ചിന്തകൾ കൊണ്ടും കരിയർ കൊണ്ടും പ്രചോദനം നിറഞ്ഞ ജീവിതമാണ് ഗൂഗിൾ-ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടേത്. ടെക് കമ്പനികളുടെ മത്സരാധിഷ്ഠിത ലോകത്ത് സിഇഓമാരുടെ ശമ്പളം പലപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റുന്നത് റെക്കോർഡ് ശമ്പളം കൊണ്ടല്ല, മറിച്ച് വിപരീത കാരണം കൊണ്ടാണ്. 2024ൽ പിച്ചൈയുടെ ശമ്പളാടിസ്ഥാനത്തിലുള്ള വരുമാനം വൻ തോതിൽ കുറഞ്ഞു. പക്ഷേ അതിനർത്ഥം കമ്പനി അദ്ദേഹത്തിനുവേണ്ടി പണം ചിലവഴിക്കുന്നത് കുറച്ചു എന്നല്ല.
പിച്ചൈയുടെ ഔദ്യോഗിക ശമ്പളത്തിന്റെ കാര്യത്തിൽ കുറവ് കാണാമെങ്കിലും ആൽഫബെറ്റ് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷയുടെ കാര്യത്തിലേക്ക് പണമൊഴുക്കുകയാണ്. ഇതിലെ സന്ദേശം വ്യക്തമാണ്, ബോർഡ് റൂമിലായാലും യാത്രയിലായാലും പിച്ചൈ കമ്പനിക്ക് അത്യന്താപേക്ഷിതമായി തുടരുന്നു. ആൽഫബെറ്റിന്റെ 2025 പ്രോക്സി സ്റ്റേറ്റ്മെന്റ് ആണ് ഇതുസംബന്ധിച്ച വ്യക്തമായ ചിത്രം നൽകുന്നത്. സുന്ദർ പിച്ചൈയുടെ ശമ്പത്തിലെ മാറ്റത്തെക്കുറിച്ചു മാത്രമല്ല, അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് കമ്പനി എത്രത്തോളം പ്രാധാന്യം നൽകുന്നു എന്നതിനെക്കുറിച്ചുള്ള തെളിവ് കൂടിയാണ് പ്രോക്സി സ്റ്റേറ്റ്മെന്റ്.
2024ലെ കണക്ക് പ്രകാരം സുന്ദർ പിച്ചൈയുടെ പ്രതിഫലം 10.72 മില്യൺ ഡോളറാണ്. 2022ലെ 226 മില്യൺ ഡോളറിൽ നിന്ന് വലിയ ഇടിവാണ് ഔദ്യോഗിക പ്രതിഫലത്തിൽ ഉണ്ടായത്. എന്നാൽ ഈ വിടവിന് വ്യക്തമായ കാരണമുണ്ട്: മൂന്ന് വർഷത്തിലൊരിക്കൽ മാത്രമുള്ള വമ്പിച്ച ത്രിവത്സര സ്റ്റോക്ക് അവാർഡ് അദ്ദേഹം ഇതുവരെ കൈപ്പറ്റിയിട്ടില്ല. ഇതായിരുന്നു അദ്ദേഹത്തിന്റെ മുൻ ശമ്പളം വർദ്ധിപ്പിച്ചത്. അദ്ദേഹത്തിന്റെ അടിസ്ഥാന ശമ്പളം 2 മില്യൺ ഡോളറായിത്തന്നെ തുടരുന്നു. ബാക്കി വരുമാനം സ്റ്റോക്കുമായി ബന്ധപ്പെട്ടും മറ്റ് കമ്പനി ആനുകൂല്യങ്ങളിൽ നിന്നുമാണ്.
പിച്ചൈയുടെ ഔദ്യോഗിക ശമ്പളം കുറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ സുരക്ഷയ്ക്കായി ആൽഫബെറ്റ് ചിലവഴിക്കുന്ന തുക വർദ്ധിപ്പിച്ചു. 2024ൽ, കമ്പനി അദ്ദേഹത്തിന്റെ വ്യക്തിഗത സംരക്ഷണത്തിനായി 8.27 മില്യൺ ഡോളറാണ് ചിലവഴിച്ചത്. 2023ൽ ചിലവഴിച്ച 6.78 മില്യൺ ഡോളറിൽ നിന്ന് 22% വർധനയാണ് സുരക്ഷാച്ചിലവിൽ ഉണ്ടായത്. വർഷം മുഴുവനും പിച്ചൈ നടത്തുന്ന കനത്ത യാത്രാ ഷെഡ്യൂൾ മൂലമാണ് ഈ വർധന ഉണ്ടായതെന്ന് ആൽഫബെറ്റ് വൃത്തങ്ങൾ അറിയിച്ചു.
റെസിഡൻഷ്യൽ സെക്യൂരിറ്റി, കൺസൾട്ടേഷൻ ഫീസ്, സുരക്ഷാ നിരീക്ഷണ സേവനങ്ങൾ, കാർ, ഡ്രൈവർ സേവനങ്ങൾ, എല്ലാ യാത്രകളിലും വ്യക്തിഗത സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള ചിലവാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഈ അധിക സുരക്ഷാ ക്രമീകരണങ്ങൾ സുന്ദറിന് വ്യക്തിപരമായ നേട്ടമായി കമ്പനി കണക്കാക്കുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച സുന്ദർ പിച്ചൈ ഇടത്തരം കുടുംബത്തിലാണ് വളർന്നത്. അദ്ദേഹത്തിന്റെ പിതാവ് രഘുനാഥ പിച്ചൈ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു. ഇതിനു പുറമേ അദ്ദേഹം ഇലക്ട്രിക്കൽ ഭാഗങ്ങൾ നിർമ്മിക്കുന്ന ചെറിയ യൂണിറ്റും നടത്തിയിരുന്നു. അമ്മ ലക്ഷ്മി സ്റ്റെനോഗ്രാഫറായി ജോലി ചെയ്തു. ചെന്നൈ അശോക് നഗറിലെ ജവഹർ വിദ്യാലയ സീനിയർ സെക്കൻഡറി സ്കൂൾ, വാന വാണി സ്കൂൾ എന്നിവിടങ്ങളിലായി പഠിച്ച അദ്ദേഹം ഐഐടി ഖരഗ്പൂരിൽ നിന്ന് മെറ്റലർജിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടി.
തുടർന്ന് പിച്ചൈ ഉന്നത പഠനത്തിനായി യുഎസ്സിലെത്തി. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെറ്റീരിയൽ സയൻസിലും എഞ്ചിനീയറിംഗിലും ബിരുദാനന്തര ബിരുദം നേടിയ പിച്ചൈ പിന്നീട് പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎ പൂർത്തിയാക്കി. അവിടെ അക്കാദമിക് മികവിന് സീബൽ സ്കോളറായും പാമർ സ്കോളറായും അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു.
വാർഷിക ശമ്പളത്തിൽ കുറവുണ്ടായെങ്കിലും സുന്ദർ പിച്ചൈയുടെ സാമ്പത്തിക സ്ഥിതി ഉയർന്ന നിലയിൽ തന്നെയാണ്. ഫോർബ്‌സിന്റെ 2025 ഏപ്രിലിലെ റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 1.1 ബില്യൺ ഡോളറാണ്.
Google CEO Sundar Pichai’s net worth is estimated at $1.1 billion, with his 2024 salary at $10.72 million, reflecting a shift in Alphabet’s executive compensation strategy.