ടെമെരാരിയോ എന്ന സൂപ്പർകാർ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഇറ്റാലിയൻ ആഢംബര കാർ നിർമാതാക്കളായ ലംബോർഗിനി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച ലംബോർഗിനി ടെമെരാരിയോയ്ക്ക് ആറ് കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മോണ്ടെറി കാർ വീക്കിൽ ലംബോർഗിനി ഹുറാകാൻ എന്ന പെർഫോർമൻസ് വാഹനത്തിന്റെ പിൻഗാമിയായാണ് കമ്പനി ടെമെരാരിയോ ആദ്യമായി അവതരിപ്പിച്ചത്.
ശ്രദ്ധേയമായ സൗന്ദര്യശാസ്ത്രവും നൂതന എയറോഡൈനാമിക്സും ലയിപ്പിച്ച ഡിസൈൻ സമീപനമാണ് ടെമെരാരിയോയുടെ സവിശേഷത. മുൻവശത്തെ ബോൾഡ് ഷാർക്ക്-നോസ് ഡിസൈൻ ഇതിൽ എടുത്തു പറയേണ്ടതാണ്. ലംബോർഗിനിയുടെ മുൻനിര മോഡലായ റെവൽറ്റോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ടെമെരാരിയോയുടെ ഇന്റീരിയർ. ആഡംബരവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ഡ്രൈവർ-ഫോക്കസ്ഡ് കോക്ക്പിറ്റ് ആണ് വാഹനത്തിനുള്ളത്. ക്യാബിനിൽ ഡ്രൈവർക്കായി 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.4 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ, യാത്രക്കാർക്ക് 9.1 ഇഞ്ച് ഡിസ്‌പ്ലേ എന്നിവയുണ്ട്.
പെട്രോൾ എൻജിനൊപ്പം ഹൈബ്രിഡ് സംവിധാനവും ഒരുക്കിയാണ് ടെമെരാരിയോ എത്തുന്നത്. ട്വിൻ-ടർബോചാർജ്ഡ് 4.0 ലിറ്റർ V8 എഞ്ചിൻ ഉള്ള വാഹനം മൂന്ന് ഇലക്ട്രിക് മോട്ടോറും ഒരു ബാറ്ററിയും ഉൾപ്പെടുന്ന ഹൈബ്രിഡ് സംവിധാനത്തിലും എത്തുന്നു. 920 എച്ച്പി പവറും 800 എൻഎം ടോർക്കുമുള്ള വാഹനത്തിന് എയിറ്റ് സ്പീഡ് ഡ്യുവൽ ക്ലെച്ച് ട്രാൻസ്മിഷനാണ് ഉള്ളത്. ടെമെരാരിയോ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 2.7 സെക്കൻഡ് മതി. 340 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. ഹൈബ്രിഡ് സജ്ജീകരണത്തിന് കരുത്ത് പകരുന്നത് 3.8 കിലോവാട്ട് ലിഥിയം-അയൺ ബാറ്ററിയാണ്. ഇത് ഏഴ് കിലോവാട്ട് ചാർജർ വഴി വെറും 30 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാൻ സാധിക്കും.
Lamborghini Temerario launched in India at Rs 6 crore. Discover its specs, performance, and luxury features.