പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ്. പാക്കിസ്താൻ, പാക് അധിനിവേശ കാശ്മീർ എന്നിവിടങ്ങളിലെ 9 തീവ്രവാദ കേന്ദ്രങ്ങളാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്തത്. റാഫേൽ ജെറ്റുകൾ, സ്കാൽപ് മിസൈലുകൾ, ഹാമ്മർ ബോംബുകൾ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ തിരിച്ചടി. പാക് ഭീകര കേന്ദ്രങ്ങൾ തകർത്തു തരിപ്പണമാക്കാൻ ഇവയ്ക്കായി.

പാക് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്താനാണ് റാഫേൽ ജെറ്റുകൾ ഉപയോഗിച്ചത്. റാഫേൽ യുദ്ധവിമാനങ്ങളിൽ സജ്ജീകരിച്ച സ്കാൽപ് ക്രൂയിസ് മിസൈലുകളും ഹാമ്മർ പ്രിസിഷൻ-ഗൈഡഡ് യുദ്ധോപകരണങ്ങളും ഇന്ത്യയുടെ പ്രധാന ആയുധങ്ങളാണ്. ഭീകരരെ മാത്രം ലക്ഷ്യംവെച്ച് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായാണ് ഇന്ത്യ ഈ കൃത്യതയുള്ള ആയുധങ്ങൾതന്നെ ഉപയോഗിച്ചത്.
300 കിലോമീറ്റർ ദൂരം പ്രഹര ശേഷിയുള്ള ക്രൂയിസ് മിസൈലാണ് സ്കാൽപ്. സ്റ്റെൽത്ത് സവിശേഷതകൾക്ക് പേരുകേട്ട ഇവയ്ക്ക് സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്റർ വരെ ഉയരത്തിലുള്ള ലക്ഷ്യം ഭേദിക്കാൻ കഴിയും. ഹൈലി അജൈൽ മോഡുലാർ അമ്യൂണിഷൻ എക്സ്റ്റൻഡഡ് റേഞ്ച് അഥവാ ഹാമ്മറുകൾക്ക് 70 കിലോമീറ്റർ വരെയാണ് പ്രഹരശേഷി. സാധാരണ ബോംബുകളിൽ ഘടിപ്പിക്കാവുന്ന മോഡുലാർ കിറ്റായ ഹാമ്മറുകൾ എയർ ടു ഗ്രൗണ്ട് യുദ്ധോപകരണമാണ്. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്നതും ഏറ്റവും കൃത്യതയോടെ പ്രവർത്തിക്കുന്നതുമായ യുദ്ധോപകരണമാണ് ഇവ.
India used Rafale jets with Scalp missiles and HAMMER bombs to strike terror bases in Pakistan and PoK during Operation Sindoor, focusing on precision and minimizing civilian casualties.