കേരളത്തിൽ അടക്കം ആരാധകരുള്ള തെലുഗു സൂപ്പർതാരമാണ് അക്കിനേനി നാഗാർജുന. ആരാധകരുടെ എണ്ണത്തിനും പ്രശസ്തിക്കുമൊപ്പം വൻ സമ്പാദ്യമാണ് താരത്തിനുള്ളത്. സിനിമയ്ക്കു പുറമേ ബിസിനസ്, റിയൽ എസ്റ്റേറ്റ് രംഗങ്ങളിലും സജീവമായ അദ്ദേഹത്തിന് 3100 കോടി രൂപയുടെ ആസ്തിയുണ്ട്.
തെലുഗു സിനിമാ താരം അക്കിനേനി നാഗേശ്വര റാവുവിന്റെയും അന്നപൂർണയുടെയും മകനായി ജനിച്ച നാഗാർജുന ബാലതാരമായാണ് സിനിമയിലേക്കെട്ടിയത്. 1986ൽ വിക്രം എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് എൺപതുകളുടെ അവസാനവും തൊണ്ണൂറുകളിലുമായി നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹത്തിന്റേതായി എത്തി.

സിനിമ കരിയറിനൊപ്പം സംരംഭക രംഗത്തും സജീവമായ താരം മികച്ച നിക്ഷേപങ്ങളിലൂടെ നേട്ടം കൊയ്തു. സ്വന്തമായി അന്നപൂർണ സ്റ്റുഡിയോസ് എന്നപേരിൽ പ്രൊഡക്ഷൻ കമ്പനിയുള്ള നാഗാർജുന മാ ടിവി ചാനലിന്റെ പ്രധാന ഓഹരി ഉടമ കൂടിയായിരുന്നു. ഈ ചാനൽ സ്റ്റാർ ഗ്രൂപ്പിന് വിറ്റതോടെ താരം വൻ നേട്ടം കൊയ്തു. ബിഗ് ബോസ് ഷോക അവതാരകനായും അദ്ദേഹം വലിയ വരുമാനമുണ്ടാക്കി. സ്പോർട്സ് രംഗത്തും താരത്തിന് വൻ നിക്ഷേപമുണ്ട്. ഇന്ത്യൻ ബാഡ്മിന്റൻ ലീഗിൽ മുംബൈ മാസ്‌റ്റേഴ്‌സിന്റേയും, ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റേയും സഹഉടമയായിരുന്നു അദ്ദേഹം.
എൻ 3 റിയൽ എസ്റ്റേറ്റ് എന്റർപ്രൈസസ് എന്ന റിയൽറ്റി കമ്പനിയിലൂടെ നാഗാർജുന റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിനും പേരുകേട്ട താരമാണ്. ഹൈദരാബാദിലെ താരത്തിന്റെ ബംഗ്ലാവിന്റെ മാത്രം മൂല്യം 45 കോടി രൂപയാണ്. റിയൽ എസ്‌റ്റേറ്റ് രംഗത്ത് മാത്രം അദ്ദേഹത്തിന് 800 കോടി രൂപയോളം ആസ്തിയുണ്ട്. ആഢംബര കാറുകളാണ് താരത്തിന്റെ മറ്റൊരും കമ്പം. 1ബിഎംഡബ്ല്യു 7 സീരീസ്, ഔഡി എ7, റേഞ്ച് റോവർ വോഗ്, ടൊയോട്ട വെൽഫയർ തുടങ്ങി നിരവധി വാഹനങ്ങൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതിനെല്ലാം പുറമേ കോടിക്കണക്കിന് വില വരുന്ന പ്രൈവറ്റ് ജെറ്റും താരത്തിനു സ്വന്തമാണ്.
Telugu superstar Akkineni Nagarjuna has a net worth of ₹3100 crore, earned through his successful film career, business ventures, and real estate investments.