ടാക്സികൾ വാടകയ്ക്ക് ലഭ്യമാക്കുന്ന കേരള ഗവൺമെന്റ് പിന്തുണയുളള മൊബൈൽ ആപ്പായ ‘കേരള സവാരി’ പുതിയ രൂപത്തിൽ. ബെംഗളൂരുവിലെ ജനപ്രിയ ആപ്പ് ‘നമ്മ യാത്രി’ പിന്തുണയോടെയാണ് കേരള സവാരിയെന്ന റൈഡ് ഹെയ്ലിങ് ആപ്പ് പരിഷ്കരിച്ച് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ പുതിയ പതിപ്പ് കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനം ആരംഭിച്ചു. ഗതാഗത, തൊഴിൽ വകുപ്പുകളുടെ പിന്തുണയോടെ എത്തിയിരിക്കുന്ന ‘കേരള സവാരി’ ആപ്പ് ഊബർ, ഒല തുടങ്ങിയ സമാന ആപ്പുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് സേവനത്തിന് ഈടാക്കുക. ഇതോടെ കേരള സവാരി ഈ വമ്പൻ ആപ്പുകൾക്ക് വെല്ലുവിളിയാകും എന്നാണ് വിലയിരുത്തൽ.
ആപ്പ് ഉപയോഗിക്കുന്ന യാത്രക്കാർ സർക്കാർ നിശ്ചയിച്ച നിരക്കുകൾ മാത്രം നൽകിയാൽ മതി. ഡ്രൈവർമാരിൽ നിന്ന് കമ്മീഷനും ‘കേരള സവാരി’ ഈടാക്കുന്നില്ല. എന്നുവെച്ചാൽ നിരക്കിന്റെ മുഴുവൻ തുകയും ഡ്രൈവർമാർക്ക് ലഭിക്കും. ഇക്കാരണം കൊണ്ടുതന്നെ ഐഎൻടിയുസി, സിഐടിയു അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ പിന്തുണയും ആപ്പിനുണ്ട്. മറ്റ് റൈഡ് ഹെയ്ലിങ് ആപ്പുകൾ 30 ശതമാനം വരെ കമ്മീഷൻ ഡ്രൈവർമാരിൽ നിന്ന് ഈടാക്കുന്നിടത്താണ് കേരള സവാരിയുടെ ഈ മികച്ച തീരുമാനം.

കഴിഞ്ഞ ദിവസം മുതൽ ആപ്പ് പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗിക ഉദ്ഘാടനം മറ്റൊരു അവസരത്തിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് സേവനം. ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലേക്കും കേരള സവാരി സേവനം വ്യാപിപ്പിക്കും. ടാക്സികൾക്കു പുറമേ കൊച്ചി മേട്രോ ടിക്കറ്റ്, ലക്ഷ്വറി ബസ് ടിക്കറ്റുകൾ തുടങ്ങിയവയും ആപ്പിലൂടെ ബുക്ക് ചെയ്യാനാകും. നിരവധി ഓട്ടോ ഡ്രവർമാർ നിലവിൽ ആപ്പിൽ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. 6000 ടാക്സി ഡ്രൈവർമാരുള്ള യെല്ലോ ക്യാബ്സും ഓൾ കേരള ഓൺലൈൻ ഓട്ടോ ഡ്രൈവേർസ് യൂനിയനും ആപ്പിൽ അംഗങ്ങളാണ്. ഇതിൽ 630തിൽ അധികം അംഗങ്ങളാണ് ഉള്ളത്. നിരവധി ഓൺലൈൻ റൈഡ് ഹെയ്ലിങ് ആപ്പുകൾ നിലവിൽ ുണ്ടെങ്കിലും ഗവൺമെന്റ് പിന്തുണയാണ് ഈ ആപ്പിനെ വേറിട്ടു നിർത്തുന്നത്. 2022 ലാണ് രാജ്യത്ത് ആദ്യമായി സംസ്ഥാന പിന്തുണയോടെയുള്ള റൈഡിങ് ആപ്പ് ആയ കേരള സവാരി ലോഞ്ച് ചെയ്തത്. ഇപ്പോൾ ഏറ്റവും മികച്ച ടെക്നോളജിയുമായാണ് ആപ്പ് തിരിച്ചുവരുന്നത്.
Kerala Savaari relaunches with Namma Yatri’s backing, offering affordable rides with government-fixed fares and no driver commission deductions.