ഇന്ത്യ-പാക് സംഘർഷം ലഘൂകരിക്കുന്നതിനായി ഇറാൻ, യുഎഇ, സൗദി അറേബ്യ, ചൈന, ഖത്തർ തുടങ്ങിയ രാജ്യങ്ങളുമായി നയതന്ത്ര ചർച്ചകൾ നടത്തി പാകിസ്ഥാൻ. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ആണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളാകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ രാജ്യങ്ങളുമായി പാക് ചർച്ചകളെന്ന് ആസിഫ് പറഞ്ഞു. സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ-ജുബൈർ ന്യൂഡൽഹി സന്ദർശനത്തിന് ശേഷം ഇസ്ലാമാബാദിൽ എത്തിയപ്പോഴാണ് ആസിഫിന്റെ പ്രസ്താവനകൾ വന്നത്.
ഇന്ത്യ അടുത്തിടെ പാകിസ്ഥാനിലേക്ക് അയച്ച ചില ഡ്രോണുകൾ ആക്രമണങ്ങൾക്ക് ഉദ്ദേശിച്ച് ഉള്ളവ ആയിരുന്നില്ല എന്നും രഹസ്യാന്വേഷണ ആവശ്യങ്ങൾക്കായി ഉള്ളവ ആയിരുന്നെന്നും ആസിഫ് പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിൽ ഇന്ത്യ അയച്ച 29 ഡ്രോണുകൾ തടഞ്ഞതായും 48 എണ്ണം വെടിവെച്ചിട്ടതായും മന്ത്രി അവകാശപ്പെട്ടു. അതേസമയം, ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇന്നലെ രാത്രി ലേ മുതൽ സർ ക്രീക്ക് വരെയുള്ള 36 സ്ഥലങ്ങളിലായി പാകിസ്ഥാൻ 300-400 ഡ്രോണുകൾ അയച്ചതായും ഇന്ത്യൻ സൈന്യം ഡ്രോണുകൾ വെടിവെച്ചിട്ടതായും സൈനിക വൃത്തങ്ങൾ അറിയിച്ചു.