7500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുള്ള വമ്പൻ വികസന പ്രവർത്തനങ്ങളിലാണ് കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ് (KGL). കുഞ്ഞുങ്ങളുടെ വസ്ത്രനിർമാണത്തിൽ ലോകത്തിലെ തന്നെ മുൻപന്തിയിലുള്ള കെജിഎൽ ഉൽപ്പാദന മേഖല വികസിപ്പിക്കുന്നതിനൊപ്പം ഉൽപ്പന്ന പോർട്ട്ഫോളിയോയിലും വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. നിലവിൽ യുഎസ് വിപണിയിൽ അടക്കം സ്വാധീനം സൃഷ്ടിക്കാൻ സാബു ജേക്കബ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയിട്ടുള്ള കമ്പനിക്ക് സാധിച്ചിട്ടുണ്ട്. പുതിയ വികസനത്തിലൂടെ ആ സ്വാധീനം ഇനിയും ശക്തമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

രണ്ട് പ്രധാന വസ്ത്ര നിർമ്മാണ കേന്ദ്രങ്ങളിലൂടെ പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനായി കിറ്റെക്സ് ₹3550 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. ഒന്നാം ഘട്ടത്തിൽ വാറങ്കലിൽ 1750 കോടി രൂപ ഈ വർഷത്തോടെ പൂർണമായും നിക്ഷേപിക്കും. രണ്ടാം ഘട്ടമായി ഹൈദരാബാദിൽ 1800 കോടി രൂപയുടെ നിക്ഷേപമാണ് കിറ്റക്സിന്റേത്. ഇത് അടുത്ത വർഷം പൂർത്തിയാക്കും. വാറങ്കലിൽ ഇതുവരെ 1550 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു. പുതിയ സൗകര്യങ്ങൾ കമ്പനിക്ക് 5000 കോടി രൂപയുടെ വരുമാനം നൽകുന്നതിനൊപ്പം 25000 പേർക്ക് തൊഴിൽ നൽകാനും പര്യാപ്തമാണ്.

1992ൽ സ്ഥാപിതമായ കിറ്റെക്സ്, വെറും 300 ജീവനക്കാരുമായാണ് പ്രവർത്തനം ആരംഭിച്ചത്. അവിടെ നിന്നും സ്വന്തം ബ്രാൻഡായ “ലിറ്റിൽ സ്റ്റാർ” ആരംഭിക്കുന്നത് മുതൽ യുഎസ്സിലേക്കുള്ള വളർച്ചയും, ന്യൂജേഴ്സിയിൽ ലോകോത്തര ഡിസൈൻ സ്റ്റുഡിയോ സ്ഥാപിക്കുന്നത് അടക്കമുള്ള നേട്ടങ്ങളും കമ്പനി സ്വന്തമാക്കി. ഗെർബർ, ടോയ്സ് “ആർ” പോലുള്ള ബ്രാൻഡ് അവാർഡുകൾ നേടാനും ഫോർബ്സ് ഏഷ്യ ബെസ്റ്റ് 200 പട്ടികയിൽ ഇടം പിടിക്കാനും സാധിച്ചതോടെ കിറ്റെക്സ് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു.
Kitex Garments is driving a major expansion with a ₹7500 crore revenue target. The company is strengthening its production capacity and product portfolio to enhance global market influence.