ഗൂഗിളിന്റെ ഇന്ത്യൻ വംശജനായ സിഇഒ സുന്ദർ പിച്ചൈയെക്കുറിച്ചും അദ്ദേഹത്തിന്റെ വിജയഗാഥയെക്കുറിച്ചും നിരവധി വാർത്തകൾ മാധ്യമങ്ങളിൽ വരാറുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വാർത്തകളിൽ ഇടംപിടിക്കാറില്ല. അദ്ദേഹത്തിന്റെ ഭാര്യ അഞ്ജലി പിച്ചൈയേയും പൊതുവിടങ്ങളിൽ അധികം കാണാറില്ല. സുന്ദർ പിച്ചൈയുടെ അവിശ്വസനീയമായ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പിന്തുണ നൽകിയ സ്ത്രീയാണ് അഞ്ജലി. ഏതൊരു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്നത് സുന്ദർ പിച്ചൈയുടെ കാര്യത്തിൽ സത്യമാണെന്ന് അഞ്ജലിയിലൂടെ വെളിവാകുന്നു.
രാജസ്ഥാനിൽ ജനിച്ചു വളർന്ന അഞ്ജലി ഐഐടി ഖോരഗ്പൂരിൽ നിന്നും കെമിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കി. അക്കാലത്താണ് അവർ സുന്ദർ പിച്ചൈയെ കണ്ടുമുട്ടിയത്. സുന്ദർ പിച്ചൈയെപ്പോലെ, അഞ്ജലിയും ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളാണ്. അഞ്ജലിയുടെ പിതാവ് ഒലാറാം ഹരിയാനി രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ജീവനക്കാരനായിരുന്നു. 2015 ഓഗസ്റ്റ് 10നാണ് അഞ്ജലിയും സുന്ദർ പിച്ചൈയും വിവാഹിതരായത്. ആഗോളതലത്തിൽ പവർ-കപ്പിൾ ആയിരുന്നിട്ടും, അഞ്ജലിയും സുന്ദർ പിച്ചൈയും തങ്ങളുടെ കുടുംബജീവിതം സ്വകാര്യമായി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നു. കാവ്യ, കിരൺ എന്നിവരാണ് ഇവരുടെ മക്കൾ.
അഞ്ജലിയുടെ കരിയറും സുന്ദർ പിച്ചൈയുടടേതു പോലെത്തന്നെ ശ്രദ്ധേയമാണ്. കെമിക്കൽ എഞ്ചിനീയറായി ബിരുദം നേടിയ ശേഷം, അവർ ആക്സെഞ്ചറിലൂടെ പ്രൊഫഷണൽ യാത്ര ആരംഭിച്ചു. പിന്നീട് യുഎസിലേക്ക് താമസം മാറിയ അഞ്ജലി നിലവിൽ പ്രമുഖ സോഫ്റ്റ്‌വെയർ സ്ഥാപനമായ ഇന്റ്യൂട്ടിൽ ബിസിനസ് ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്നു. ഡിഎൻഎയുടെ റിപ്പോർട്ടുകൾ പ്രകാരം, സുന്ദർ പിച്ചൈയുടെ കരിയറിലെ ഏറ്റവും നിർണായക നിമിഷങ്ങളിലൊന്ന് മറ്റ് ടെക് കമ്പനികളിൽ നിന്ന് ലാഭകരമായ ഓഫറുകൾ ലഭിച്ചതായിരുന്നു. അക്കാലത്ത് ഗൂഗിളിൽ തന്നെ തുടരാൻ അദ്ദേഹത്തെ ഉപദേശിച്ചത് അഞ്ജലിയായിരുന്നു – ആ തീരുമാനം ഒരു വഴിത്തിരിവായി മാറി. സുന്ദർ പിച്ചൈ ഗൂഗിളിൽ തുടർന്നെന്നു മാത്രമല്ല, അതിന്റെ സിഇഒ ആയും പിന്നീട് 2019ൽ ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ സിഇഒ ആയും ഉയർന്നു.
Anjali Pichai, wife of Google CEO Sundar Pichai, played a crucial role in shaping his career. From their IIT days to Sundar’s rise as Google and Alphabet CEO, her support has been invaluable.