മുടിവെട്ടാൻ എത്ര രൂപയാകും? 100 രൂപ മുതൽ ആയിരങ്ങൾ വരെ മുടിവെട്ടിന് വാങ്ങുന്ന ബാർബർ ഷോപ്പുകളും ബ്യൂട്ടി സലൂണുകളും നമ്മുടെ നാട്ടിലുണ്ട്. എന്നാൽ ആലിം ഹക്കീം എന്ന സെലിബ്രിറ്റി ബാർബർ മുടിവെട്ടാൻ ഈടാക്കുന്നത് ചുരുങ്ങിയത് ഒരു ലക്ഷം രൂപയാണ്! വ്യത്യസ്തനാമൊരു ബാർബറാം ആലിമിനെ കുറിച്ചറിയാം.
ബോളിവുഡ് താരങ്ങൾ മുതൽ ക്രിക്കറ്റ് താരങ്ങൾ വരെയുള്ള സെലിബ്രിറ്റികളുടെ സ്റ്റൈലിസ്റ്റ് ആണ് ആലിം ഹക്കീം. ഈ ഒരു ലക്ഷം എന്നത് ആലിമിന്റെ സർവീസിനുള്ള എൻട്രി ഫീസ് മാത്രമാണത്രേ. മുഖത്തും മുടിയിലും സ്റ്റൈൽ കൂട്ടുന്നതിന് അനുസരിച്ച് ആലിമിന്റെ ചാർജും ഉയർന്നുകൊണ്ടിരിക്കും. ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ മുതൽ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി വരെ നീളുന്നതാണ് ആലിമിന്റെ സെലിബ്രിറ്റി ക്ലൈൻ്റ്സ്. അഥവാ സെലിബ്രിറ്റി ക്ലൈൻ്റ്സിനു മാത്രമേ ആലിമിന്റെ ഭീമൻ ചാർജ് താങ്ങാനാകുള്ളൂ എന്നും പറയാം. കട്ടിങ് എഡ്ജ് സ്റ്റൈൽ കൊണ്ടാണ് ആലിം ഈ എലീറ്റ് സെലിബ്രിറ്റികളെ വശത്താക്കി അവരുടെ ഇഷ്ട ബാർബറായത്.

ആലിമിന്റെ സലൂണിലെ സീനിയർ സ്റ്റൈലിസ്റ്റുകൾ പോലും ഒറ്റ കട്ടിന് 20000 രൂപയൊക്കെയേ വാങ്ങുന്നുള്ളൂ! അൾട്ടിമേറ്റ് സ്റ്റൈൽ എക്സ്പേർട്ട് എന്ന പേരും കസ്റ്റമൈസ്ഡ് സ്റ്റൈലിങ് രീതിയും കൊണ്ടാണത്രേ ആലിമിന് ഇത്രയും ചാർജ്. വിരാട് കോഹ്ലിയുടെ ഹെയർ-ബീയർഡ് സ്റ്റൈൽ പോലുള്ള നിരവധി ഐക്കോണിക് സ്റ്റൈലുകളാണ് ആലിം ഇതുവരെ സമ്മാനിച്ചിട്ടുള്ളത്. ആഗോളതലത്തിൽ പോലും ഏറ്റവും ചാർജ് ഈടാക്കുന്ന ബാർബറാണ് ആലിമെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വൻ ഫീസ് വാങ്ങുന്നതിലൂടെ പ്രീമിയം സ്റ്റാറ്റസ് നിലനിർത്താനാകും എന്നാണ് ഇതേക്കുറിച്ച് ആലിം പ്രതികരിച്ചത്.
Celebrity hairstylist Aalim Hakim charges ₹1 lakh per haircut, making him India’s most expensive barber, with a clientele including Bollywood stars and cricketers.