ടൂറിസം മേഖല സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് വലിയ സംഭാവനയാണ് നൽകുന്നത്. വടക്കൻ കേരളത്തിലും മലഭാറിലും നിരവധി ടൂറിസം കേന്ദ്രങ്ങളുണ്ട്. അവയെല്ലാം സഞ്ചാരികളുടെ ശ്രദ്ധയിലേക്കും ലോക ശ്രദ്ധയിലേക്കും എത്തിക്കുന്നതിനുള്ള നടപടികളാണ് ഗവൺമെന്റ് നിലവിൽ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഏഷ്യയിലെതന്നെ ഏറ്റവും നീളമേറിയ ഡ്രൈവ് ഇൻ ബീച്ചായ കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് ആദ്യ ഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി സഞ്ചാരികൾക്കായി സമർപ്പിച്ചത്. മുഴപ്പിലങ്ങാട്-ധർമടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയിലൂടെ വിനോദസഞ്ചാരികളുടെ എണ്ണത്തിലും വരുമാനത്തിലും വലിയ വർധനയാണ് ടൂറിസം വകുപ്പ് പ്രതീക്ഷിക്കുന്നത്.

ബീച്ചിനോടു ചേർന്ന് ഒരു കിലോമീറ്ററിലാണ് ആദ്യഘട്ടമായി നവീകരണവും സൗന്ദര്യവത്കരണവും പൂർത്തിയായത്. 79.5 കോടി രൂപ ചിലവിലാണ് ആദ്യ ഘട്ട നവീകരണം. നിലവിൽ 62 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടന്ന നവീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. 1.5 കിലോമീറ്റർ നീളത്തിൽ നടപ്പാത, കുട്ടികൾക്കുള്ള കളിസ്ഥലം, ശൗചാലയം, ഇരിപ്പിടങ്ങൾ, അലങ്കാര വിളക്കുകൾ കിയോസ്കുകൾ, വാഹന പാർക്കിംഗ് സൗകര്യം, ശില്പങ്ങൾ, ഫ്ളോട്ടിംഗ് ഡക്ക്, മ്യൂസിക് ഫൗണ്ടെയിൻ, ജോഗിംഗ് ആൻഡ് സൈക്ലിംഗ് ട്രാക്ക്, ഗസീബോ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്. സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിലെ നാഴികക്കല്ലാണ് പദ്ധതിയെന്നും സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കടൽത്തീരം തേടി ആഭ്യന്തര സഞ്ചാരികൾക്കൊപ്പം വിദേശികളുമെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസ്റ്റുകൾക്ക് ബീച്ചിലൂടെ ഡ്രൈവ് ചെയ്യുക എന്നത് വലിയൊരു ഹരമായി മാറുന്നു. ആ സാധ്യത പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ആഭ്യന്തര സഞ്ചാരികളെയും വിദേശ സഞ്ചാരികളെയും കൂടുതലായി ആകർഷിക്കാൻ ബീച്ചിന് കഴിയും. ഇതോടൊപ്പം ധർമ്മടം ബീച്ചിലും ധർമടം ദ്വീപിലും നവീകരണം ഉണ്ടാകും. നവീകരണവും വികസനവും ശരിയായ രീതിയിൽ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു. സംസസ്ഥാനത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ട്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനുള്ള നൂതന പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്. ടെലി ടൂറിസം, ക്രൂയിസ് ടൂറിസം, സീ പ്ലെയിൻ, കാരവാൻ ടൂറിസം, തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

233.71 കോടി രൂപ ചിലവിട്ടുള്ള മുഴപ്പിലങ്ങാട്-ധർമടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതി 2026 ഡിസംബറോടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കാനാണ് ശ്രമം. ബീച്ച് വിനോദങ്ങൾക്കുള്ള സജ്ജീകരണം, ദേശാടനപ്പക്ഷികൾ വന്നു ചേരുന്ന ധർമ്മടം ഐലൻഡിൽ നേച്ചർ ഹബ്ബ്, അണ്ടർ വാട്ടർ സ്കൾപ്ചർ ഗാർഡൻ, എലവേറ്റട് നേച്ചർ വാക്ക് വാട്ടർസ്പോർട്സ്, ധർമടം ബീച്ചും തുരുത്തുമായി ബന്ധിപ്പിച്ചുള്ള സർക്യൂട്ട് എന്നിവയും പദ്ധതി പൂർത്തിയാകുമ്പോൾ യാഥാർഥ്യമാകും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല. ഭൂമി ഏറ്റെടുത്ത് ബീച്ചിലേക്കത്താനുള്ള റോഡ് വീതികൂട്ടാനും പദ്ധതിയുണ്ട്.
Explore the growing tourism potential of Muzhappilangad Beach, Asia’s longest drive-in beach, with new renovations and visitor attractions.