ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ പാകിസ്ഥാന് വൻ നാശനഷ്ടങ്ങൾ. പാക് സൈനിക താവളങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ പാക് വ്യോമസേനയുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഏകദേശം 20 ശതമാനവും നിരവധി പിഎഎഫ് യുദ്ധവിമാനങ്ങളും തകർത്തതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. പാക് വ്യോമസേനയുടെ എഫ്-16, ജെ-17 യുദ്ധവിമാനങ്ങൾ ഇന്ത്യ തകർത്തതായും ഒദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് 70 രാജ്യങ്ങളുടെ പ്രതിനിധികളോട് ഇന്ത്യൻ സേന നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെയും സാധാരണ പ്രദേശങ്ങളെയും സായുധ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിക്കാനുള്ള പാകിസ്ഥാൻ ശ്രമങ്ങൾക്ക് തിരിച്ചടിയായാണ് പാക് വ്യോമസേനയുടെ എഫ്-16, ജെ17 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന സർഗോധ, ബൊളാരി തുടങ്ങിയ വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. സിന്ധിലെ ജംഷോറോ ജില്ലയിലെ ബൊളാരി വ്യോമതാവളത്തിൽ നടത്തിയ ആക്രമണത്തിൽ പാക് സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫും നാല് വ്യോമസേനാംഗങ്ങളും ഉൾപ്പെടെ 50 ലധികം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി പിഎഎഫ് യുദ്ധവിമാനങ്ങൾ തകർത്തതായി വൃത്തങ്ങൾ അറിയിച്ചു. ചക്ലാലയിലെ നൂർ ഖാൻ, ഷൊർക്കോട്ടിലെ റഫീഖി, ചക്വാളിലെ മുരിദ്, സുക്കൂർ, സിയാൽകോട്ട്, പസ്രൂർ, ചുനിയൻ, സർഗോധ, സ്കർദു, ഭോലാരി, ജേക്കബ്ബാദ് എന്നിവിടങ്ങളിലെ പാക് സൈനിക കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ടും ഇന്ത്യ ആക്രമണം നടത്തി.
ജേക്കബാബാദിലെ ഷഹബാസ് വ്യോമതാവളത്തിലുണ്ടായ നാശത്തിന്റെ വ്യാപ്തി ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളിൽനിന്നും വ്യക്തമാണ്. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ ഭീകരരുടെ നിരവധി ബങ്കറുകളും പാക് സൈനിക കേന്ദ്രങ്ങളും തകർന്നതായി വൃത്തങ്ങൾ അറിയിച്ചു. നിയന്ത്രണരേഖയിൽ പാകിസ്ഥാന് 35-40 സൈനികരെയും പാക് വ്യോമസേനയ്ക്ക് ഏതാനും വിമാനങ്ങളും നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ സൈനിക കമാൻഡർമാർ നേരത്തെ പറഞ്ഞിരുന്നു.
പാകിസ്ഥാൻ വ്യോമതാവളങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും ഇന്ത്യൻ വ്യോമസേന വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്ത നിരവധി പാക് ഡ്രോണുകളുടെയും മിസൈലുകളുടെയും ദൃശ്യ തെളിവുകൾ സായുധ സേന കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
India’s Operation Sindoor inflicts major damage on Pakistan Air Force bases and assets in retaliation for drone and missile attacks.