തമിഴ് സൂപ്പർതാരം അജിത് കുമാർ കഴിഞ്ഞ ദിവസം പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി വാർത്തകളിൽ ഇടംപിടിച്ചു. ദശലക്ഷക്കണക്കിന് ആരാധകരുള്ള താരം “തല” എന്ന പേരിലാണ് ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. 30 വർഷത്തിലേറെ നീണ്ട കരിയറിൽ മികച്ച വ്യക്തിത്വം കൊണ്ടും സിനിമകൾക്കപ്പുറം നീളുന്ന കാറോട്ടം പോലുള്ള കമ്പം കൊണ്ടും താരം ശ്രദ്ധേയനായി.
1971 മെയ് 1ന് തെലങ്കാനയിലെ സെക്കന്തരാബാദിൽ തമിഴ് അയ്യങ്കാർ കുടുംബത്തിലായിരുന്നു അജിത്തിന്റെ ജനനം. അജിത്തിന്റെ പിതാവ് പാലക്കാട് വേരുകളുള്ള തമിഴനാണ്, മാതാവ് സിന്ധി വംശജയും. ഹൈദരാബാദിൽ ജനിച്ച അദ്ദേഹം എന്നാൽ ചെന്നൈയിലാണ് അദ്ദേഹം വളർന്നത്. ചെറുപ്പം മുതലേ മോട്ടോർ റേസിംഗിൽ താത്പര്യം കാണിച്ച അദ്ദേഹം ഇംഗ്ലണ്ടിൽ ഫോർമുല ടു റേസിംഗ് പോലുള്ള വമ്പൻ ടൂർണമെന്റുകൾ പൂർത്തിയാക്കി.
1993ൽ പുറത്തിറങ്ങിയ അമരാവതി എന്ന ചിത്രത്തിലൂടെയാണ് അജിത് നായകനായി അരങ്ങേറ്റം കുറിച്ചത്. എന്നാൽ 1995ൽ പുറത്തിറങ്ങിയ മണിരത്നം നിർമ്മിച്ച് വസന്ത് സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലറായ ആസൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തമിഴ്ല പ്രേക്ഷകർക്ക് സുപരിചിതനായത്. വൻ വിജയമായ ചിത്രത്തിലൂടെ ഒറ്റ രാത്രി കൊണ്ട് അദ്ദേഹം താരമായി മാറി. തുടർന്ന് കാതൽ കോട്ടൈ, വാലി, വില്ലൻ, വരലാരു , ബില്ല, മങ്കാത്ത എന്നിങ്ങനെ നിരവധി ബ്ലോക്ക്ബസ്റ്ററുകൾ താരം സമ്മാനിച്ചു.
1999ൽ അമർകളം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത് നടി ശാലിനിയുമായി പ്രണയത്തിലാകുന്നത്. 2000ൽ ഇരുവരും വിവാഹിതരായി. ഇവർക്ക് രണ്ട് കുട്ടികളുണ്ട് – മകൾ അനുഷ്കയും മകൻ ആദ്വിക്കും. അഭിനയത്തിനു പുറമേ കാർ റേസിംഗ് രംഗത്തും തത്പരനായ അദ്ദേഹം വ്യോമയാന രംഗത്തും കഴിവ് തെളിയിച്ചു. സർട്ടിഫൈഡ് പൈലറ്റ് കൂടിയാണ് അജിത്.
ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുഴുകുന്ന താരം നിരവധി വിദ്യാഭ്യാസ, ആരോഗ്യ പദ്ധികൾക്ക് സഹായം നൽകിപ്പോരുന്നു. വിവിധ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 350 കോടി രൂപയോളമാണ് അദ്ദേഹത്തിന്റെ ആസ്തി. താരം ഒരു ചിത്രത്തിന് നൂറ് കോടി രൂപ വരെ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്. നിരവധി ആഢംബര-റേസിങ് കാറുകളും ബൈക്കുകളും സ്വന്തമായുള്ള താരത്തിന് 25 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റുമുണ്ട്.
Tamil superstar Ajith Kumar receives Padma Bhushan for his contributions to cinema and motorsports.