സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി പൗർണമി നെയ്യ് അഥവാ ‘ഫുൾ മൂൺ ഗീ’. പൂനെ ആസ്ഥാനമായുള്ള ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ് നിർമ്മിക്കുന്ന ഈ നെയ്യ് പൗർണമി ദിനത്തിൽ മാത്രമാണ് തയ്യാറാക്കുന്നതെന്നാണ് കമ്പനി അവകാശവാദം. പൗർണമിയുടെ ഊർജ്ജവും പോസിറ്റിവിറ്റിയും പകരാൻ പ്രത്യേക ജൈവ ഉൽപ്പന്നത്തിനു കഴിയും എന്ന് കമ്പനി പറയുന്നു. ഇങ്ങനെ പ്രത്യേകതകൾ ഉള്ളതുകൊണ്ടുതന്നെ സ്വൽപം കൂടിയ വിലയും കമ്പനി ഉത്പന്നത്തിന് നൽകുന്നു-500 മില്ലി ജാറിന് 2,495 രൂപ! ഈ മാർക്കറ്റിംഗ് ആശയം കൊണ്ട് സമൂഹമാധ്യമമായ എക്സിൽ അടക്കം ഉത്പന്നത്തെക്കുറിച്ച് വമ്പൻ ചർച്ചകളാണ് നടക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിൽ ഒന്നായ സെറോദയുടെ സ്ഥാപകനും ശതകോടീശ്വരനുമായ നിതിൻ കാമത്തിന് നിക്ഷേപമുള്ള കമ്പനിയാണ് ടൂ ബ്രദേഴ്‌സ് ഓർഗാനിക് ഫാംസ്. വർഷത്തിൽ 12 തവണ, പൗർണമി സമയത്ത് മാത്രമേ ഫുൾ മൂൺ ഗീ തയ്യാറാക്കാറുള്ളൂ എന്നാണ് കമ്പനി പറയുന്നത്. പാരമ്പര്യം മുറുകെപ്പിടിച്ച് ശ്രദ്ധയോടെ നിർമ്മിച്ച അപൂർവ നെയ്യ് ആരോഗ്യ ഗുണങ്ങളിൽ മുന്നിട്ടു നിൽക്കുന്നതായി കമ്പനി വെബ്‌സൈറ്റിലൂടെ അവകാശപ്പെടുന്നു.
ഗിർ പശുക്കളുടെ പാലിൽ നിന്നാണ് ഈ നെയ്യ് നിർമിക്കുന്നതെന്ന് വെബ്സൈറ്റിൽ പറയുന്നു. പൗർണമി ഘട്ടത്തിൽ കടഞ്ഞെടുക്കുന്ന നെയ്യ് രാത്രി ആകാശത്തിന്റെ ഊർജ്ജവും പോസിറ്റീവിറ്റിയും ആഗിരണം ചെയ്യുന്നു എന്നൊക്കെ വമ്പൻ വിവരണവും ഉണ്ട്. ഭക്ഷണം എന്നതിലുപരി ഈ നെയ്യ് ഒരു ഇന്ദ്രിയാനുഭവം ആണെന്നാണ് കമ്പനി സഹസ്ഥാപകനായ സത്യജിത് ഹാംഗെ പറയുന്നത്. പുരാതന ആയുർവേദ അമൃതം എന്നാണ് കമ്പനി വെബ്സൈറ്റിൽ ഉത്പന്നത്തിനു നൽകുന്ന വിശേഷണം. പൂർണ്ണചന്ദ്രനു കീഴിൽ ഉൽപ്പന്നം നിർമ്മിക്കുന്നത് അതിന്റെ വീര്യം വർദ്ധിപ്പിക്കുമെന്നും വെബ്‌സൈറ്റ് കൂട്ടിച്ചേർത്തു.
ഉത്പന്നത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ എത്തുന്നത്. സംഭവം ഉത്പന്നത്തിന്റെ വിലകൂട്ടി വിൽപന നടത്താനുള്ള വെറും മാർക്കറ്റിങ് തന്ത്രം മാത്രമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്. സംഭവം മൊത്തത്തിൽ ക്രിഞ്ച് ആണെന്നും നിരവധി പേർ അഭിപ്രായപ്പെടുന്നു. ഉപയോക്താക്കളെ വിഡ്ഢികളാക്കുന്ന തരത്തിലുള്ള ഇത്തരം മാർക്കറ്റിങ് നിരുത്സാഹപ്പെടുത്തണം എന്നും ചിലർ കമന്റ് ചെയ്യുന്നു.