയ്യുന്ന ബിസിനസ്സുകാരുടെ പണവും സമയവും നഷ്ടമായിരുന്നു. ഇവിടെയാണ് വിഴിഞ്ഞം ഒരു സ്വർണ്ണ ഖനിയായി മാറാൻ പോകുന്നത്. കേരളത്തിലാണ് വിഴിഞ്ഞമെങ്കിലും സൗത്ത് ഇന്ത്യയുടെ പോർട്ടായി വിഴിഞ്ഞം മാറാൻ പോവുകയാണ്. പ്രത്യേകിച്ച് പശ്ചിമബംഗാൾ, ഒഡീഷ, ആന്ധ്ര, തമിഴിനാട് സംസ്ഥാനങ്ങളിലെ ബിസിനസ്സിന്.

സിങ്കപ്പൂർ, ഹോങ്കോങ്, ലോസ് ഏഞ്ചൽസ് എന്നീ മഹാനഗരങ്ങൾ അറിയപ്പെടുന്നത് ട്രേഡ് സെന്ററുകളായാണ്. ഇവിടെയെല്ലാം മികച്ച പോർട്ട് ഉണ്ട്. സിംഗപ്പൂർ ഇന്നത്തെ സിംഗപ്പൂരായത് പ്രധാനമായും അവരുടെ ആ തുറുമുഖം കൊണ്ടാണ്. കാർഗോ നീക്കത്തിന് അത്രയും സമാർട്ടായ ഇക്കോസിസ്റ്റം ഉണ്ടാക്കാനായതാണ് സിംഗപ്പൂരിന്റെ വിജയം. കേരളത്തേക്കാൾ സ്ഥലപരിമിതിയുള്ള നാടാണ് സിംഗപ്പൂർ, അവർക്ക് ഇണങ്ങുന്ന ബിസിനസ്സ് എക്കോസിസ്റ്റമാണ് അവരെ സാമ്പത്തികമായി വിജയിപ്പിച്ചത്. കേരളത്തിനും അത് സാധ്യമാണ്. ബങ്കറിംഗ് പോലെയുള്ള സംരംഭങ്ങൾ തുറമുഖത്തിനൊപ്പം വളരുന്നവയാണ്. സിംഗപ്പൂർ അത്തരം അനുബന്ധ ബിസിനസ്സ് സാധ്യതകൾ നന്നായി ഉപയോഗിച്ചു. നമുക്കും അത് സാധിക്കണം.

കണ്ടെയിനർ ടെർമിനൽ എന്നതാണ് ഔദ്യാഗിക ലേബലെങ്കിലും വിഴിഞ്ഞത്തെ പൂർണ്ണമായും മൾട്ടി കാർഗോ പോർട്ടായി കാണാനാണ് തുറമുഖം ഡെവലപ് ചെയ്ത് ഓപ്പറേറ്റ് ചെയ്യുന്ന അദാനി പോർട്ടിന് ഇഷ്ടം! കണ്ടെയിനറുകൾ, ഡ്രൈ കാർഗോ, ലിക്വിഡ് കാർഗോ എന്നിവ വിഴിഞ്ഞം കൈകാര്യം ചെയ്യും.
വിഴിഞ്ഞത്തെ മൊത്തം തൊഴിലവസരങ്ങളിൽ 70% എങ്കിലും മലയാളികളാകും. അതിൽ നല്ലൊരു പങ്ക് തിരുവനന്തപുരം സ്വദേശികളും. വിവിധ സ്ക്കിൽ സെറ്റുള്ള ആയിരക്കണക്കിന് ആളുകളെ വിഴിഞ്ഞം പോലൊരു തുറമുഖത്തിന് വേണം. കൂടാതെ കസ്റ്റംസ് ഏജൻസ്, ക്ലിയറിംഗ് ഏജൻസ് തുടങ്ങി പ്രാദേശികമായി നിരവധി അവസരങ്ങൾ തുറമുഖം തുറക്കും. ഹോട്ടലുകളും, റൂമുകളും, ടാക്സി സർവ്വീസുകളും പുതിയതായി വരും. അങ്ങനെ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വിഴിഞ്ഞം അവസരങ്ങളുടെ മിഴി തുറന്നുവെക്കും. അത് പൂർണ്ണമായ അർത്ഥത്തിൽ കാണാൻ, മൊത്തം ഇക്കോ സിസ്റ്റം ആകുന്നതുവരെ കാത്തിരിക്കേണ്ടി വരും.

ഇന്ത്യയിലെ നിലവിലെ ഏറ്റവും വലിയ കണ്ടെയിനർ പോർട്ടായ ഗുജറാത്തിലെ മുന്ദ്ര പോർട്ട് ഇന്ന് കാണുന്ന മുന്ദ്രയായത് 25 വർഷങ്ങൾ കൊണ്ടാണ്. നമ്മളും അത് കാണണം. ഇപ്പോൾ തുടങ്ങിവെച്ചത് പൂർണ്ണമായും റിസൾട്ട് തരാൻ 10-15 വർഷങ്ങൾ കാത്തിരിക്കാൻ തയ്യാറാകണം. സംരംഭത്തിലും നിക്ഷേപകരെ ആകർഷിക്കുന്ന കാര്യത്തിലും നമുക്കുണ്ടായിരുന്ന ഉദാസീനതയും ഋണാത്മകമായ സമീപനവും ഇപ്പോഴെങ്കിലും തിരുത്താനായത് വരും തലമുറയ്ക്കെങ്കിലും ഗുണം ചെയ്യട്ടെ! ഇത് 25 വർഷം മുമ്പ് ആലോചിക്കാനുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കിൽ കേരളം ഇന്ന് വേറെ ലെവലിൽ നിന്നേനെ! കാരണം നിർമ്മിച്ചെടുക്കാനും ഫലപ്രാപ്തിയിലെത്തിക്കാനും എപ്പോഴും സമയം എടുക്കുമല്ലോ, പൊളിക്കാനും തീർക്കാനും സെക്കന്റുകൾ മതിയെങ്കിലും…
India’s container port capacity is growing with the development of Vadhavan and Vizhinjam ports, aiming to enhance trade infrastructure and support regional economic growth.